കോട്ടയം: ചങ്ങനാശേരിയിൽ ദൃശ്യം മോഡൽ ദുരൂഹ കൊലപാതകം. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ചങ്ങനാശേരിയിൽ ബന്ധുവിൻ്റെ വീടിൻ്റെ തറയില്‍ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ചങ്ങനാശേരി എസി റോഡില്‍ പൂവത്തിന് സമീപത്തുള്ള വീടിൻ്റെ തറ തുരന്ന് പരിശോധിച്ചപ്പോഴാണ് യുവാവിൻ്റെ മൃതദേഹം കണ്ടെത്തിയത്.
യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് വീടിൻ്റെ തറ പൊളിച്ചു നോക്കിയപ്പോഴാണ് മൃതദേഹം കാണാൻ കഴിഞ്ഞത്. ചങ്ങനാശേരി തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്. കൊലപാതത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
ആലപ്പുഴ സ്വദേശി ബിന്ദുകുമാറിനെ (40) ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടക്കുന്നതിനിടെ തോട്ടിൽ നിന്ന് ഇയാളുടെ ബൈക്ക് ലഭിച്ചിരുന്നു. ബെെക്ക് കണ്ടെത്തിയതിനെ തുടർന്ന് ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് സിനിമാ കഥകളെ വെല്ലുന്ന കൊലപാതക കഥ പുറത്തുവന്നത്.
ബൈക്ക് കണ്ടെത്തിയതിന് തുടർന്ന് മൊബൈൽ ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ ബിന്ദു കുമാർ പൂവത്തിൽ എത്തിയെന്ന് മനസിലായി. കൂടുതൽ അന്വേഷണത്തിൽ ഇയാളുടെ ബന്ധുവായ മുത്തുകുമാർ ഇവിടെയാണ് താമസിക്കുന്നതെന്നും വ്യക്തമായി. എന്നാൽ മുത്തുകുമാറിനെ ബന്ധപ്പെടുവാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ഇയാൾ സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചത്.
വിശദമായ പരിശോധനയിൽ ഇയാളുടെ വീടിൻ്റെ തറ പുതുതായി കോൺക്രീറ്റ് ചെയ്തതായുള്ള വിവരം ലഭിച്ചു. ഇതോടെയാണ് ബിന്ദു കുമാറിനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട് മുകളിൽ കോൺക്രീറ്റ് ചെയ്തതാണോ എന്ന് സംശയം ഉയർന്നത്. മുത്തു കുമാറിനെ കാണാനില്ലാത്തതും ബിന്ദു കുമാറിനെ സംബന്ധിച്ച് പ്രസ്തുത സംശയം ഉയർന്നതും പോലീസിനെ കൂടുതൽ നടപടികളിലേക്ക് എത്തിക്കുകയായിരുന്നു.
അമ്മയുടെ പരാതിയിന്മേൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുന്നതിനിടെയാണ് കൊലപാതകമാണെന്ന സൂചന പൊലീസിന് ലഭിച്ചത്. മുത്തുകുമാറിൻ്റെ വീട്ടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായതോടെ അയാളെ പിടികൂടാൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.