പര്യടനം പുനക്രമീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പറന്നു

പര്യടനം പുനക്രമീകരിച്ചു; മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പിലേക്ക് പറന്നു

കൊച്ചി: യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചു. പുലർച്ചെ 3.55നുള്ള വിമാനത്തിൽ നോർവേയിലേക്കാണ് ആദ്യയാത്ര. ഇന്ത്യൻ സമയം വൈകീട്ട് ആറോടെ സംഘം നോർവേയിലെത്തും. മന്ത്രിമാരായ പി.രാജീവും വി.അബ്ദുറഹിമാനും മുഖ്യമന്ത്രിയ്ക്കൊപ്പമുണ്ട്.

രണ്ട് ദിവസം മുൻപ് നിശ്ചയിച്ച യാത്ര സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. സംസ്കാരച്ചടങ്ങിൽ പങ്കെടുത്തശേഷം കണ്ണൂരിൽനിന്നു മുഖ്യമന്ത്രി തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയിരുന്നു. നോർവേയ്ക്ക് പിന്നാലെ ഇംഗ്ലണ്ട്, വെയ്ല്‍സ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളും സന്ദർശിക്കും.

വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്തുകയുമാണ് സന്ദർശന ലക്ഷ്യം. അഞ്ചുമുതൽ ഏഴുവരെ നോർവേയിലും ഒമ്പതുമുതൽ 12 വരെ മറ്റു രാജ്യങ്ങളിലുമാണ് സന്ദർശനം.

ഫിൻലൻഡിലേക്കു പോകാനിരുന്ന ആദ്യഘട്ട പര്യടനം കോടിയേരിയുടെ മരണത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു. നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും. ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളിലെ പര്യടനത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജും പങ്കു ചേരും.

ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.