കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്ക് തണുത്ത പ്രതികരണം; ആദ്യ ദിവസത്തെ ആവേശം ഇപ്പോഴില്ല

കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്ക് തണുത്ത പ്രതികരണം; ആദ്യ ദിവസത്തെ ആവേശം ഇപ്പോഴില്ല

ബംഗ്ലൂരു: ഐക്യഭാരത സന്ദേശവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ച് രണ്ട് നാൾ പിന്നിടുമ്പോൾ ആദ്യ കണ്ട ആവേശത്തിൽ കുറവ്.

ഉദ്ഘാടന ചടങ്ങിലെ ജനബാഹുല്യം യാത്രയെ കർണാടക നെഞ്ചിലേറ്റി എന്ന നിലയിൽ വാർത്തകൾ വന്നിരുന്നെങ്കിലും അന്ന് വൈകുന്നേരത്തെ പൊതുസമ്മേളനം മുതൽ യാത്രയോടുള്ള പ്രവർത്തകരുടെ തണുപ്പൻ പ്രതികരണമാണ് കണ്ടത്. തുടർന്നുള്ള പരിപാടികളിലും യാത്രയിലും സുരക്ഷ ഉദ്യോഗസ്ഥരുടെ തിരക്കല്ലാതെ പ്രവർത്തകരുടെ പങ്കാളിത്തം തീരെ കുറവായിരുന്നു.

രണ്ടു ദിവസമായി ഇടവിട്ട് പെയ്യുന്ന മഴയെയാണ് പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തുന്നത്. ഇന്ന് രാവിലെ ശക്തമായ മഴ ഉണ്ടായിരുന്നതിനാൽ യാത്ര ആരംഭിക്കാൻ വൈകി. യാത്രക്ക് ഇടയ്ക്കിടെ തടസം സൃഷ്ടിച്ച് മഴ പെയ്യുന്നത് അണികളുടെ ആവേശത്തേയും നനയ്ക്കുകയാണ്.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പായാണ്  സംസ്ഥാന നേതൃത്വം യാത്രയെ കാണുന്നത്. പ്രതീക്ഷിച്ചതു പോലെ പ്രവർത്തകരെ എത്തിക്കാൻ കഴിയാത്തത് പിസിസി പ്രസിഡന്റ് കൂടിയായ സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള ഡികെ എന്ന് അണികൾ ബഹുമാനത്തോടെ വിളിക്കുന്ന ഡി. കെ. ശിവകുമാറിന് വലിയ ക്ഷീണം ആയിട്ടുണ്ട്. 21 ദിവസത്തോളം യാത്ര സംസ്ഥാനത്തുള്ളതിനാൽ വരും ദിവസങ്ങളിൽ പ്രവർത്തകരെ കൂടുതൽ എത്തിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അടുത്ത ദിവസങ്ങളിൽ രാഹുലിന്റെ യാത്രയിൽ പങ്കുചേരാൻ കർണാടകയിലെത്തുമെന്നാണ് വിവരം. ഏതൊക്ക ദിവസങ്ങളിലാകും ഇവർ വരികെയെന്നത് ഇപ്പോൾ പറയാനാവില്ല. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എട്ടിനു വോട്ടെടുപ്പ് നടക്കുന്നതിനാൽ അതിന്റെ തിരക്കിലാണ് സോണിയ ഗാന്ധി. പ്രിയങ്ക അടുത്ത ദിവസങ്ങളിൽ എത്തിയേക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.