വത്തിക്കാന്‍ സിറ്റി: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം എട്ടാം മാസത്തിലേക്കു കടന്നിട്ടും അറുതിയില്ലാതെ തുടരുന്നതില്‍ കടുത്ത ഉത്കണ്ഠയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. യുദ്ധത്തിന്റെ പേരിലുള്ള അക്രമങ്ങളും കൊലയും അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് വ്യക്തിപരമായി അഭ്യര്‍ഥിച്ച പരിശുദ്ധ പിതാവ് ഉക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കി സ്വന്തം ജനത അനുഭവിക്കുന്ന കൊടിയ വേദന കണക്കിലെടുത്ത് സമാധാന ശ്രമങ്ങള്‍ക്ക് തയാറാകണമെന്നും ആവശ്യപ്പെട്ടു.
ഞായറാഴ്ച്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍, വിവിധ രാജ്യങ്ങളില്‍നിന്ന് എത്തിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ. ദിവ്യബലിയിലെ സുവിശേഷ വായനയുടെ പതിവു വിചിന്തനത്തിനു പകരം ത്രികാല പ്രാര്‍ഥനയും പാപ്പയുടെ സന്ദേശവും പൂര്‍ണമായും ഉക്രെയ്‌ന്റെ സമാധാനത്തിനു വേണ്ടിയായിരുന്നു.
ആണവയുദ്ധം നടത്തുമെന്ന പുടിന്റെ പ്രസ്താവനയിലും സൈനികശേഷി വര്‍ധിപ്പിക്കുന്നതിലും മാര്‍പാപ്പ ആശങ്ക രേഖപ്പെടുത്തി. പാപ്പയുടെ ആഞ്ചലൂസ് പ്രാര്‍ത്ഥന പൂര്‍ണമായും ഉക്രെയ്‌നിലെ സമാധാനത്തിനു വേണ്ടി സമര്‍പ്പിക്കുകയും അടിയന്തര വെടിനിര്‍ത്തലിന് തീവ്രമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഉക്രെയ്‌ന്റെ ഭൂപ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേര്‍ത്ത നടപടിയെയും പാപ്പ അപലപിച്ചു.
'ഉക്രെയ്‌നിലെ യുദ്ധത്തിന്റെ ഗതി ആശങ്ക വര്‍ധിപ്പിക്കുംവിധം വിനാശകരമായി മാറുന്നു. മനുഷ്യരാശിക്കുണ്ടായ ആഴത്തിലുള്ള മുറിവ് സുഖപ്പെടുത്തുന്നതിനു പകരം വീണ്ടും വീണ്ടും രക്തം ചൊരിയുന്നത് തുടരുന്നു. അധിനിവേശത്തിനിടയില്‍ സംഭവിക്കുന്ന രക്തച്ചൊരിച്ചിലും കണ്ണീരും എന്നെ വേട്ടയാടുന്നു. ഉക്രെയ്‌നിലെ ആയിരക്കണക്കിന് ഇരകളെയോര്‍ത്ത്, പ്രത്യേകിച്ച് കുഞ്ഞുങ്ങളെ ഓര്‍ത്ത് ഞാന്‍ അതീവ ദുഃഖിതനാണ്. അനേകം കുടുംബങ്ങളെ ഭവനരഹിതരാക്കിയ, നിരവധി പ്രദേശങ്ങളെ പട്ടിണിയിലാക്കിയ സംഹാരം എന്നെ വേദനിപ്പിക്കുന്നു.
ഈ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല, ഒരിക്കലും. വിവരണാതീതമായ ദുരിതത്തിന്റെയും ഭയത്തിന്റെയും ഇടങ്ങളായി മാറിയ ബുച്ച, ഇര്‍പിന്‍, മരിയുപോള്‍, ഇസിയം, സെപോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളിലൂടെ ലോകം ഉക്രെയ്ന്റെ ഭൂമിശാസ്ത്രം പഠിക്കുന്നത് തന്നെ അസ്വസ്ഥപ്പെടുത്തുന്നുന്നു. മനുഷ്യരാശി വീണ്ടുമൊരു ആണവ ഭീഷണിയെ അഭിമുഖീകരിക്കുന്നു എന്നത് തികച്ചും ബുദ്ധിശൂന്യമാണ്.
അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നത്? യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല. അതു വിനാശം മാത്രമാണ് സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഇനിയും എത്ര രക്തപ്പുഴ ഒഴുകണം? ദൈവനാമത്തിലും എല്ലാ ഹൃദയങ്ങളിലും കുടികൊള്ളുന്ന മനുഷ്യത്വത്തിന്റെ പേരിലും വെടിനിര്‍ത്തല്‍ ഉടനടിയുണ്ടാകാനുള്ള ആഹ്വാനം ഞാന്‍ വീണ്ടും നടത്തുന്നു.
ആയുധങ്ങള്‍ക്ക് ഒരു വിശ്രമം ലഭിക്കട്ടെ. ബലപ്രയോഗത്തിലൂടെ അടിച്ചേല്‍പ്പിക്കപ്പെടാത്ത, എന്നാല്‍ ഉഭയസമ്മതപ്രകാരമുള്ള, നീതിപൂര്‍വകവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ ഉണ്ടാകട്ടെ. അത് മനുഷ്യ ജീവന്റെ പവിത്രമായ മൂല്യത്തെയും അതുപോലെ ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാകട്ടെ - പാപ്പ തുടര്‍ന്നു.
ഉക്രെയ്‌നിലെ നാലു പ്രദേശങ്ങള്‍ പിടിച്ചെടുത്ത റഷ്യയുടെ നടപടിയെ പാപ്പ രൂക്ഷമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ തരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂപപ്പെട്ട ഗൗരവമേറിയ സാഹചര്യത്തെ ഞാന്‍ അപലപിക്കുന്നു. ഇത് ആണവ ഭീഷണി വര്‍ധിപ്പിക്കുന്നതും രൂക്ഷമായ പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നതുമാണ് - ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കി.
റഷ്യന്‍ ഫെഡറേഷന്റെ പ്രസിഡന്റിനെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മാര്‍പാപ്പയുടെ അപേക്ഷ. അക്രമത്തിന്റെയും മൃത്യവിന്റെയും ഈ ദുരിതം അവസാനിപ്പിക്കണമെന്ന് പുടിനോട് പാപ്പ അഭ്യര്‍ത്ഥിച്ചു. അതേസമയം, മറുവശത്ത് ഉക്രെയ്ന്‍ ജനത അനുഭവിക്കുന്ന വലിയ വേദന കണക്കിലെടുത്ത് സമാധാന ശ്രമങ്ങളെ തുറന്ന മനസോടെ സ്വീകരിക്കാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് തയാറാകണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു.
ദുരന്തവും ഭീകരതയും വിതയ്ക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര നടപടികള്‍ സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് പാപ്പ ആഹ്വാനം ചെയ്തു. അപകടകരമായ സാഹചര്യത്തിലേക്കു തള്ളിവിടുന്നതിനു പകരം സംഭാഷണത്തിനുള്ള സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക. ഭ്രാന്തമായ യുദ്ധത്തിന്റെ മലിനമായ വായുവല്ല, സമാധാനത്തിന്റെ വായു ശ്വസിക്കാന്‍ യുവതലമുറയെ അനുവദിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഏഴു മാസത്തിനു ശേഷവും തുടരുന്ന ഈ ഭയാനകമായ ദുരിതത്തിന് അറുതി വരുത്താന്‍ നമുക്ക് എല്ലാ നയതന്ത്ര മാര്‍ഗങ്ങളും ഉപയോഗിക്കാം. ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തത് പോലും. യുദ്ധം ഒരു വലിയ തെറ്റും അതു ഭയാനകവുമാണ്.
ഹൃദയങ്ങളെ മാറ്റാന്‍ കഴിയുന്ന ദൈവത്തിന്റെ കാരുണ്യത്തിലും സമാധാന രാജ്ഞിയുടെ മധ്യസ്ഥതയിലും നമുക്ക് വിശ്വസിച്ച് പ്രാര്‍ത്ഥിക്കാമെന്നു പറഞ്ഞാണ് പാപ്പ സന്ദേശം ഉപസംഹരിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.