തന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഭവവികാസങ്ങള്‍ കൊണ്ടുതന്നെ ശ്രദ്ധനേടിയതായിരുന്നു തിരുസഭയുടെ എഴുപത്തിയഞ്ചാമത്തെ തലവനായ വി. യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണം. അദ്ദേഹം തിരുസഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത് തന്റെ പിന്‍ഗാമിയായ മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ പ്രവാസത്തില്‍ ജീവിച്ചിരിക്കുമ്പോളാണ്. റോമിന്റെ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഏ.ഡി. 654 ആഗസ്റ്റ് 10-ാം തീയതി മാര്‍ട്ടിന്‍ പാപ്പാ അഭിഷേകം ചെയ്യപ്പെട്ടു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം സെപ്റ്റംബര്‍ 16-ാം തീയതിയാണ് മാര്‍ട്ടിന്‍ പാപ്പാ ദിവംഗതനായത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ തന്റെ സുഹൃത്തിന് എഴുതിയ ഒരു കത്തില്‍ തന്റെ സ്ഥാനത്ത് റോമിലെ സഭയെ നയിക്കുന്ന വ്യക്തിക്ക് പ്രാര്‍ത്ഥനകള്‍ നേരുന്നുവെന്ന് സൂചിപ്പിച്ചത് തന്റെ പിന്‍ഗാമിയായി ഒരാള്‍ റോമില്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം മാര്‍ട്ടിന്‍ പാപ്പായ്ക്ക് അറിയാമായിരുന്നുവെന്ന വസ്തുതയെ സൂചിപ്പുക്കുന്നു. എന്നാല്‍ മാര്‍ട്ടിന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തതിന് യാതൊരു തെളിവുമില്ല. അതിനാല്‍ തന്നെ വത്തിക്കാന്റെ ഔദ്യോഗിക രേഖകളനുസരിച്ച് മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണം അവസാനിച്ചത് ഏ.ഡി. 655 സെപ്റ്റംബര്‍ 16-ാം തീയതിയും യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ ഭരണം ആരംഭിച്ചത് ഏ.ഡി. 654 ആഗസ്റ്റ് 10-ാം തീയതിയുമാണ്. അതുകൊണ്ട് ഒരേസമയത്തുതന്നെ വി. പത്രോസിന്റെ സിംഹാസനം അലങ്കരിച്ചിരുന്ന നിയമാനുസൃതമായ രണ്ട് മാര്‍പ്പാപ്പമാര്‍ ഉണ്ടായിരുന്നു. മാര്‍ട്ടിന്‍ മാര്‍പ്പാപ്പയുടെ നീണ്ട പ്രവാസകാലം അദ്ദേഹത്തിന്റെ രാജിക്കു തുല്യമായിരുന്നുവെന്നും മാര്‍ട്ടിന്‍ പാപ്പാ ജീവിച്ചരിക്കുമ്പോള്‍ തന്നെ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ തിരഞ്ഞെടുപ്പ് അജപാലനപരമായി വിവേകപൂര്‍ണ്ണവും നിയമാനുസൃതവുമായിരിക്കുമെന്ന ദൈവശാസ്ത്രപരമായ സമീപനം പ്രസ്തുത പ്രത്യേക സാഹചര്യത്തില്‍ പിന്തുടര്‍ന്നു.
നാടുകടത്തപ്പെട്ട മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഇനിയൊരിക്കലും തിരിച്ചുവരുവാന്‍ സാധ്യതയില്ലയെന്നു മനസ്സിലാക്കുകയും അദ്ദേഹത്തിനായി ദീര്‍ഘകാലത്തോളം കാത്തിരുന്നാല്‍ അതിന്റെ പരിണിതഫലമെന്നോളം ചക്രവര്‍ത്തി ഒരു മോണൊതെലിറ്റിക്ക് പഠനങ്ങളെ പിന്തുടരുന്ന ഒരാളെ സഭയുടെ തലവനും മാര്‍പ്പാപ്പയുമായി അവരോധിക്കുമെന്നും ഭയന്ന റോമിലെ വൈദികസമൂഹവും സഭാനേതൃത്വവും സഭയെ നയിക്കുവാന്‍ പുതിയ ഒരു മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കുയെന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. തത്ഫലമായി ശാന്തനും വയോധികനുമായ പുരോഹിതനെ സഭയുടെ പുതിയ തലവനായി തിരഞ്ഞെടുത്തു. റോമും ചക്രവര്‍ത്തിയുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ലക്ഷ്യത്തോടെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടയുടനെ യൂജിന്‍ മാര്‍പ്പാപ്പ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് ദൂതന്മാരെ അയ്ച്ചു. എന്നാല്‍ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പുതിയ പാത്രിയാര്‍ക്കിസായ പീറ്റര്‍ മുന്നോട്ടുവെച്ച ക്രിസ്തുവിലെ രണ്ടു സ്വഭാവങ്ങള്‍ക്കും അതായത് ദൈവീകസ്വഭാവത്തിനും മാനുഷികസ്വഭാവത്തിനും വിത്യസ്തമായ ഇച്ഛാശക്തികളുണ്ടെന്നും എന്നാല്‍ ക്രിസ്തുവെന്ന ദൈവീകവ്യക്തിക്ക് ദൈവീക ഇച്ഛാശക്തി മാത്രമേയുള്ളുവെന്നുമുള്ള തത്വസംജ്ഞ അംഗീകരിക്കണമെന്ന നിബന്ധന മാര്‍പ്പാപ്പയുടെ അനുരജ്ഞനശ്രമങ്ങള്‍ക്ക് മറുപടിയായി മുന്നോട്ടുവെയ്ക്കുകയാണ് ചക്രവര്‍ത്തി ചെയ്തത്. പ്രത്യക്ഷത്തില്‍ ക്രിസ്തുവിന് മൂന്ന് ഇച്ഛാശക്തികളുണ്ട് എന്നാണ് പ്രസ്തുത തത്വസംജ്ഞ മുന്നോട്ടുവെച്ച ആശയം എങ്കിലും മാര്‍പ്പാപ്പയുടെ പ്രതിനിധികള്‍ പ്രസ്തുത സംജ്ഞ അംഗീകരിച്ചുകൊണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിന്റെ പാത്രിയാര്‍ക്കീസുമായി പുനഃരൈക്യത്തില്‍ ഏര്‍പ്പെട്ടു. പുനഃരൈക്യപ്പെട്ടതിനെ തുടര്‍ന്ന് തന്റെ വിശ്വാസം പ്രഖ്യാപിച്ചുകൊണ്ടുള്ള രേഖ മാര്‍പ്പാപ്പയെ ഏല്‍പ്പിക്കുവാനായിട്ട് അദ്ദേഹത്തിന്റെ ദൂതന്മാരുടെ കൈവശം കൊടുത്തയച്ചു.
പ്രസ്തുത വിശ്വാസപ്രഖ്യാപനം റോമിലെ സെന്റ മേരി മേജര്‍ ബസിലിക്കയില്‍വെച്ച് വായിച്ചപ്പോള്‍ റോമിലെ വൈദികസമൂഹവും വിശ്വാസിസമൂഹവും രോക്ഷാകുലരാവുകയും പീറ്റര്‍ പാത്രിയാര്‍ക്കീസ് മുന്നോട്ടുവെച്ച വിശ്വാസസംജ്ഞ നിരാകരിക്കുകയും തള്ളിപറയുകയും ചെയ്യുന്നതുവരെ വിശുദ്ധ കുര്‍ബാന തുടരുവാന്‍ വിശ്വാസിസമൂഹം മാര്‍പ്പാപ്പയെ അനുവദിച്ചില്ല. റോമിലെ വിശ്വാസിസമൂഹത്തിന്റെയും വൈദികസമൂഹത്തിന്റെയും ആവശ്യങ്ങള്‍ അംഗീകരിക്കുവാന്‍ യൂജിന്‍ മാര്‍പ്പാപ്പ തയ്യാറായി. ഇത് സഭയില്‍ മറ്റൊരു പിളര്‍പ്പിന് കാരണമായി. റോമും കോണ്‍സ്റ്റാന്റിനോപ്പിളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാവുകയും ചെയ്തു. അനന്തരഫലമായി മാര്‍ട്ടിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയോട് ചെയ്തുപ്പോലെതന്നെ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പയോടും ചെയ്യുമെന്ന് ചക്രവര്‍ത്തി മാര്‍പ്പാപ്പയെ ഭീഷണിപ്പെടുത്തി. എന്നാല്‍ ആസമയത്ത് ചക്രവര്‍ത്തിയുടെ ശ്രദ്ധ കോണ്‍സ്റ്റാന്റിനോപ്പിളിനെ ശത്രുക്കളുടെ യുദ്ധഭീഷണിയില്‍നിന്നും രക്ഷിക്കുന്നതിലായിരുന്നതിനാല്‍ മാര്‍പ്പാപ്പയ്‌ക്കെതിരായ നീക്കങ്ങളില്‍ താമസ്സം ഉണ്ടായി. മാര്‍പ്പാപ്പയ്‌ക്കെതിരായി ചക്രവര്‍ത്തി എന്തെങ്കിലും നീക്കങ്ങള്‍ നടത്തുന്നതിനു മുമ്പുതന്നെ യൂജിന്‍ ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 657 ജൂണ്‍ 2-ാം തീയതി ദിവംഗതനായി. അദ്ദേഹത്തിന്റെ ഭൗതിക ശരീരം റോമിലെ വി. പത്രോസിന്റെ ബസിലിക്കയില്‍ അടക്കം ചെയ്തു.
ഇതിനു മുന്പ് ഉള്ള മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ അമർത്തുക
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.