കൊച്ചി: വിവാഹിതയ്ക്ക് ഗർഭച്ഛിദ്രത്തിനു ഭര്‍ത്താവിന്റെ അനുമതിയോ അംഗീകാരമോ ആവശ്യമില്ലെന്ന തരത്തിലുള്ള പ്രചാരണം സമൂഹത്തില്‍ ആശങ്കകള്‍ സൃഷ്ടിക്കുമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഗര്‍ഭിണിയായ യുവതി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുവെന്നതിന്റെ പേരില്‍ അവരുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 21 ആഴ്ച വളര്‍ച്ചയുള്ള ശിശുവിനെ വേണ്ടെന്നു വയ്ക്കാമെന്ന വിധികള്‍ തെറ്റായ സന്ദേശമാണ് സമൂഹത്തിനു നല്‍കുന്നത്.
യുവതിയുടെ ജീവിത സുരക്ഷയെക്കാള്‍ ശിശുവിന്റെ ജീവനു വില കല്പിക്കാന്‍ വിധി പ്രസ്താവനകള്‍ക്കുസാധിക്കുന്നില്ലെന്നു പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ചൂണ്ടിക്കാട്ടി. ജനിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിലാണ് ഇത്തരമൊരു വിധി വരുന്നത്.
ആയിരക്കണക്കിന് ദമ്പതികള്‍ കുഞ്ഞുങ്ങളെ ലഭിക്കാതെ വിഷമിച്ചുകഴിയുകയും, ഒരു കുഞ്ഞിനെ ദത്തെടുക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, പ്രതിസന്ധികള്‍ നേരിടുന്ന മാതാക്കള്‍ക്ക് കുഞ്ഞിനെ പ്രസവിക്കുവാനും, അവര്‍ക്ക് കുഞ്ഞിനെ ഏറ്റെടുത്ത് വളര്‍ത്തുവാന്‍ കഴിയുന്നില്ലെങ്കില്‍ സര്‍ക്കാരോ അനുബന്ധ ഏജന്‍സികളോ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.
വിവാഹം, കുടുംബം, മനുഷ്യജീവന്‍ എന്നിവയുടെ മൂല്യവും മഹത്വവും സമൂഹത്തില്‍ ഉന്നതമായി സംരക്ഷിക്കുവാന്‍ മനുഷ്യസ്‌നേഹികള്‍ മുഴുവന്‍ ആത്മാര്‍ഥമായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെട്ട ചില സംഭവങ്ങളെ ഉയര്‍ത്തിക്കാണിച്ച് പരിപാവനമായ കുടുംബ ജീവിതത്തിന്റെയും മനുഷ്യജീവന്റെയും മഹത്വം നഷ്ടപ്പെടുത്തുന്ന വിധത്തില്‍ ചിത്രീകരിക്കുന്ന പ്രവണത ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26