ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയിലെ കടുത്ത ഭിന്നതയില്‍ അതൃപ്തി അറിയിച്ച് സോണിയ ഗാന്ധി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കൊപ്പം അണി ചേരാന്‍ കര്‍ണാടകയിലെത്തിയ എഐസിസി അധ്യക്ഷ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. മൈസൂരുവിലെ കബനി റിസോര്‍ട്ടില്‍ ആയിരുന്നു കൂടിക്കാഴ്ച.
കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു. നേതൃത്വങ്ങളുടെ ഭിന്നതയില്‍ അതൃപ്തി അറിയിച്ച സോണിയ ഒരുമിച്ച് നില്‍ക്കണമെന്ന് നിര്‍ദേശവും നല്‍കി. സോണിയ ഗാന്ധിയുടെ അടക്കം പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന മല്ലികാര്‍ജുന ഖാര്‍ഗെയുടെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായി. ഇന്നും സോണിയ നേതാക്കളെ നേരില്‍ കാണും.
നേതാക്കള്‍ തമ്മിലുള്ള അപസ്വരങ്ങള്‍ക്കിടയിലും കോണ്‍ഗ്രസിന്റെ ശക്തി പ്രകടനമാക്കി മാറ്റിയാണ് കര്‍ണാടകയിലെ ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. സോണിയാ ഗാന്ധിയേയും പ്രിയങ്കയേയും പങ്കെടുപ്പിച്ച് ആഗതമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടി തുടക്കം കുറിക്കുകയാണ് കോണ്‍ഗ്രസ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഭിന്നിച്ച് നില്‍ക്കുന്ന നേതൃത്വം ജോഡോ യാത്രയോടെ ഒരുമിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷ.
കനത്ത മഴ നനഞ്ഞും പ്രസംഗിക്കുന്ന രാഹുലിനെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ മൈസൂരുവില്‍ ഭാരത് ജോഡോ യാത്രയ്ക്കിടെ കാണാനായത്. ബിജെപിക്കും ആര്‍എസ്എസിനും രൂക്ഷ വിമര്‍ശനവുമായി മഴയത്തും രാഹുല്‍ കത്തികയറിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കേരളത്തില്‍ കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഒഴിവാക്കിയായിരുന്നു ജോഡോ യാത്രയെങ്കില്‍ കര്‍ണാടകയില്‍ ബിജെപിയെ കടന്നാക്രമിച്ചാണ് പൊതു സമ്മേളനങ്ങള്‍.
കമ്മീഷന്‍ അഴിമതിയും രാഷ്ട്രീയ നിയമനങ്ങളും ഉയര്‍ത്തികാട്ടി പദയാത്ര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടി വേദിയായി. നെയ്ത്തുകാരെയും കര്‍ഷകരെയും കാണുന്ന രാഹുല്‍ മഠവും, മസ്ജിദും, പള്ളിയും സന്ദര്‍ശിക്കുന്നു. പിന്നാക്ക വോട്ടുകള്‍ക്ക് ഒപ്പം മുന്നാക്ക സമുദായത്തിന്റെ പിന്തുണ കൂടി ഉറപ്പാക്കാണ് ശ്രമം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.