രണ്ടാം വത്തിക്കാൻ വാർഷികത്തോടനുബന്ധിച്ചുള്ള പുസ്തകത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ ആമുഖം

രണ്ടാം വത്തിക്കാൻ വാർഷികത്തോടനുബന്ധിച്ചുള്ള പുസ്തകത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ ആമുഖം

റോം: രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ എഴുതിയ ആമുഖമുള്ള പുസ്തകം പുറത്തിറങ്ങുന്നു. "Giovanni XXIII. Il Vaticano II un Concilio per il mondo" അഥവാ "ജോൺ XXIII. വത്തിക്കാൻ II എ കൗൺസിൽ ഫോർ ദി വേൾഡ്" എന്ന തലക്കെട്ടോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഫാ. എറ്റോർ മൽനാറ്റിയും മാർക്കോ റൊങ്കാലിയുയാണ് പുസ്തകത്തിന്റെ രചയിതാക്കൾ.

ഇറ്റാലിയൻ ഭാഷയിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക. 1962 ഒക്ടോബർ 11 ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിന്റെ വാർഷികദിന തലേന്ന് പുസ്തകം പുറത്തിറങ്ങും. വത്തിക്കാൻ കൗൺസിലിന്റെ ചരിത്രത്തെ അത് സഭയിൽ സൃഷ്ടിച്ച മാറ്റങ്ങളുടെയും നിലവിലെ സിനഡൽ പ്രക്രിയയുടെയും വെളിച്ചത്തിൽ അവലോകനം ചെയ്യുകയാണ് ഈ പുസ്തകമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ വ്യക്തമാക്കുന്നു.

പുസ്തകത്തിന്റെ മുഖവുര എഴുതാൻ തന്നോട് ആവശ്യപ്പെട്ടതിൽ പല കാരണങ്ങളാൽ അഭിമാനിക്കുന്നുവെന്നും മാർപ്പാപ്പ പറയുന്നു. അതിൽ പ്രധാന കാരണം വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയും രണ്ടാം വത്തിക്കാൻ കൗൺസിലുമാണ്. സഭയുടെ വികസനത്തിനും സമകാലിക ലോകത്തോടുള്ള സമീപനത്തിനും സഭയുടെ എക്യൂമെനിക്കൽ യാത്രയ്ക്കും ഈ രണ്ട് ഘടകങ്ങളും വളരെ നിർണ്ണായകമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പ

ലോകം ക്രിസ്‌ത്യാനിത്വത്തിൽനിന്ന്‌ അകന്നുപോവുകയും വെറുപ്പിനെക്കാൾ നിസ്സംഗത പ്രകടമാക്കുകയും ചെയ്‌ത ഒരു കാലമുണ്ടായിരുന്നു സഭയിൽ. അന്ന്, ഇന്നത്തെ സ്‌ത്രീപുരുഷന്മാരോട്‌ യേശുവിനെക്കുറിച്ച്‌ നമുക്ക്‌ എങ്ങനെ സംസാരിക്കാനാകുമെന്ന ചോദ്യത്തിൽ നിന്നാണ്‌ വത്തിക്കാൻ കൗൺസിൽ പിറവിയെടുത്തതെന്ന് പാപ്പ പറയുന്നു.

വത്തിക്കാൻ കൗൺസിൽ രൂപംകൊണ്ട ശേഷം ബുദ്ധിമുട്ടുകളും നിരാശകളും ഇല്ലാതെ ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിഞ്ഞുവെന്നും മാർപാപ്പ ആമുഖത്തിൽ കുറിച്ചു. എന്നാൽ ഇന്നും, യേശുവിന്റെ കണ്ണുകളിലൂടെ കാണുന്നതിനുപകരം ലോകത്തിന്റെ തിന്മകളിലേക്ക് നാം ശ്രദ്ധതിരിച്ചാൽ, നിരുത്സാഹത്തിന്റെയും നിരാശയുടെയും പ്രലോഭനത്തിന് നാം കീഴടങ്ങാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

കൗൺസിലിന്റെ ചരിത്രത്തെ അവലോകനം ചെയ്യുക. പ്രത്യേകിച്ച് തുറന്നതും സ്വതന്ത്രവുമായ ഹൃദയത്തോടെവർത്തമാനകാലത്തെ സിനഡിന്റെ ആത്മാവിൽ ജീവിക്കുക എന്നതാണ് നിരുത്സാഹപ്പെടാതിരിക്കാനും ദൈവത്തിന് ഇടം നൽകാനുമുള്ള മാർഗമെന്നും മാർപ്പാപ്പ പറയുന്നു.

രണ്ടാം വത്തിക്കാൻ എക്യുമെനിക്കൽ കൗൺസിലിലൂടെ ദൈവജനത്തിന്റെ അവബോധം വർദ്ധിപ്പിക്കുന്നതിൽ നമ്മൾ ഒരുപാട് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ ചൂണ്ടിക്കാണിക്കുന്നു. സഭ പുരോഹിതരുടെയും വിശുദ്ധ വ്യക്തികളുടെയും ഒരു വരേണ്യവർഗമല്ലെന്നും മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിയും സുവിശേഷവൽക്കരണത്തിന്റെ സജീവ വിഷയമാണെന്നും മനസ്സിലാക്കാൻ കൗൺസിൽ നമ്മെ സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിക്കുന്നു.

പുസ്‌തകത്തിന്റെ ആമുഖത്തിൽ ടൈസെയിലെ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ പ്രധാനിയായ സഹോദരൻ അലോയിസിയെ കുറിച്ചും പരാമർശമുണ്ട്. അദ്ദേഹത്തിന്റെ പങ്കുവെക്കലിലൂടെയുള്ള പ്രവർത്തങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഫ്രാൻസിസ് മാർപാപ്പ കുറിച്ചു. കൂടാതെ ദൈവശാസ്ത്രപരവും അജപാലനപരവുമായ ഈ സമ്മാനത്തിന് ഗ്രന്ഥകാരന്മാരോട് ആദരവും കൃതജ്ഞതയും പ്രകടിപ്പിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

ആഞ്ചലോ ഗ്യൂസെപ്പെ റൊങ്കാലി എന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ സഹോദരിപുത്രനും ചരിത്രകാരനും പത്രപ്രവർത്തകനുമാണ് മാർകോ റൊങ്കാലി. ജോൺ ഇരുപത്തിമൂന്നാമന്റെ പേഴ്‌സണൽ സെക്രട്ടറി അന്തരിച്ച കർദിനാൾ ലൂയിസ് കപ്പോവില്ലയുമായി സഹകരിച്ച് നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.