ഫ്രത്തെലി തുത്തി, അന്നും ഇന്നും എന്നും

ഫ്രത്തെലി തുത്തി, അന്നും ഇന്നും എന്നും

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആഹ്വാനങ്ങളുടെയും ഉദ്ബോധനങ്ങളുടെയും താക്കീതുകളുടെയും മുന്നറിയിപ്പുകളുടെയും വിലാപങ്ങളുടെയും ശബ്ദം ഈ ലോകത്ത് അലയടിക്കാതെ ഒരു സൂര്യാസ്തമനം പോലും കടന്നുപോകുന്നില്ല. സാഹോദര്യത്തിനും സമത്വത്തിനും ലോക സമാധാനത്തിനും വേണ്ടി ലോകജനതയെയും നേതാക്കളെയും ഇടതടവില്ലാതെ ആഹ്വാനം ചെയ്യുന്ന മാർപ്പാപ്പയുടെ ശബ്ദം വത്തിക്കാനിൽ എന്നും മുഖരിതമാണ്. എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഭൂമി എന്ന പൊതുഭവനത്തിന്റെ നന്മകൾ അനുഭവിക്കുന്നതിലെ സമത്വമില്ലായ്മയുടെ വേദന നിഴ ലിക്കാതെ ഒരു പ്രബോധനവും അവസാനിക്കുന്നില്ല. മാർപാപ്പയുടെ ഓരോ ഉദ്‌ബോധനത്തിലും മുഴങ്ങി നിൽക്കുന്ന മൂന്നു ഘടകങ്ങൾ കരുണ, അനുകമ്പ, ദയ എന്നിവയാണ്. ഒറ്റ നോട്ടത്തിൽ ഒന്നുതന്നെ എന്ന് തോന്നുന്ന ഈ വാക്കുകൾ മാർപ്പാപ്പയുടെ അതിമഹനീയമായ ഉൾക്കാഴ്ചയിലൂടെ നോക്കിക്കാണുമ്പോൾ വ്യക്തമാകുന്ന, വാക്കുകളിലെ അർത്ഥവ്യത്യാസം അമ്പരിപ്പിക്കുന്നതാണ്.

എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നവരോട് മാർപ്പാപ്പയ്ക്ക് പറയാനേറെയുണ്ട്. മെത്രാന്മാർ, പുരോഹിതർ, സന്യസ്തർ മതബോധകർ, മാതാപിതാക്കൾ,യുവജനങ്ങൾ, കുട്ടികൾ തുടങ്ങി ജീവിതത്തിലെ വിവിധ അവസ്ഥകളിലുള്ളവരോടും രാഷ്ട്രീയക്കാർ, ബിസിനസ്സുകാർ, ശാസ്ത്രജ്ഞർ, അധ്യാപകർ, കായികപ്രേമികൾ, കലാരംഗത്ത് പ്രവർത്തിക്കുന്നവർ,ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ എന്നിങ്ങനെ ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരോടും സഹോദര്യത്തിനായി ആഹ്വാനം ചെയ്യുന്നു. ഫ്രത്തെലി തുത്തി എന്ന ചാക്രിക ലേഖനം എഴുതിയത് വെറുതെ നേരമ്പോക്കിന് അല്ല എന്ന് തെളിയിക്കുന്നതാണ് ഓരോ ദിവസത്തെയും പാപ്പയുടെ പ്രബോധനങ്ങൾ. മാർപ്പാപ്പയുടെ എല്ലാ പ്രബോധനങ്ങളുടെയും ആകെത്തുക മനുഷ്യ സാഹോദര്യവും പ്രകൃതി സാഹോദര്യവുമാണ്. ഭൂമിയെ ഉപദ്രവിക്കരുത് സംരക്ഷിക്കണമെന്നുള്ള പാപ്പയുടെ ആഹ്വാനത്തിന്റെ ശബ്ദം വത്തിക്കാന്റെ നാലുചുവരുകൾക്കുള്ളിൽ പ്രകമ്പനംകൊണ്ടവസാനിക്കാനുള്ളതല്ല. മാർപ്പാപ്പയുടെ ഈ ആഹ്വാനങ്ങളുടെ ശബ്ദം കത്തോലിക്കരിൽ തന്നെ നല്ലൊരു വിഭാഗം കേൾക്കുന്നില്ല എന്നുള്ളത് വേദനാജനകമാണ്. മാർപ്പാപ്പയുടെ ഉദ്ബോധനങ്ങൾ എല്ലാവരിലും എത്തിക്കുക എന്ന ദൗത്യം ഏറ്റെടുക്കാൻ ഓരോ കത്തോലിക്കനും കടപ്പാടുണ്ട്. ഈ ദൗത്യം സീന്യൂസ് ഏറ്റെടുക്കുകയാണ് .അതിൻറെ ആദ്യപടിയായാണ് സീന്യൂസ് പ്രസിദ്ധീകരിക്കുന്ന ആഴ്ചതോറുമുള്ള   മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം . കഴിഞ്ഞ രണ്ടു വർഷമായി ഒരു ഞായറാഴ്ച പോലും മുടങ്ങാതെ സീന്യൂസ് ഇത്‌ പ്രസിദ്ധീകരിക്കുന്നു. മറ്റൊരു ശ്രമമാണ് ആഴ്ചതോറുമുള്ള   വത്തിക്കാൻ നോട്ടീസിയ എന്ന യൂട്യൂബ് വീഡിയോ. സിന്യൂസ് ഓൺലൈൻ പോർട്ടലിൽ ഉടനെ ആരംഭിക്കുന്ന 'ഫ്രത്തെലി തുത്തി അന്നും ഇന്നും എന്നും' മറ്റൊരു സംരംഭമാണ്. എല്ലാ കത്തോലിക്ക വിശ്വാസികളും മാർപാപ്പയുടെ ശബ്ദം ലോകത്തിന്റെ എല്ലാ കോണുകളിലും എത്തിക്കാൻ സീന്യൂസിനൊപ്പം ചേരുക.


കഴിഞ്ഞ ആഴ്ച പാപ്പാ കായികലോകത്തോടും വിദ്യാർത്ഥികളൊടും ലോകത്തോട് മുഴുവനായും പറഞ്ഞത്:

1.യുദ്ധം പരിഹാരമല്ല, നാശം മാത്രമാണെന്ന് തിരിച്ചറിയാൻ ഇനിയും എത്ര രക്തം ഒഴുകണമെന്ന ചോദ്യമുന്നയിച്ച് യുദ്ധത്തിനെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപ്പാപ്പ
യുദ്ധം ഒരിക്കലും ഒരു പരിഹാരമല്ല, നാശം മാത്രമാണെന്ന് തിരിച്ചറിയാൻ ഇനിയും എത്ര രക്തം ഒഴുകണമെന്ന് മാർപ്പാപ്പയുടെ ചോദ്യം.ഉക്രെയ്നിലെ യുദ്ധത്തിന്റെ ഗതി വളരെ ഗൗരവമുള്ളതും വിനാശകരവും ഭീഷണിപ്പെടുത്തുന്നതും വലിയ ആശങ്കയുണ്ടാക്കുന്നതുമാണ്. അതിനാൽ, തന്റെ ത്രികാല പ്രാര്ഥനയോടനുബന്ധിച്ച സന്ദേശം ഇതിനുവേണ്ടി മാത്രം മാറ്റിവയ്ക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. മനുഷ്യരാശിക്ക് ഈ മുറിവ് ഭയാനകവും അചിന്തനീയവുമാണ്. സുഖപ്പെടുന്നതിന് പകരം കൂടുതൽ രക്തം ചൊരിയപ്പെടുന്നു. കഴിഞ്ഞ മാസങ്ങളിൽ ഒഴുകിയ കണ്ണീരിന്റെയും ചോരയുടെയും പുഴകൾ തന്നെ ദുഖിപ്പിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. അനേകരെ പ്രത്യേകിച്ച് കുട്ടികളെ ഭവനരഹിതരാക്കുകയും തണുപ്പും പട്ടിണിയും ജീവിതം ദുരിതപൂര്ണമാക്കുകയും ചെയ്തു. ചില പ്രവർത്തനങ്ങൾ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല എന്ന് പാപ്പാ പറഞ്ഞു. ഭ്രാന്തമായ യുദ്ധത്തിന്റെ മലിനമായ അന്തരീക്ഷമല്ല, സമാധാനത്തിന്റെ വായുവാണ് യുവതലമുറ ശ്വസിക്കേണ്ടത് ."ദൈവനാമത്തിലും മനുഷ്യമനഃസാക്ഷിയുടെ പേരിലും വെടിനിർത്തലിനുള്ള എന്റെ ആഹ്വാനം ഞാൻ ആവർത്തിക്കുന്നു എന്ന് പാപ്പാ പറഞ്ഞു. ആയുധങ്ങൾക്ക് അവസാനമുണ്ടാവണമെന്നും നീതിപൂർവകവും സുസ്ഥിരവുമായ പരിഹാരങ്ങളിലേക്ക് നയിക്കുന്ന ഉഭയസമ്മതപ്രകാരമുള്ള തുറന്ന ചർച്ചകൾക്കുള്ള വഴി തുറക്കണമെന്നും മാർപ്പാപ്പ പറഞ്ഞു.
പതിവിന് വിപരീതമായി ത്രികാല പ്രാര്ഥനയോടനുബന്ധിച്ചുള്ള സന്ദേശം ബൈബിൾ വായനയെ ആധാരമാക്കിയായിരുന്നില്ല.യുദ്ധത്തക്കുറിച്ചുള്ള പാപ്പയുടെ അസ്വസ്ഥതകളായിരുന്നു ഞായറാഴ്ച സന്ദേശത്തിൽ പങ്ക് വയ്ക്കപ്പെട്ടത്‌.

2.ഭക്ഷണദുർവ്യയം എന്നാൽ വ്യക്തി ദുർവ്യയം: ഭക്ഷണം പാഴാക്കരുതെന്ന ഓർമ്മപ്പെടുത്തൽ ആവർത്തിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

ക്ഷണദുർവ്യയം എന്നാൽ വ്യക്തി ദുർവ്യയം: ഭക്ഷണം പാഴാക്കരുതെന്ന ഓർമ്മപ്പെടുത്തൽ ആവർത്തിച്ച് ഫ്രാൻസിസ് മാർപ്പാപ്പ . ഭക്ഷണ ദുർവ്യയത്തിനും നഷ്ടപ്പെടുത്തലിനുമെതിരെയുള്ള അന്തർദേശീയ ബോധവൽക്കരണ ദിനത്തിൽ ഫ്രാൻസിസ് പാപ്പാ ഭക്ഷണത്തെയും കൃഷിയെയും സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ സംഘടനയായ FAO (Food and Agriculture Organizationന്ന ൽകിയ സന്ദേശത്തിൽ ലോക ജനസംഖ്യയുടെ മൂന്നിൽ ഒന്ന് ഭാഗത്തിന് മതിയായ ഭക്ഷണം ലഭിക്കുന്നില്ലെന്ന സാമൂഹിക അനീതിയെ എടുത്തുകാട്ടി സംസാരിച്ചു. ഉൽപ്പാദിപ്പിക്കുന്നത് നശിപ്പിക്കാനല്ല, പുനർവിതരണം ചെയ്യാനാണെന്ന് എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. "ഭക്ഷണദുർവ്യയം എന്നാൽ വ്യക്തി ദുർവ്യ യമാണെന്ന് പാപ്പാ താക്കീത് നൽകി. സമൃദ്ധിയിൽ ജീവിക്കുന്നവരും പട്ടിണിയിൽ കഴിയുന്നവരും തമ്മിലുള്ള ആഴമായ അസമത്വം എല്ലായ്പ്പോഴും പാപ്പയെ അസ്വസ്ഥതപ്പെടുത്തി.ഭക്ഷണം ശരിയായ രീതിയിൽ ഉപയോഗിക്കാതെ അതിനെ ദുർവ്യയം ചെയ്യുന്നതും നശിപ്പിച്ചു കളയുന്നതും "ഉപയോഗിച്ചു വലിച്ചെറിയുന്ന സംസ്കാരം"മാണെന്ന് പാപ്പാ പറഞ്ഞു.ഓരോ വ്യക്തിയുടേയും അടിസ്ഥാനവകാശമാണ് ആവശ്യമായ ഭക്ഷണം. അത് ലഭ്യമല്ലാതിരിക്കുകയോ വാങ്ങാനുള്ള വഴിയില്ലാതിരിക്കുകയോ ചെയ്യുന്നുവെന്നറിഞ്ഞു കൊണ്ട് ഭക്ഷണം കുപ്പത്തൊട്ടിയിൽ കളയുന്നതും ആവശ്യമുള്ളവർക്ക് എത്തിച്ചു കൊടുക്കാൻ വേണ്ട സൗകര്യം ഇല്ലാതെ വരുന്നതും വേദനാജനകവുമാണ്. നമ്മൾ പുനർവിതരണം ചെയ്യാൻ വേണ്ടി ശേഖരിക്കണം, അല്ലാതെ നശിപ്പിക്കാനല്ല " എന്ന് താൻ 2019 ൽ യൂറോപ്യൻ ഫെഡറേഷന്റെ ഭക്ഷണ ബാങ്കിന് നൽകിയ പ്രഭാഷണം വീണ്ടും ആവർത്തിക്കുകയാണെന്നും വീണ്ടും വീണ്ടും അത് ആവർത്തിക്കുന്നതിൽ താൻ തളരില്ല എന്നും പാപ്പാ ഉറപ്പിച്ചു പറഞ്ഞു. സത്യത്തിൽ 800 കോടി ജനങ്ങളുടെ വിശപ്പടക്കാൻ ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നിട്ടും പട്ടിണി മാറുന്നില്ല എന്നു പറഞ്ഞു കൊണ്ട് ഫ്രാൻസിസ് പാപ്പാ യഥാർത്ഥ പ്രശനത്തിലേക്ക് കടന്നു. നമുക്കില്ലാത്തത് സാമൂഹിക നീതിയാണ്, വിഭവങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിലും സമ്പത്തിന്റെ വിതരണത്തിലുമുള്ള അനീതിയാണ് പ്രശ്‌നമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ഭൂമിയെ ചൂഷണം ചെയ്യരുതെന്നും ദൈവം നൽകിയ പൊതുഭവനത്തെ പരിപാലിക്കണമെന്നുമുള്ള അപേക്ഷ പാപ്പാ ആവർത്തിച്ചു.വിസ്മരിക്കപ്പെടുന്ന വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങാതെ പൊതു നന്മയ്ക്കായി അടിയന്തിരമായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും രാജ്യങ്ങളും, വൻകിട ബഹുരാഷ്ട്ര കമ്പനികളും, സംഘടനകളും വ്യക്തികളും, ഒരാൾ പോലും സ്വയം ഒഴിവാകാതെ പ്രായോഗികമായും സത്യസന്ധമായും നീതിക്കുവേണ്ടി മുറവിളി കൂട്ടുന്ന വിശക്കുന്നവരുടെ നിലവിളിയോടു പ്രതികരിക്കണമെന്നും പപ്പാ ആവശ്യപ്പെട്ടു.

3.സാമൂഹികൈക്യത്തിനും ലോകസമാധാനത്തിനും ശ്രമിക്കുക: കായികവിനോദ മേഖലയോട് മാർപ്പാപ്പ

സാമൂഹികൈക്യത്തിനും ലോകസമാധാനത്തിനും കായികവിനോദത്തിന് മുഖ്യപങ്ക് വഹിക്കാനാകുമെന്ന് മാർപ്പാപ്പ
വ്യക്തികളുടെ കൂടിച്ചേരലിന്റെയും മൂല്യപരിശീലനത്തിൻറെയും സാഹോദര്യത്തിൻറെയും വേദിയാണ് കായികവിനോദമെന്ന വിശ്വാസത്താൽ സഭ അതിനോടു ചേർന്നു നില്ക്കുന്നുവെന്ന് മാർപ്പാപ്പ പറഞ്ഞു. അല്മായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ കായികവിനോദത്തെ അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര ഉച്ചകോടിയിൽ പങ്കെടുത്ത നാല്പതോളം രാജ്യങ്ങളിൽനിന്നുള്ളവരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു മാർപ്പാപ്പ.സകലർക്കും വേണ്ടിയുള്ളതും ഏകീകൃതവും, എല്ലാവർക്കും പങ്കെടുക്കാനാകുന്നതും, ഓരോവ്യക്തിക്കും അനുയോജ്യമായതുമാക്കി കായികവിനോദത്തെ മാറ്റുന്നതിനുവേണ്ടി പരിശ്രമിക്കേണ്ടതിൻറെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം ഉളവാക്കുന്നതിനെപ്പറ്റിയും പാപ്പാ അഭിപ്രായപ്പെട്ടു.


4 ഏഷ്യയിൽ നിന്നുള്ള ഏക അംഗമായി വത്തിക്കാൻ കമ്മ്യൂണിക്കേഷൻ ഡികാസ്ട്രിയിൽ മലയാളി വൈദികൻ

വത്തിക്കാനിലെ വാര്‍ത്താ വിനിമയ വിഭാഗമായ ഡികാസ്റ്ററി ഓഫ് കമ്യൂണിക്കേഷനില്‍ ആദ്യമായി ഒരു മലയാളി വൈദികനും.ഫ്രാന്‍സിസ് മാര്‍പാപ്പ പുതുതായി നിയമിച്ച ഉപദേശകരില്‍ സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോ സന്യാസാംഗവും കണ്ണൂര്‍ ആലക്കോട് സ്വദേശിയുമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടമാണ് തെരഞ്ഞെടുക്കപ്പെട്ടത്.നിലവില്‍ ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ സാമൂഹ്യ സമ്പര്‍ക്ക വിഭാഗം എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ് ഫാ. ജോര്‍ജ് പ്ലാത്തോട്ടം. രണ്ട് അംഗങ്ങളെയും ഫാ. ജോര്‍ജ് ഉള്‍പ്പെടെ പത്ത് ഉപദേശകരെയുമാണ് കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചത്. മാധ്യമ പരിശീലകനും പത്രപ്രവര്‍ത്തകനും കമ്യൂണിക്കേഷന്‍ വിദഗ്ധനുമായ ഫാ. ജോര്‍ജ് പ്ലാത്തോട്ടം 2019 മുതല്‍ ഏഷ്യന്‍ കത്തോലിക്കാ റേഡിയോ സര്‍വീസായ എഫ്എബിസി ഒഎസിയുടെ മേധാവിയാണ്. ഡോണ്‍ബോസ്‌കോ സഭയുടെ ഗോഹട്ടി പ്രോവിന്‍സ് അംഗമായ അദ്ദേഹത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേര്‍ണലിസത്തിലും മാസ്റ്റേഴ്‌സ് ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ഡോക്ടറേറ്റുമുണ്ട്.അദ്ദേഹത്തിന് തിയോളജിയിലും സോഷ്യോളജിയിലും ജേര്‍ണലിസത്തിലും മാസ്റ്റേഴ്‌സ് ബിരുദവും മാസ് കമ്യൂണിക്കേഷനില്‍ ഡോക്ടറേറ്റുമുണ്ട്.


5.രണ്ടാം വത്തിക്കാൻ കൗൺസിൽ വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പുസ്തകത്തിന് ഫ്രാൻസിസ് മാർപാപ്പയുടെ ആമുഖം

രണ്ടാം വത്തിക്കാൻ വാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ പുസ്തകത്തിന് ആമുഖം എഴുതിയത് ഫ്രാൻസിസ് മാർപാപ്പ.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ 60-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ ആമുഖം എഴുതിയ പുസ്തകം പുറത്തിറങ്ങുന്നു. "ജോൺ XXIII. വത്തിക്കാൻ II എ കൗൺസിൽ ഫോർ ദി വേൾഡ്" എന്ന തലക്കെട്ടോടെയാണ് പുസ്തകം പുറത്തിറങ്ങുന്നത്. ഫാ. എറ്റോർ മൽനാറ്റിയും മാർക്കോ റൊങ്കാലിയുയാണ് പുസ്തകത്തിന്റെ രചയിതാക്കൾ. ഇറ്റാലിയൻ ഭാഷയിലാണ് പുസ്തകം പ്രസിദ്ധീകരിക്കുക. 1962 ഒക്ടോബർ 11 ന് ആരംഭിച്ച രണ്ടാം വത്തിക്കാൻ കൗൺസിന്റെ വാർഷികദിന തലേന്ന് പുസ്തകം പുറത്തിറങ്ങും. വത്തിക്കാൻ കൗൺസിലിന്റെ ചരിത്രത്തെ അത് സഭയിൽ സൃഷ്ടിച്ച മാറ്റങ്ങളുടെയും നിലവിലെ സിനഡൽ പ്രക്രിയയുടെയും വെളിച്ചത്തിൽ അവലോകനം ചെയ്യുകയാണ് ഈ പുസ്തകമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയുടെ വ്യക്തമാക്കുന്നു. പുസ്തകത്തിന്റെ മുഖവുര എഴുതാൻ തന്നോട് ആവശ്യപ്പെട്ടതിൽ പല കാരണങ്ങളാൽ അഭിമാനിക്കുന്നുവെന്നും മാർപ്പാപ്പ പറയുന്നു. അതിൽ പ്രധാന കാരണം വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയും രണ്ടാം വത്തിക്കാൻ കൗൺസിലുമാണ്. സഭയുടെ വികസനത്തിനും സമകാലിക ലോകത്തോടുള്ള സമീപനത്തിനും സഭയുടെ എക്യൂമെനിക്കൽ യാത്രയ്ക്കും ഈ രണ്ട് ഘടകങ്ങളും വളരെ നിർണ്ണായകമായിരുന്നുവെന്നും പാപ്പാ വിശദീകരിച്ചു. കൗൺസിലിന്റെ ചരിത്രത്തെ അവലോകനം ചെയ്യുക. പ്രത്യേകിച്ച് തുറന്നതും സ്വതന്ത്രവുമായ ഹൃദയത്തോടെവർത്തമാനകാലത്തെ സിനഡിന്റെ ആത്മാവിൽ ജീവിക്കുക എന്നതാണ് നിരുത്സാഹപ്പെടാതിരിക്കാനും ദൈവത്തിന് ഇടം നൽകാനുമുള്ള മാർഗമെന്നും മാർപ്പാപ്പ പറയുന്നു. ആഞ്ചലോ ഗ്യൂസെപ്പെ റൊങ്കാലി എന്ന ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ സഹോദരിപുത്രനും ചരിത്രകാരനും പത്രപ്രവർത്തകനുമാണ് പുസ്തക രചയിതാക്കളിൽ ഒരാളായ മാർകോ റൊങ്കാലി.


6. സൗന്ദര്യം ഉജ്ജ്വലിക്കട്ടെ; വിദ്യാർത്ഥികളോട് മാർപ്പാപ്പ

സൗന്ദര്യത്തെ ഉജ്ജ്വലിക്കാൻ അനുവദിക്കണമെന്ന ആഹ്വാനവുമായി ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടിയിൽ വിദ്യാർത്ഥികളോട് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം. നാം സ്വാംശീകരിച്ച യഥാർത്ഥ സൗന്ദര്യം ജീവിതത്തിലുടനീളം പഠിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നും മാർപ്പാപ്പാ പറഞ്ഞു. സെപ്റ്റംബർ 30-ന് ചേർന്ന “ഊർസുലൈൻ ആഗോള വിദ്യഭ്യാസ ഉടമ്പടിയിൽ (Ursuline Global Education Compact) വിദ്യാർത്ഥികൾക്കായി നല്കിയ സന്ദേശത്തിലാണ് പാപ്പായുടെ ഉദ്‌ബോധനം.

ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും മനുഷ്യൻ അതിസുന്ദരനാണെന്ന് കാണുകയും ചെയ്ത സൃഷ്ടികർമ്മത്തിൻറെ ആദ്യ നിമിഷം മുതൽ എല്ലായ്‌പ്പോഴും നമ്മുടേതായ യഥാർത്ഥ സൗന്ദര്യം പ്രസരിപ്പിക്കുകയും സംരക്ഷിക്കുകയും വേണ്ടതാണെന്നും ഫ്രാൻസീസ് പാപ്പാ സന്ദേശത്തിൽ പറഞ്ഞു. സൗന്ദര്യം എന്നാൽ ലോകം വിഭാവനം ചെയുന്ന ഭൗതികമായ 'ഫാഷൻ' എന്ന കാഴ്ചപ്പാടല്ല എന്ന് പാപ്പാ ഓർമ്മിപ്പിച്ചു. ദസ്തയേവ്‌സ്‌കിയുടെ 'ദി ഇഡിയറ്റ്' എന്ന ചെറുകഥയിൽ മിഷ്‌കിൻ രാജകുമാരൻ പറഞ്ഞതുപോലെ സൗന്ദര്യം ലോകത്തെ രക്ഷിക്കുമെന്നത് സത്യമാണെങ്കിൽ, ഈ സൗന്ദര്യം പങ്കിടുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് പാപ്പാ വിശദീകരിച്ചു. ഒരു വ്യക്തിയെ അവന്റെ ഹൃദയത്തിന്റെ സൗന്ദര്യത്തിലേക്ക് നയിക്കാതെ നമുക്ക് വിദ്യാഭ്യാസം നൽകാനാവില്ല . കവികളെ സൃഷ്ടിക്കാൻ നിങ്ങൾക്കറിയില്ലെങ്കിൽ വിദ്യാഭ്യാസം വിജയിക്കില്ലെന്ന് ഞാൻ പറയുമെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.