ന്യൂഡല്‍ഹി: ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികളില്‍ ഒരാളായ ഡോ. മുസമ്മില്‍ ഷക്കീലിന് ജെയ്ഷെ മുഹമ്മദ് ഭീകരന്‍ ബോംബ് നിര്‍മാണ വീഡിയോകള്‍ അയച്ചു കൊടുത്തതായി റിപ്പോര്‍ട്ട്. ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ബോംബ് ഇങ്ങനെയാണ് നിര്‍മിച്ചതെന്നാണ് വിവരം.
പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ ഹന്‍സുള്ള എന്നറിയപ്പെടുന്ന ഭീകരനാണ് സ്ഫോടനത്തില്‍ ഉള്‍പ്പെട്ട പ്രതികളില്‍ ഒരാളായ ഡോ. മുസമ്മില്‍ ഷക്കീലിന് വീഡിയോകള്‍ അയച്ചുകൊടുത്തതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.
ഒക്ടോബറില്‍ ജമ്മു കാശ്മീരിലെ നൗഗാമില്‍ കാണപ്പെട്ട ജെയ്ഷെ മുഹമ്മദിന്റെ പോസ്റ്ററുകളില്‍ 'കമാന്‍ഡര്‍ ഹന്‍സുള്ള ഭായ്' എന്നെഴുതിയിരുന്നു. ഈ പോസ്റ്ററുകളാണ് ഭീകരവാദ അന്വേഷണത്തിലേക്ക് നയിച്ചത്. ചെങ്കോട്ട സ്ഫോടനക്കേസ് അന്വേഷിക്കുന്ന സംഘം ഇയാളെ കണ്ടെത്താനുള്ള ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ നിന്നുള്ള പുരോഹിതനായ മൗലവി ഇര്‍ഫാന്‍ അഹമ്മദ് വഴിയാണ് ഹന്‍സുള്ള, മുസമില്‍ ഷക്കീലിനെ ബന്ധപ്പെട്ടതെന്നാണ് അന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ഡോക്ടര്‍മാരെ തീവ്രവാദത്തിലേക്കെത്തിക്കുകയും വൈറ്റ് കോളര്‍ ഭീകര മൊഡ്യൂള്‍ രൂപീകരിച്ചതിനും പിന്നില്‍ പ്രവര്‍ത്തിച്ചത് മൗലവി ഇര്‍ഫാന്‍ അഹമ്മദാണെന്ന് അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു.
ഫരീദാബാദിലെ അല്‍-ഫലാഹ് സര്‍വകലാശാലയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷക്കീലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്യുന്നത്. തുടര്‍ന്ന് ഷക്കീല്‍ സര്‍വകലാശാലയിലെ മറ്റ് സമാന ചിന്താഗതിക്കാരായ ഡോക്ടര്‍മാരായ മുസാഫര്‍ അഹമ്മദ്, അദീല്‍ അഹമ്മദ് റാത്തര്‍, ഷഹീന്‍ ഷാഹിദ് എന്നിവരെ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തു.
അതേസമയം സ്ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ പരിശീലനം ലഭിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഷക്കീല്‍ തുര്‍ക്കി വഴി അഫ്ഗാനിസ്ഥാനിലേക്ക് പോയതിന്റെ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഡോക്ടര്‍ മൊഡ്യൂളില്‍ ഉള്‍പ്പെട്ടവര്‍ മാസങ്ങളായി ദേശീയ തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്തിരുന്നതായും വിവരം ലഭിച്ചു. ഡല്‍ഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലെ ഉന്നത പ്രദേശങ്ങള്‍ ലക്ഷ്യമിടുന്നതിനായി ശക്തമായ 200 ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡികള്‍) സംഘം തയ്യാറാക്കിയിരുന്നു.
ചെങ്കോട്ടയില്‍ ഭീകരാക്രമണം നടത്തിയ ഡോ. ഉമര്‍ നബി മൂന്നുവര്‍ഷം മുന്‍പ് തുര്‍ക്കി സന്ദര്‍ശിച്ചിരുന്നതായി അന്വേഷണ സംഘം നേരത്തേ കണ്ടെത്തിയിരുന്നു. ഉമറിന്റെ യാത്രാ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളുടെ തുര്‍ക്കി സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കണ്ടെത്തിയത്. 2022 മാര്‍ച്ചില്‍ മറ്റ് രണ്ടു പേര്‍ക്കൊപ്പമായിരുന്നു ഉമറിന്റെ തുര്‍ക്കി യാത്ര.
മുസാഫര്‍ അഹമ്മദ് റാത്തര്‍, ഫരീദാബാദില്‍ സ്‌ഫോടകവസ്തുക്കളുമായി അറസ്റ്റിലായ ഡോ. മുസമ്മില്‍ ഷക്കീല്‍ എന്നിവരാണ് ഉമറിനൊപ്പം തുര്‍ക്കിയിലേക്ക് പോയത്. രണ്ടാഴ്ചയോളം മൂവര്‍ സംഘം തുര്‍ക്കിയില്‍ തങ്ങി. തുര്‍ക്കി സന്ദര്‍ശത്തിനിടെ ഏകദേശം 14 പേരുമായി ഇവര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം.
പാക് തീവ്രവാദ സംഘടനകളായ ജെയ്‌ഷെ മുഹമ്മദിനും ഐ.എസ് ശാഖയായ അന്‍സാര്‍ ഗസ്വാത് അല്‍ ഹിന്ദിനും വേണ്ടിയാണ് ഉമര്‍ നബിയും അറസ്റ്റിലായ ഡോക്ടര്‍മാരും പ്രവര്‍ത്തിച്ചതെന്ന കാര്യം നേരത്തേ വ്യക്തമായിരുന്നു. തുര്‍ക്കി അങ്കാറയില്‍ നിന്നുള്ള 'ഉകാസ' എന്ന കോഡ് നാമത്തിലറിയപ്പെടുന്ന വ്യക്തി ഡോക്ടര്‍മാരുടെയും ജെയ്ഷിന്റെയും അന്‍സാറിന്റെയും ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.