ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ സര്‍ക്കുലര്‍

ഏകീകൃത കുര്‍ബാന അര്‍പ്പിക്കണം; എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ സര്‍ക്കുലര്‍


കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് വ്യക്തമാക്കി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുടെ സര്‍ക്കുലര്‍. അതിരൂപതയിലെ പള്ളികളില്‍ ഒക്ടോബര്‍ ഒന്‍പത് ഞായറാഴ്ച വായിക്കാനായി പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

മാര്‍പ്പാപ്പയുടെയും പരിശുദ്ധ സിംഹാസനത്തിന്റെയും മാര്‍ഗ നിര്‍ദേശങ്ങളുടെയും സിനഡ് തീരുമാനങ്ങളുടേയും വെളിച്ചത്തിലാണ് സര്‍ക്കുലര്‍. ഇതിന്‍പ്രകാരമുള്ള തീരുമാനങ്ങള്‍ അതിരൂപതയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ:

1. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത രീതി വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പാലിക്കണം.

2. ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഉടന്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഇടവകകളിലും സമര്‍പ്പിത സമൂഹങ്ങളിലും പാരീഷ് കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത്, ഏകീകൃത കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചു ബോധനം നല്‍കുക എന്ന ലക്ഷ്യത്തോടെ കാനന്‍ നിയമപ്രകാരമുള്ള ഒഴിവ് ലഭിക്കാന്‍ ബന്ധപ്പെട്ട വികാരി/അധികാരി അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കോ അതിരൂപത കാര്യാലയത്തിലേക്കോ അപേക്ഷ സമര്‍പ്പിക്കണം. പരിശുദ്ധ സിംഹാസനം നല്‍കിയ നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കും ഇങ്ങനെ ഒഴിവ് ലഭിക്കുക.

3. ഇങ്ങനെ ഒഴിവ് ലഭിച്ചിട്ടുള്ള ഇടവകയോ സമൂഹമോ ആണെങ്കിലും മെത്രാന്‍മാര്‍ ഇടവകയില്‍ വരുമ്പോള്‍, സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത രീതി പാലിക്കേണ്ടതിനാല്‍ അതിനുള്ള സൗകര്യം ചെയ്തു കൊടുക്കണം. കൂടാതെ ഇടവക വികാരിയേയും സമൂഹത്തെയും അറിയിച്ചുകൊണ്ട് മൃതസംസ്‌കാര ശുശ്രൂഷകളുടേയും കൂദാശകളുടേയും പരികര്‍മത്തിന്റെയും അവസരങ്ങളില്‍ ഇടവക സന്ദര്‍ശിക്കുന്ന മെത്രാന്‍മാരെയോ വൈദികരെയോ ഏകീകൃത രീതിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും തടയാന്‍ പാടുള്ളതല്ല എന്ന പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദേശം പാലിക്കണം. പുത്തന്‍ കുര്‍ബാന അര്‍പ്പിക്കുന്ന നവവൈദികരും എകീകൃത രീതിയില്‍ മാത്രമെ കുര്‍ബാന അര്‍പ്പിക്കാന്‍ പാടുള്ളു.

4. പരിശുദ്ധ സിംഹാസനം പറയുന്നതു പ്രകാരം കത്തീഡ്രല്‍ ദേവാലയം, പരിശീലന കേന്ദ്രങ്ങളായ സെമിനാരികള്‍, പ്രത്യേക പ്രാധാന്യമുള്ള ദേവാലയങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഏകീകൃത കുര്‍ബാന അര്‍പ്പണ രീതി ഉടന്‍ നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കണം. എന്നാല്‍ 2022 ഓഗസ്റ്റില്‍ പരിശുദ്ധ സിംഹാസനം നല്‍കിയ അനുവാദ പ്രകാരം ബന്ധപ്പെട്ട വികാരി രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം കത്തീഡ്രലിലും (ബസിലിക്ക) തീര്‍ഥാടന കേന്ദ്രങ്ങളിലും സിനഡ് അംഗീകരിച്ച രീതിയില്‍ ഞായറാഴ്ചയും കടമുള്ള ദിവസങ്ങളിലും ഒരു കുര്‍ബാനയെങ്കിലും അര്‍പ്പിച്ചു മേല്‍പ്പറഞ്ഞ മാര്‍ഗ നിര്‍ദേശം പടിപടിയായി നടപ്പിലാക്കാനുള്ള പ്രത്യേക അനുവാദം അടുത്തു വരുന്ന മംഗള വാര്‍ത്തക്കാലത്തിന്റെ (2022) ആരംഭം വരെയുള്ള കാലഘട്ടത്തിലേക്കു നല്‍കും.

മൂന്നു രൂപങ്ങളിലും കുര്‍ബാന അര്‍പ്പിക്കുമ്പോഴും അംഗീകരിച്ച തക്‌സയും വചനവേദിയും ബലിവേദിയും ഉപയോഗിക്കണം. തക്‌സ പ്രകാരം കാര്‍മികനു നിശ്ചയിച്ചിട്ടുള്ള ഐച്ഛികങ്ങള്‍ ഉപയോഗിക്കാം. വിശുദ്ധരോടുള്ള വണക്കം, പരിശുദ്ധ കുര്‍ബാനയുടെ ആരാധന, കുരിശിന്റെ വഴി, ജപമാല തുടങ്ങിയ ഭക്താഭ്യാസങ്ങളും നിലവിലുള്ളതു പോലെ സക്രാരിയുടെ സ്ഥാനവും തിരുസ്വരൂപങ്ങളും ക്രൂശിത രൂപം അടക്കമുള്ള അംഗീകരിച്ച കുരിശുകളും സഭ അംഗീകരിച്ച മറ്റെല്ലാ ഭക്താഭ്യാസങ്ങളും അതുപോലെ തന്നെ തുടരുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു.

എറണാകുളം അങ്കമാലി അതിരൂപതയ്ക്കു വേണ്ടി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച കത്തിലെ വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ് സര്‍ക്കുലര്‍ അവസാനിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.