ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുളള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ തരൂര്‍ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പത്രികയില്‍ ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും ഭാഗങ്ങള്‍ ഇല്ലാത്തത് വിവാദമായി. പത്രികയില്‍ തെറ്റായ ഇന്ത്യന്‍ ഭൂപടം ഉള്‍പ്പെട്ടതില്‍ പിന്നീട് ശശി തരൂര്‍ ക്ഷമ ചോദിച്ചു.
ഭൂപടത്തിനെതിരെ വിമര്‍ശനം ഉയര്‍തോടെ എംപിയുടെ ഓഫീസ് പ്രകടന പത്രികയില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിന്റെ പ്രതികരണം എത്തിയിരിക്കുന്നത്. 'ആരും മനപൂര്‍വ്വം ഇത്തരം കാര്യങ്ങള്‍ ചെയ്യില്ല. പ്രവര്‍ത്തകരുടെ സംഘത്തിന് തെറ്റ് സംഭവിച്ചു. ഞങ്ങള്‍ അത് ഉടനടി തിരുത്തി. തെറ്റിന് നിരുപാധികം ക്ഷമ ചോദിക്കുന്നു'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
അതേസമയം സംഭവത്തില്‍ തരൂറിനെ വിമര്‍ശിച്ച് ബിജെപിയും രംഗത്തെത്തി. 'കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനാര്‍ത്ഥി ശശി തരൂര്‍ തന്റെ പ്രകടന പത്രികയില്‍ ഇന്ത്യയുടെ വികൃതമായ ഭൂപടം ഇടുന്നു. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയിലാണെന്ന് പറയുമ്പോള്‍, കോണ്‍ഗ്രസ് അധ്യക്ഷനാകാനുളള ആള്‍ ഇന്ത്യയെ ശിഥിലമാക്കാന്‍ ആഗ്രഹിക്കുന്നു'- ബിജെപി നേതാവ് അമിത് മാള്‍വിയ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡില്‍ നിന്നുള്ള കെ.എന്‍ ത്രിപാഠി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായുളള നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ട്ടി നേതാക്കളായ അശോക് ഗെലോട്ട്, ദിഗ് വിജയ് സിംഗ്, പ്രമോദ് തിവാരി, പി.എല്‍ പുനിയ, എകെ ആന്റണി, പവന്‍ കുമാര്‍ ബന്‍സാല്‍, മുകുള്‍ വാസ്‌നിക് എന്നിവരാണ് ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വം നിര്‍ദ്ദേശിച്ചത്.
ജി 23 നേതാക്കളായ ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി എന്നിവരും ഖാര്‍ഗെയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 20 വര്‍ഷത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഒക്ടോബര്‍ എട്ടാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.