തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വിഷയം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് വീഴ്ച്ചപറ്റിയെന്ന വിമര്‍ശനവുമായി സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്. പദ്ധതിയുടെ പാരിസ്ഥിതിക, സാമൂഹിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക ദൂരീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.
സര്‍ക്കാരിന്റെ ചില വീഴ്ചകളും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കുവേണ്ടിയുള്ള സര്‍വേ ഭൂമി നഷ്ടപ്പെടുന്നവരുടെ വന്‍പ്രതിഷേധത്തിന് കാരണമായി. ഇതിനെ നേരിട്ട രീതി സര്‍ക്കാരിന്റെ പ്രതിച്ഛായ്ക്കു മങ്ങലേല്‍പ്പിക്കും വിധമായിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് നടപ്പാക്കേണ്ട പദ്ധതി സര്‍ക്കാരിന് എതിരാകാതെ കരുതലോടെ നടപ്പാക്കാന്‍ ശ്രമിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയതലത്തില്‍ യു.എ.പി.എ നിയമത്തെ ഇടതുപക്ഷം എതിര്‍ക്കുമ്പോഴും സംസ്ഥാനത്ത് അപൂര്‍വമായെങ്കിലും അത് പ്രയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം പ്രതിലോമ നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താനുള്ള ഇടതുപക്ഷത്തിന്റെ ധാര്‍മ്മികാവകാശമാണ് ചോദ്യം ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളും കൊലയും വിമര്‍ശനം ക്ഷണിച്ചുവരുത്തി.
പാലക്കാട്ട് മഞ്ചിക്കണ്ടത്തെ മാവോയിസ്റ്റ് വേട്ട പ്രത്യേകം റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞു. പാര്‍ട്ടി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ച് മജിസ്റ്റീരിയല്‍ അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. മാവോയിസ്റ്റ് ലഘുലേഖ കൈവശം വച്ചതിന് കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍, താഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്തതും സര്‍ക്കാരിനുണ്ടായ ഇടതുപക്ഷ വ്യതിയാനമാണെന്നും റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.
ലഹരി മരുന്നുകളുടെ വ്യാപനം, സാമൂഹ്യവിരുദ്ധരുമായും തട്ടിപ്പുകാരുമായുമുള്ള വഴിവിട്ട ബന്ധം എന്നിവയെല്ലാം പോലീസിന്റെ നേട്ടങ്ങളില്‍ കരിനിഴല്‍ വീഴ്ത്തുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തില്‍ തീരവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഉത്കണ്ഠ അവഗണിക്കാവുന്നതല്ല. ജനങ്ങള്‍ക്ക് പ്രത്യാശയും പ്രചോദനവുമേകാന്‍ സര്‍ക്കാരിനാകണമെന്നും റിപ്പോര്‍ട്ട് പറഞ്ഞവസാനിപ്പിക്കുന്നു.
അവസാന ദിനമായ ഇന്ന് പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കും. കാനം രാജേന്ദ്രന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് സൂചന. വിരുദ്ധചേരിയില്‍ നിന്ന് പ്രകാശ് ബാബുവിനെ മത്സരിപ്പിക്കാനാണ് ഇസ്മയില്‍ പക്ഷത്തിന്റെ ആലോചന. പ്രായപരിധി നടപ്പാക്കിയാല്‍ കെ.ഇ. ഇസ്മയിലും സി.ദിവാകരനും മത്സരിക്കാനാകില്ല എന്നതിനാലാണിത്.
ജില്ലാ റിപ്പോര്‍ട്ടുകളില്‍ കാനത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എറണാകുളത്തെ റിപ്പോര്‍ട്ടില്‍ കാനത്തെ അമിതമായി പിന്തുണച്ചതിന് എറണാകുളത്ത് നിന്നുള്ള നാല് അംഗങ്ങള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇറങ്ങിപ്പോയി. ഒടുവില്‍ പ്രിസിഡീയം ഇടപെട്ടാണ് പ്രശ്ന പരിഹാരം ഉണ്ടാക്കിയത്.
കൂടുതല്‍ അംഗങ്ങളുള്ള കൊല്ലത്തുനിന്നുള്ള പിന്തുണ ആര്‍ക്കായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സംസ്ഥാന സെക്രട്ടറിയുടെ വിജയം. 34,998 പേരാണ് സിപിഐക്ക് കൊല്ലത്തുള്ളത്. തിരുവനന്തപുരം 23,686 പേരും. തൃശൂരില്‍ 19,829 പേരും. ആലപ്പുഴയില്‍ 19,842 പേരുടെയും അംഗബലം ഉണ്ട്. ഏറ്റവും കുറവ് വയനാട്ടിലാണ്. 2,623 പേര്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.