സിഡ്‌നി: സിറിയയിലെ ഐഎസ് തടങ്കൽപ്പാളയങ്ങളിൽ നിന്നും മടങ്ങുന്നവരെ ദേശീയ സുരക്ഷാ ഏജൻസികൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഫെഡറൽ സർക്കാർ അറിയിച്ചു. ഇവരെ തിരികെയെത്തിക്കുന്നത് ദേശീയ സുരക്ഷയെ ദോഷകരമായി ബാധിച്ചേക്കാമെന്ന അഭിപ്രായം ശക്തമായതോടെയാണ് നടപടി.
രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ സർക്കാർ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. സിറിയയിലെ അൽ-ഹാൾ ക്യാമ്പിലും റോജ് ക്യാമ്പിലുമായി കുടുങ്ങിക്കിടക്കുന്ന ഇസ്ലാമിക് സ്റ്റേറ്റിലെ തീവ്രവാദികളുമായി ബന്ധപ്പെട്ട 20 ലധികം ഓസ്‌ട്രേലിയൻ സ്ത്രീകളെയും 40 ലധികം കുട്ടികളെയും രക്ഷിക്കാനുള്ള ദൗത്യം ഫെഡറൽ സർക്കാർ ആരംഭിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
രക്ഷാദൗത്യവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ സുരക്ഷാ ഏജൻസികളുടെ ഉപദേശം പിന്തുടരുകയാണെന്ന് ഓസ്‌ട്രേലിയൻ ലേബർ പാർട്ടി നേതാവ് ടാനിയ പ്ലിബർസെക് പറഞ്ഞു. ഭൂമിയിലെ ഏറ്റവും അപകടകരമായ സ്ഥലങ്ങളിൽ ഒന്നായ അഭയാർത്ഥി ക്യാമ്പിൽ 40 ഓസ്‌ട്രേലിയൻ കുട്ടികൾ കഴിയുന്നുണ്ട്. തിരികെ എത്തുമ്പോൾ കുട്ടികൾക്ക് പ്രത്യേക കൗൺസിലിംഗ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്നും അവർ പറഞ്ഞു.
ലേബർ പാർട്ടി നേതാവ് ടാനിയ പ്ലിബർസെക്
എന്നാൽ ക്യാമ്പുകളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ പൗരന്മാരെ രക്ഷിച്ച് തിരികെ എത്തിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന് തനിക്ക് വ്യക്തമല്ലെന്ന് മുൻ ആഭ്യന്തര മന്ത്രിയും ലിബറൽ പാർട്ടി നേതാവുമായ കാരെൻ ആൻഡ്രൂസ് പറഞ്ഞു. രക്ഷാദൗത്യം അപകടകരമാണ്. ഈ ആളുകളെ ഒഴിപ്പിക്കാൻ ആവശ്യമായ നടപടിയെടുക്കാൻ ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥർ സിറിയയിലേക്ക് പ്രവേശിക്കുന്നത് അപകടമായതിനാൽ താൻ മന്ത്രിയായിരുന്നപ്പോൾ അതിന് തയ്യാറായില്ലെന്നും അവർ പറഞ്ഞു.
ഓസ്ട്രേലിയയിലേക്ക് മടങ്ങിയെത്തുന്ന സ്ത്രീകളുടെ മാത്രമല്ല, കുട്ടികളുടെയും മനസ്സിൽ കുത്തിവെക്കപ്പെട്ടിട്ടുള്ള തീവ്രവാദ ആശയങ്ങളെ കുറിച്ചും തനിക്ക് ആശങ്കയുണ്ടെന്ന് കാരെൻ ആൻഡ്രൂസ് വിശദീകരിച്ചു. മാത്രമല്ല സ്വമേധയാ സിറിയയിലേക്ക് പോയ സ്ത്രീകൾ തിരികെയെത്തുമ്പോൾ ജയിലിൽ കഴിയേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.
മുൻ ആഭ്യന്തര മന്ത്രി കാരെൻ ആൻഡ്രൂസ്
ചില സ്ത്രീകൾ സിറിയയിലേക്ക് പോകാൻ തീരുമാനിച്ചത് സ്വമനസ്സാലെയാണ്. ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെയും തീവ്രവാദികളെയും പൂർണ്ണ ബോധ്യത്തോടെ ഇവർ പിന്തുണയ്ക്കുകയും ചെയ്തതായും കാരെൻ ആൻഡ്രൂസ് കുറ്റപ്പെടുത്തി.
2019 ൽ വടക്കുകിഴക്കൻ സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിന്റെ പതനത്തിനുശേഷം സമാന രീതിയിൽ സിറിയയിലെ ക്യാമ്പുകളിൽ നിന്ന് ഓസ്‌ട്രേലിയക്കാരെ തിരികെ നാട്ടിലെത്തിക്കാൻ സർക്കാർ ഒരു രഹസ്യ രക്ഷാപ്രവർത്തനത്തിനായി പദ്ധതി ഇട്ടിരുന്നു. എന്നാൽ അന്ന് ദൗത്യത്തിലെ സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കൂടുതൽ പേരെ തിരികെ കൊണ്ടുവരാൻ സർക്കാർ വിസമ്മതിക്കുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ഭീകര പ്രവർത്തനങ്ങളിൽ കൊല്ലപ്പെട്ടവരുടെ വിധവകളും കുട്ടികളും അല്ലെങ്കിൽ ജയിലിൽ അടയ്ക്കപ്പെട്ടവരുടെ ഭാര്യമാരും കുഞ്ഞുങ്ങളുമാണ് ക്യാമ്പുകളിൽ തടവിൽ കഴിയുന്നത്. പലരും പങ്കാളിയുടെ നിർബന്ധം മൂലമോ കബളിക്കപ്പെട്ടോ ആണ് സിറിയയിൽ എത്തിയതെന്നാണ് ഇവരുടെ വാദം.
അതേസമയം സ്ത്രീകളെയും കുട്ടികളെയും തിരികെയെത്തിക്കാൻ ഓസ്‌ട്രേലിയയ്ക്ക് ബാധ്യതയുണ്ടെന്ന് അക്രമാസക്തമായ തീവ്രവാദത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന വിക്ടോറിയ യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസർ ഡെബ്ര സ്മിത്ത് പറഞ്ഞു. സിറിയയിലെ തടങ്കൽപ്പാളയങ്ങളിൽ കഴിയുന്ന ഓസ്‌ട്രേലിയൻ കുട്ടികളെ അടിയന്തരമായി നാട്ടിലെത്തിച്ചില്ലെങ്കിൽ അവർ ഒരുപക്ഷെ മരിക്കാനിടയായേക്കുമെന്ന് സേവ് ദി ചിൽഡ്രൻ മേധാവി മാറ്റ് ടിങ്ക്‌ലറും അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.