കോടിയേരിയുടെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു: പ്രമുഖ നേതാക്കളെത്തി; കണ്ണീരണിഞ്ഞ് കണ്ണൂര്‍

കോടിയേരിയുടെ മൃതദേഹം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു:  പ്രമുഖ നേതാക്കളെത്തി; കണ്ണീരണിഞ്ഞ് കണ്ണൂര്‍

കണ്ണൂര്‍: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരി പെട്ടിപ്പീടികയിലെ വീട്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. സംസ്‌കാരം ഉച്ചകഴിഞ്ഞ് മൂന്നിന് പയ്യാമ്പലം സ്മശാനത്തില്‍ നടക്കും.

ആയിരക്കണക്കിനാളുകളാണ് വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ചത്. പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപ യാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയത്. കോടിയേരിയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം വിലാപ യാത്രയെ അനുഗമിച്ചു.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍, പി.ബി അംഗം പ്രകാശ് കാരാട്ട്, എം.എ ബേബി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അടക്കമുള്ള നേതാക്കള്‍ ജില്ലാ കമ്മിറ്റി ഓഫീസിലെത്തി. കോടിയേരിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ജില്ലാ കമ്മിറ്റി ഓഫിസിലെത്തും. രണ്ട് മണിവരെ മൃതദേഹം ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും.

പിന്നീട് സംസ്‌കരത്തിനായി പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോകും. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സിപിഎം കേന്ദ്ര നേതാക്കളടക്കം ചടങ്ങില്‍ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം പയ്യാമ്പലത്ത് അനുശോചന യോഗവും നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.