'നെഹ്റു കുടുംബത്തിന് അതൃപ്തിയില്ല; ധൈര്യമായി മത്സരിക്കാന്‍ മൂന്ന് ഗാന്ധിമാരും പറഞ്ഞു': ശശി തരൂര്‍

'നെഹ്റു കുടുംബത്തിന് അതൃപ്തിയില്ല; ധൈര്യമായി മത്സരിക്കാന്‍ മൂന്ന് ഗാന്ധിമാരും പറഞ്ഞു': ശശി തരൂര്‍

കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഔദ്യോഗികമായി ഒരു സ്ഥാനാര്‍ഥിയില്ലെന്നും താന്‍ മത്സരിക്കുന്നതു കൊണ്ട് ഒരു ബുദ്ധിമുട്ടും തങ്ങള്‍ക്കില്ലെന്നും നെഹ്റു കുടുംബം തന്നെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍.

തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളായതിന് ശേഷവും നെഹ്റു കുടുംബം ഇതേ നിലപാടില്‍ തന്നെയാണ്. തിരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രിയോട് കോണ്‍ഗ്രസിന് ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ലെന്ന് പ്രഖ്യാപിക്കാന്‍ സോണി ഗാന്ധി ആവശ്യപ്പെട്ടത് ഈ നിലപാടിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ഥിയാകുന്നതിന് മുമ്പ് താന്‍ രാഹുലിനേയും പ്രിയങ്കയേയും സോണിയ ഗാന്ധിയേയും കണ്ടിരുന്നു. മത്സരിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ലെന്ന് അറിയിച്ചു. ഒരു ഔദ്യോഗിക സ്ഥാനാര്‍ഥി ഇല്ല. തങ്ങള്‍ നിഷ്പക്ഷമായിട്ടാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. അതുകൊണ്ട് ധൈര്യത്തോടെ മത്സരിച്ചോളൂവെന്നും പറഞ്ഞതായി പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസ് ഭാരവാഹിത്വം വഹിക്കുന്നവര്‍ പരസ്യ പ്രചാരണത്തിനിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അങ്ങനെ പ്രചാരണം നടത്തണമെങ്കില്‍ ഭാരവാഹിത്വം രാജിവെക്കണമെന്നാണ് സര്‍ക്കുലറില്‍ പറയുന്നതെന്നും ചില നേതാക്കളുടെ പരസ്യ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ തരൂര്‍ പ്രതികരിച്ചു.

ഖാര്‍ഗെയ്ക്ക് അനുകൂലമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ നടത്തിയ പ്രസ്താവന വ്യക്തിപരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടെടുപ്പ് പൂര്‍ണമായും രഹസ്യാത്മകമായിരിക്കും. ആര് ആര്‍ക്ക് വോട്ട് ചെയ്തെന്ന് കണ്ടെത്താന്‍ പറ്റില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും അത് സംബന്ധിച്ച് ഭയം വേണ്ടതില്ലെന്നും മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും തരൂര്‍ പറഞ്ഞു.

12 സംസ്ഥാനങ്ങളിലെങ്കിലും എത്തി പ്രചാരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. നാഗ്പുരിലും ഹൈദരാബാദിലും ഇതിനോടകം പോയി. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കണമെന്ന് രാഹുല്‍ ഗാന്ധി പത്ത് വര്‍ഷം മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട്. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതേ സമയം വലിയ നേതാക്കളുടെ പിന്തുണ താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.