സ്വതന്ത്രരായി ജയിച്ചവര്‍ മുന്നണിയിലോ പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യരാവും: ഹൈക്കോടതി

 സ്വതന്ത്രരായി ജയിച്ചവര്‍ മുന്നണിയിലോ പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യരാവും: ഹൈക്കോടതി

കൊച്ചി: സ്വതന്ത്രമായി തദ്ദേശ സ്ഥാപനങ്ങളിലേക്ക് മത്സരിച്ച് ജയിക്കുന്നവര്‍ പിന്നീട് ഏതെങ്കിലും പാര്‍ട്ടിയിലോ മുന്നണിയിലോ ചേര്‍ന്നാല്‍ അയോഗ്യരാവുമെന്ന് ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് അയോഗ്യരാവുക എന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കോതമംഗലം കീരംപാറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ജോര്‍ജിനെ അയോഗ്യയാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ശരിവെച്ചാണ് ഹൈക്കോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

സ്വതന്ത്ര അംഗമായി മത്സരിച്ചു ജയിച്ച ഷീബ ജോര്‍ജ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചത് പാര്‍ട്ടിയുടെ ഭാഗമായാണെന്ന് രേഖകളില്‍ വ്യക്തമാണെന്നു കോടതി ചൂണ്ടിക്കാണിച്ചു. തെരഞ്ഞെടുപ്പു പ്രക്രിയയിലും തിരഞ്ഞെടുക്കപ്പെടുന്നവരിലും ജനങ്ങള്‍ക്കുള്ള വിശ്വാസം സംരക്ഷിക്കണമെങ്കില്‍ കൂറുമാറ്റത്തിനെതിരെ കര്‍ശന നിലപാട് ആവശ്യമാണെന്നു കോടതി അഭിപ്രായപ്പെട്ടു.

ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നിയമവാഴ്ചയും ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാണു നിയമം കൊണ്ടുവന്നതെന്നും പറഞ്ഞു. 2020ലെ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സത്യപ്രസ്താവന നല്‍കിയപ്പോള്‍ ഷീബ ജോര്‍ജ് ഏതെങ്കിലും പാര്‍ട്ടിയുടെയോ മുന്നണിയുടെയോ ഭാഗമല്ലെന്നു പറഞ്ഞിരുന്നു. പക്ഷെ ജയിച്ചതിന് ശേഷം ചട്ടപ്രകാരം പഞ്ചായത്തില്‍ ഡിക്ലറേഷന്‍ നല്‍കിയപ്പോള്‍ എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രയാണെന്ന് എഴുതി നല്‍കി.

തദ്ദേശ സെക്രട്ടറി റജിസ്റ്ററില്‍ എല്‍ഡിഎഫിലെ സിപിഎം അംഗമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത മറ്റൊരംഗം നല്‍കിയ പരാതിയിലാണ് ഷീബയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.