കാനം വീണ്ടും അമരക്കാരന്‍; ഇത് മൂന്നാമൂഴം

  കാനം വീണ്ടും അമരക്കാരന്‍; ഇത് മൂന്നാമൂഴം

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന്‍ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടു. മത്സരം ഉണ്ടായേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനം കാനത്തെ സംസ്ഥാന സെക്രട്ടറിയായി ഏകകണ്ഠമായി തെരഞ്ഞെടുക്കുകയായിരുന്നു.

സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി.ദിവാകരന് പിന്നാലെ കെ.ഇ ഇസ്മയിലും പുറത്തായി. പിരുമേട് എംഎല്‍എ വാഴൂര്‍ സോമനും സംസ്ഥാന കൗണ്‍സിലില്‍ ഇല്ല. ഇടുക്കിയില്‍ നിന്നുള്ള കാനം പക്ഷത്തെ പ്രമുഖ നേതാക്കളായ ഇ.എസ് ബിജിമോളെയും വാഴൂര്‍ സോമനെയും ഒഴിവാക്കി. കൊല്ലത്തുനിന്ന് ജയലാലിനെയും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കി.

സംസ്ഥാന കൗണ്‍സിലിലേക്ക് എറണാകുളം ജില്ലയില്‍ മാത്രമാണ് മത്സരം നടന്നത്. കാനം വിരുദ്ധ പക്ഷത്തുള്ള പ്രമുഖ നേതാക്കള്‍ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു പുറത്തായി. മുന്‍ ജില്ലാ സെക്രട്ടറി പി രാജു, അസി സെക്രട്ടറിയായിരുന്ന എ.എന്‍ സുഗതന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് സംസ്ഥാന കൗണ്‍സിലിലേക്കു നടന്ന മത്സരത്തില്‍ തോറ്റത്.

സംസ്ഥാന കൗണ്‍സിലിലേക്ക് അനുവദിക്കപ്പെട്ടതിലും കൂടുതല്‍ നേതാക്കളുടെ പേര് ഉയര്‍ന്നു വന്നതോടെയാണ് മത്സരം നടന്നത്. പി രാജു, എ.എന്‍ സുഗതന്‍ എന്നിവരെ കൂടാതെ എം.ടി നിക്സണ്‍, സി.ടി സിന്‍ജിത്ത് എന്നിവരും പരാജയപ്പെട്ടു.

നേരത്തെ എറണാകുളത്തു നിന്നുള്ള സമ്മേളന പ്രതിനിധികളില്‍ കാനം പക്ഷത്തു നിന്നുള്ളവര്‍ വ്യക്തമായ ആധിപത്യം നേടിയിരുന്നു. ഇതാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ പ്രതിഫലിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.