സിഡ്‌നി: സൈബര്‍ ആക്രമണത്തെതുടര്‍ന്ന് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ ക്ഷമാപണവുമായി ഓസ്‌ട്രേലിയയിലെ ടെലികോം കമ്പനിയായ ഒപ്റ്റസ്. രാജ്യത്തെ പ്രമുഖ പത്രങ്ങളില്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയാണ് അക്കൗണ്ട് ഉടമകളോട് ക്ഷമാപണം നടത്തിയിരിക്കുന്നത്. ഡേറ്റ ചോര്‍ച്ചയില്‍ അഗാധമായി ഖേദിക്കുന്നു എന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഷോപ്പിങ് സെന്ററുകളിലും മാപ്പപേക്ഷ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആശങ്കകള്‍ ദൂരീപകരിക്കുമെന്നും തങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ കഠിനാധ്വാനം ചെയ്യുമെന്നും കമ്പനി പരസ്യത്തില്‍ വ്യക്തമാക്കുന്നു. അക്കൗണ്ട് ഉടമകള്‍ക്ക് ദോഷകരമാകുന്ന പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുമെന്നും ദുരുപയോഗം തടയാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതിനാല്‍ ഉപയോക്താക്കള്‍ക്ക് നേരിട്ട് സംശയനിവാരണം നടത്താനും സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ക്കുമായി ഒരു വെബ്‌സൈറ്റും (optus.com.au/support/cyberattack) നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ട ഒരു ഓണ്‍ലൈന്‍ അക്കൗണ്ട് ഒരു ദശലക്ഷം യു.എസ് ഡോളര്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും പണം നല്‍കിയില്ലെങ്കില്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഈ ഓണ്‍ലൈന്‍ അക്കൗണ്ടിലൂടെ 10,000-ത്തിലധികം ആളുകളുടെ വിവരങ്ങള്‍ പുറത്തുവിടുകയും ചെയ്തു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു.
ഡാറ്റാ ചോര്‍ച്ച ബാധിച്ച ഉപഭോക്താക്കള്‍ക്ക് എല്ലാ രീതിയിലുമുള്ള പരിരക്ഷ ലഭിക്കുമെന്നും ഒപ്റ്റസ് വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.