ന്യൂഡല്‍ഹി: അഞ്ചാം തലമുറ ടെലികോം സ്‌പെക്ട്രം സേവനങ്ങള്‍ രാജ്യത്തിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ ആരംഭിച്ച ആറാമത് ഇന്ത്യ മൊബൈല്‍ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടന ചടങ്ങിലാണ് പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദീപാവലിയോടെ സേവനം ലഭിക്കും.
ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ സേവനം ലഭിക്കുക. ന്യൂഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളിലാണ് 5ജി സേവനം ആദ്യം ലഭ്യമാവുക. കേരളത്തില്‍ അടുത്ത വര്‍ഷമായിരിക്കും ലഭിക്കുന്നത്.
രാജ്യം 5ജിയോടൊപ്പം ഇതിഹാസം കുറിച്ചിരിക്കുകയാണ്. 5ജിയ്ക്ക് തുടക്കമായതോടെ ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിയിരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതം മുന്നില്‍ നിന്ന് നയിക്കുകയാണ്. 5ജി രാജ്യത്തെ യുവാക്കള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കും. വികസിത രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും മുന്നോട്ട് കുതിക്കുകയാണ്. മറ്റ് ലോക രാജ്യങ്ങള്‍ക്കൊപ്പം പടിപടിയായി ഇന്ത്യയും വികസന പാതയിലാണ്. ഡിജിറ്റല്‍ ഇന്ത്യ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യത്തിന് വലിയ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റല്‍ ഇന്ത്യ കേവലമൊരു സര്‍ക്കാര്‍ പദ്ധതിയല്ല മറിച്ച് രാജ്യവികസനത്തിനായുള്ള വലിയൊരു ദര്‍ശനമാണെന്ന് പ്രധാന മന്ത്രി ഓര്‍മ്മപ്പെടുത്തി. സാധാരണക്കാരിലേയ്ക്കും ഈ നേട്ടം എത്തിക്കുകയെന്നതാണ് ഈ ദര്‍ശനത്തിന്റെ അന്തിമ ലക്ഷ്യം. 5ജി സേവനപ്രക്രിയ ആരംഭിച്ചപ്പോള്‍ തന്നെ താന്‍ ആവശ്യപ്പെട്ടത് സമഗ്രമായ പദ്ധതിയാണ്.
ആത്മനിര്‍ഭര്‍ ഭാരതം എന്ന നേട്ടം കൈവരിച്ചാല്‍ മാത്രമേ ഉപകരണങ്ങളുടെ വില കുറയുകയുള്ളൂ. ലക്ഷക്കണക്കിന് മൊബൈല്‍ ഫോണുകള്‍ വിദേശത്ത് നിന്ന് വരുത്തുകയാണ് ചെയ്തത്. അതിനാല്‍ തന്നെ രാജ്യം ആത്മനിര്‍ഭര്‍ ആകണമെന്ന് താന്‍ കുറിച്ചിട്ടുവെന്നും മോഡി പറഞ്ഞു. രാജ്യത്തെ മൊബൈല്‍ നിര്‍മാണ യൂണിറ്റുകള്‍ വര്‍ധിപ്പിച്ചു. ഇന്ന് ഇന്ത്യ മൊബൈല്‍ ഫോണ്‍ ഉത്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ്. മാത്രമല്ല നമ്മള്‍ ഇന്ന് കോടിക്കണക്കിന് മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുന്നുണ്ടെന്നും 5ജി സേവനം ഉദ്ഘാടനം ചെയ്യവേ മോഡി വ്യക്തമാക്കി.
വേദിയില്‍ വിവിധ ടെലികോം കമ്പനികള്‍ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിച്ചു നല്‍കി. റിലയന്‍സ് ജിയോ, എയര്‍ടെല്‍, ക്വല്‍കോം, വോഡഫോണ്‍-ഐഡിയ തുടങ്ങിയ കമ്പനി പ്രതിനിധികള്‍ പ്രധാനമന്ത്രിയ്ക്ക് 5ജി സേവനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിവരിച്ചു നല്‍കി.
എട്ട് നഗരങ്ങളില്‍ ഇന്ന് തന്നെ 5ജി തുടങ്ങുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. 2023 ഡിസംബറില്‍ രാജ്യമെങ്ങും 5ജി ലഭിക്കുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനിയും പ്രഖ്യാപിച്ചിട്ടുണ്ട്.
തടസമില്ലാത്ത കവറേജ്, ഉയര്‍ന്ന ഡേറ്റ നിരക്ക്, കുറഞ്ഞ നിര്‍ജീവത, വിശ്വസനീയമായ ആശയ വിനിമയം, ഹൈ റെസലൂഷന്‍ വീഡിയോ സ്ട്രീമിംഗ് എന്നിവയാണ് 5ജി സാങ്കേതിക വിദ്യ മുന്നോട്ടുവയ്ക്കുന്ന സേവനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.