തലശേരി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന് ഇന്ന് കേരളം വിടനല്‍കും. കോടിയേരിയുടെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലത്തെ കടല്‍ത്തീരത്ത് നടക്കും. ഇ.കെ. നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതികുടീരത്തിനോടു ചേര്‍ന്നാണ് കോടിയേരിക്കും ചിതയൊരുക്കുന്നത്.
കോടിയേരിയെ അവസാനമായി ഒരുനോക്ക് കാണാന്‍ ഈങ്ങയില്‍പ്പീടികയിലെ വിട്ടിലേക്കും ജനങ്ങള്‍ ജനപ്രവാഹമാണ്. വീട്ടിലെ പൊതു ദര്‍ശനത്തിനും ബന്ധുക്കളുടെ അന്തിമോപചാരത്തിനും ശേഷം 11 മണിക്ക് വിലാപയാത്രയായി മൃതദേഹം കണ്ണൂര്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് വരെ പാര്‍ട്ടി ഓഫീസിലാകും പൊതുദര്‍ശനം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗങ്ങളും ഇവിടെ എത്തി ആദരാഞ്ജലികള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം പയ്യാമ്പലത്തെ സ്മൃതി കൂടിരത്തിലേക്ക് കൊണ്ടുപോകും. കോടിയേരിയുടെ വിയോഗത്തില്‍ ദുഖസൂചകമായി കണ്ണൂര്‍, തലശേരി, ധര്‍മ്മടം, മാഹി എന്നിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ ആചരിക്കുകയാണ്. കടകള്‍ തുറക്കുന്നതിനും വാഹന ഗതാഗതത്തിനും തടസമുണ്ടാകില്ല.
തലശേരി ടൗണ്‍ഹാളിലെ പൊതു ദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ രാത്രി പത്തരയോടെ ഈങ്ങയില്‍പ്പീടികയിലെ വീട്ടിലെത്തിച്ചു. രാത്രിയിലും സഖാവിനെ ഒരു നോക്ക് കാണാനായി അണമുറിയാത്ത ജനപ്രവാഹമായിരുന്നു കോടിയേരിയിലെ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 11 മണിവരെയാണ് ഇവിടെ പൊതുദര്‍ശനം.
ടൗണ്‍ഹാളിലെ പൊതുദര്‍ശത്തിലും ആദരവ് അര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. പതിനായിരങ്ങളാണ് തങ്ങളുടെ പ്രിയ നേതാവിനെ ഒരുനോക്ക് കാണാന്‍ തലശ്ശേരി ടൗണ്‍ ഹാളിലേക്ക് ഒഴുകിയെത്തിയത്. എട്ടുമണിക്കൂറോളം ഇവിടെ പൊതുദര്‍ശനം നീണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടേയുള്ളവര്‍ മണിക്കൂറുകളോളം ടൗണ്‍ ഹാളിലുണ്ടായിരുന്നു.
പിണറായി വിജയന്‍, പിബി അംഗങ്ങളായ എം.എ. ബേബി, എസ്.രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ കോടിയേരിയിലെ വീട്ടിലേക്ക് എത്തി ഭാര്യ വിനോദിനി മക്കളായ ബിനോയ്, ബിനീഷ് കോടിയേരി എന്നിവരെ നേരില്‍ കണ്ട് ആശ്വസിപ്പിച്ചാണ് ഇന്നലെ മടങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.