രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 82.22

രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച; ഡോളറിനെതിരെ മൂല്യം 82.22

മുംബൈ: ഡോളറിനെതിരായ വിനിമയ നിരക്കിൽ രൂപയ്ക്ക് വീണ്ടും റെക്കോർഡ് തകർച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് രൂപ. എണ്ണവില കുതിച്ചുയരുന്നതും ഡോളർ സൂചിക കുതിച്ചതും രൂപയെ തളർത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 82.22 എന്ന റെക്കോർഡ് താഴ്ചയിലെത്തി.

ചരക്ക് വില വർധിച്ച സാഹചര്യത്തിൽ ഈ സാമ്പത്തിക വർഷത്തെ ഇന്ത്യയുടെ വളർച്ചാ പ്രവചനം ലോകബാങ്ക് ഒരു ശതമാനം കുറച്ചു. ഇന്ത്യയുടെ ജിഡിപി വളർച്ചാ പ്രവചനം 7.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമായി ബാങ്ക് വെട്ടിക്കുറച്ചു. എണ്ണവില ഇനിയും ശക്തി പ്രാപിച്ചാൽ രൂപയുടെ മൂല്യം ഇനിയും കുറയുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കാൻ അമേരിക്കൻ ഫെഡറൽ റിസർവ് നികുതി നിരക്കുകൾ കുത്തനെ ഉയർത്തിയിരുന്നു. ഇത് രൂപയുടെ മൂല്യം കുറയാൻ കാരണമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 28 ന് രൂപ 81.93 എന്നതിലേക്ക് എത്തിയിരുന്നു.

രൂപയെ തകർച്ചയിൽ നിന്നും കരകയറ്റാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ശ്രമിക്കുന്നുണ്ടെങ്കിലും ഉടനടി ഒരു പ്രതിഫലനം വിപണിയിൽ ഉണ്ടായേക്കില്ല. നിലവിൽ കമ്മിയിലായ ബാങ്കിംഗ് സംവിധാനത്തിലെ അപര്യാപ്തമായ പണലഭ്യതയാണ് ആർബിഐക്ക് കറൻസിയുടെ തകർച്ചയെ രക്ഷിക്കാൻ കഴിയാത്തതിന്റെ ഒരു കാരണം.

രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ കരുതൽ ധനത്തിൽ നിന്നും ഡോളർ വിറ്റുവെന്ന വാർത്ത ഉദ്യോഗസ്ഥ വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. രൂപയുടെ മൂല്യം 80 ൽ മുകളിൽ എത്തുന്നത് തടയാൻ വേണ്ടി ജൂലൈയിൽ മാത്രം സെൻട്രൽ ബാങ്ക് 19 ബില്യൺ ഡോളർ ആണ് അതിന്റെ കരുതൽ ധനത്തിൽ നിന്നും വിറ്റഴിച്ചത് എന്നാണ് റിപ്പോർട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.