പാലാ: മയക്കുമരുന്നിനെതിരെ മതഭേദമേന്യ എല്ലാവരും രംഗത്തു വരണമെന്ന് പാലാ രൂപതാധ്യക്ഷനും സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് ചെയര്‍മാനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ ജാഗ്രതാ സമിതിയും സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫും ചേര്‍ന്ന് പാലായില്‍ സംഘടിപ്പിച്ച ലഹരിവിരുദ്ധ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്.
കലാലയങ്ങളില്‍ പെരുകി വരുന്ന മയക്കുമരുന്ന് ഉപയോഗം ആശങ്കാജനകവും അപകടകരവുമാണ്. കുട്ടികളുമായി ബന്ധപ്പെടുന്നവര്‍ അവരുടെ നന്മയ്ക്കായി ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നില്ലെങ്കില്‍ അതും കുറ്റകരമാണ്. നമ്മുടെ മക്കള്‍ ലഹരിക്ക് അടിമകളാകുമ്പോള്‍ നമ്മുടെ സമൂഹം കരിന്തിരി കത്തുകയാണെന്നും ഈ അപകടനിലയെ തരണം ചെയ്യാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രയത്‌നിക്കണമെന്നും ബിഷപ്പ് ഓര്‍മ്മപ്പെടുത്തി.
ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ അംബാസിഡറായി കുട്ടികളെ വളര്‍ത്തിയെടുക്കണം. താടി കത്തുമ്പോള്‍ ബീഡി കത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നമ്മുടെ സമൂഹത്തിലുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്ന മക്കള്‍ സ്‌ഫോടകവസ്തുക്കള്‍ പോലെയാണ്. ഉണക്കപ്പുല്ലില്‍ തീയിട്ടശേഷം അയ്യോ തീപ്പിടിച്ചേ എന്നു വിലപിച്ചിട്ട് കാര്യമില്ല. വാളെടുത്തല്ല, വാക്കാല്‍ ആകണം
മാതാപിതാക്കള്‍ കുട്ടികളെ നേര്‍വഴിക്ക് നയിക്കേണ്ടതെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൂട്ടിച്ചേര്‍ത്തു.
അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. ജയരാജ് ക്ലാസുകള്‍ക്കു നേതൃത്വം നല്‍കി. അസ്വസ്ഥതകളുള്ള കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് സംരക്ഷണവും മാര്‍ഗ നിര്‍ദ്ദേശവും ലഭിക്കാത്തതിനാല്‍ മയക്കുമരുന്നുകള്‍ക്കും മറ്റു തിന്മകള്‍ക്കും അടിമപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അധ്യാപകര്‍ കുട്ടികളുടെ സംരക്ഷകരാകണം. മാതാപിതാക്കള്‍ സ്വന്തം മക്കളെ ശരീരത്തോട് ചേര്‍ത്ത് പിടിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിനഡല്‍ കമ്മിന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫ് ജനറല്‍ സെക്രട്ടറി ഫാ.ജോബി മൂലയില്‍, സിനഡല്‍ കമ്മിഷന്‍ ഫോര്‍ എഡ്യൂക്കേഷന്‍ ജനറല്‍ സെക്രട്ടറി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, അല്‍മായ ഫോറം ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി, പ്രോ ലൈഫ് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി സാബു ജോസ്, മാതൃവേദി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി റോസിലി തട്ടില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.ജോസ് കുറ്റിയാങ്കല്‍, ഫാ. വിന്‍സന്റ് മൂങ്ങാമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപതയിലെവൈദികര്‍, സന്യസ്തര്‍, അധ്യാപകര്‍, മാതാപിതാക്കള്‍, സ്‌കൂള്‍ പിടിഎ അംഗങ്ങളുള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ യോഗത്തില്‍ പങ്കെടുത്തു. പാലാ രൂപതയുടെ എല്ലാ ഇടവകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍നിന്നും വിദ്യാഭ്യാസആരോഗ്യ സ്ഥാപനങ്ങളില്‍നിന്നും പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രധിനിധികളും വൈദികരും സമ്മേളനത്തില്‍ സംബന്ധിച്ചു. സീറോ മലബാര്‍ സിനഡല്‍ കമ്മീഷന്‍ ഫോര്‍ ഫാമിലി, ലെയ്റ്റി ആന്‍ഡ് ലൈഫിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ രൂപതകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ സമ്മേളനങ്ങളും കര്‍മ്മപദ്ധതികളും നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.