കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഗത്യന്തരമില്ലാതെ ആദ്യ അറസ്റ്റ്

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അച്ഛനും മകള്‍ക്കും മര്‍ദ്ദനമേറ്റ സംഭവം; മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ ഗത്യന്തരമില്ലാതെ ആദ്യ അറസ്റ്റ്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കാന്‍ എത്തിയ അച്ഛനെയും മകളെയും മര്‍ദിച്ച കേസില്‍ ആദ്യ അറസ്റ്റ്. സുരക്ഷാ ജീവനക്കാരന്‍ എസ്.ആര്‍. സുരേഷാണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘം തിരുമലയില്‍ നിന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്.

മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുവേണ്ടിയാണ് പ്രതികളെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെക്ഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കണ്ടക്ടര്‍ എന്‍.അനില്‍കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ എ.മുഹമ്മദ് ഷെറീഫ്, അസിസ്റ്റന്റ് സി.പി. മിലന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ വിവിധ യൂണിയനുകളില്‍ അംഗങ്ങളും നേതാക്കളുമാണ്.

പൂവച്ചല്‍ പഞ്ചായത്ത് ജീവനക്കാരന്‍ പ്രേമനും മകള്‍ രേഷ്മയ്ക്കുമാണ് മര്‍ദനമേറ്റത്. ഈ മാസം 20ന് നടന്ന സംഭവത്തിന്റെ വിഡിയോ പുറത്തു വരികയും വലിയ ചര്‍ച്ചയാകുകയും ചെയ്തതോടെ കെഎസ്ആര്‍ടിസി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എംഡി പരസ്യമായി മാപ്പു പറയുകയും ചെയ്തു. രേഖകള്‍ നേരത്തെ ഹാജരാക്കിയിരുന്നതിനാല്‍ രേഷ്മയുടെ കണ്‍സഷന്‍ ടിക്കറ്റ് അധികൃതര്‍ വ്യാഴാഴ്ച വീട്ടിലെത്തിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.