ചിക്കാഗോ: ഭാരതത്തിന് പുറമെയുള്ള പ്രഥമ സീറോ മലബാർ രൂപതയായ ചിക്കാഗോ രൂപതയുടെ രണ്ടാമത്തെ മെത്രാനായി മാർ ജോയി ആലാപ്പാട്ട് അഭിഷിക്തനായി. സ്ഥാനാരോഹണ ചടങ്ങുകൾക്ക് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിച്ചു. ചിക്കാഗോ രൂപതയുടെ പ്രഥമ അധ്യക്ഷൻ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് സ്റ്റീഫൻ ചെറുപ്പുളത്ത്, ബിഷപ്പ് ഫ്രാൻസിസ് കലബത്ത് എന്നിവരായിരുന്നു സഹകാർമ്മികർ.
ഈസ്റ്റേൺ കാത്തലിക് അസോസിയേറ്റ്സ് പ്രസിഡന്റ് ബിഷപ്പ് കുർട്ട് ബർനെറ്റ് ഉൾപ്പെടെ അമേരിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള 19 ബിഷപ്പുമാരും 100 ലധികം വൈദികരും 60 ൽ ഏറെ സന്യസ്തരും ചടങ്ങുകളിൽ പങ്കെടുത്തു. രൂപതയുടെ കത്തീഡ്രൽ ദേവാലയമായ മാർത്തോമാ ശ്ലീഹാ കത്തീഡ്രലിൽ വച്ച് ആയിരങ്ങളെ സാക്ഷിയാക്കി രാവിലെ 9:00 മണിയോടെ കാർമികർ പാരിഷ് ഹാളിൽനിന്ന് പ്രദക്ഷിണമായി ദൈവാലയത്തിലേക്ക് പ്രവേശിച്ചതോടെയാണ് തിരുക്കർമങ്ങൾക്ക് തുടക്കമായത്.
പ്രദക്ഷിണത്തിൽ പതിനാറോളം മെത്രാന്മാരും വൈദികരും പങ്കെടുത്തു. സൺഡേ സ്കൂൾ വിദ്യാർഥികൾ പേപ്പൽ പതാകയേന്തി ഇരുവശങ്ങളിലായി അണിനിരന്നിരുന്നു. പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിച്ചതിനു ശേഷം വികാരി ജനറളും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളിലിന്റെ സ്വാഗതം ചെയ്തതോടെ 9.30 ന് തിരുകർമ്മങ്ങൾ ആരംഭിച്ചു.
മാർ ജോയ് ആലപ്പാട്ടിനെ പുതിയ ഇടയനായി നിയമിച്ചുകൊണ്ടുള്ള വത്തിക്കാൻ ഉത്തരവ് അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് പിയർ വായിച്ചു. തുടർന്ന് അതിന്റെ മലയാള പരിഭാഷ ചാൻസിലർ ഫാ. ജോർജ് ദാനവേലിലും വായിച്ചു. ഡിട്രോയിറ്റിലെ കൽദായ കത്തോലിക്കാ രൂപതാധ്യക്ഷൻ ബിഷപ്പ് ഫ്രാൻസിസ് കലബത്ത് ആണ് വചനസന്ദേശം നൽകിയത്. മൂന്ന് മണിക്കൂറോളം നീണ്ട ചടങ്ങുകൾക്ക് ശേഷം ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് നന്ദി പറഞ്ഞു.
പുതിയ മെത്രാന്റെ നിയമന ഉത്തരവ് അപ്പസ്‌തോലിക് ന്യുൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയർ വായിക്കുന്നു
തിരുകർമ്മങ്ങൾ ഒരേ സമയം ലോവർ ചാപ്പലിലും, പാരിഷ് ഹാളിലും, അൽഫോൻസാ ഹാളിലും ദൃശ്യമാകത്തക്കവിധം ക്രമീകരിച്ചിരുന്നു. കൂടാതെ ശാലോം ടി.വിയിൽ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 1.30യ്ക്ക് പൊതുയോഗവും ഉണ്ടായിരിക്കും.
കഴിഞ്ഞ 21 വര്‍ഷം രൂപതയെ നയിച്ച പ്രഥമ രൂപതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്തിന് നന്ദി അർപ്പിക്കാനും മാർ ആലപ്പാട്ടിന് ആശംസ നേരാനുമായി സംഘടിപ്പിക്കുന്ന പൊതുയോഗത്തിൽ മാർ ആലഞ്ചേരി അധ്യക്ഷനായിരിക്കും. വികാരി ജനറൽ ഫാ. തോമസ് മുളവനാൽ സ്വാഗതം ആശംസിക്കും. ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയർ, ഈസ്റ്റേൺ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് ബിഷപ്പ് കുർട് ബർണറ്റ്, വികാരി ജനറലും കത്തീഡ്രൽ വികാരിയുമായ ഫാ. തോമസ് കടുകപ്പിള്ളിൽ ഉൾപ്പെടെയുള്ളവർ ആശംസകൾ നേരും. തുടർന്ന് മാർ അങ്ങാടിയത്തും മാർ ആലപ്പാട്ടും മറുപടി പ്രസംഗം നടത്തും.
75 വയസ്സ് പൂർത്തിയാക്കിയ ശേഷം 2020-ൽ ബിഷപ്പ് ജേക്കബ് അങ്ങാടിയത്ത് പരിശുദ്ധ സിംഹാസനത്തിന് രാജി സമർപ്പിച്ചു. 2022 ജൂലൈ 03-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കുകയും ബിഷപ്പ് ജോയ് ആലപ്പാട്ടിനെ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കുകയും ചെയ്തു.
1993ൽ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയിൽ നിയോഗിക്കപ്പെട്ട മാർ ആലപ്പാട്ട് 2014 സെപ്തംബർ 27 മുതൽ മാർ ജേക്കബ് അങ്ങാടിയത്തിനോടൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന സഹായമെത്രാനാണ് ബിഷപ്പ് മാർ ജോയി ആലപ്പാട്ട്. രൂപതയുടെ അജപാലന പ്രവർത്തനങ്ങളിൽ കഴിഞ്ഞ എട്ടു വർഷത്തെ പ്രവർത്തനത്തിന്റെ അനുഭവസമ്പത്തുമായാണ് മാർ ആലപ്പാട്ട് ചിക്കാഗോ രൂപതയുടെ ഇടയസ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.