തിരുവനന്തപുരം: കേരളത്തിൽ 130 കിമീ വേഗതയിൽ ട്രെയിൻ ഓടും. രാജ്യത്തെ തിരഞ്ഞെടുത്ത റെയില്‍പ്പാതകളില്‍ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 130 കിലോ മീറ്ററായി വര്‍ദ്ധിപ്പിക്കാൻ ഒരുങ്ങുന്നു.
ഇതിന്‍റെ ഭാഗമായി കേരളത്തില്‍ അടുത്ത രണ്ടുവർഷത്തിനകം ഷൊർണൂർ-മംഗളൂരു, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ പാതകളിലൂടെ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ ട്രെയിനുകള്‍ ഓടിക്കുമെന്ന് ദക്ഷിണറെയിൽവേ അധികൃതര്‍ വ്യക്തമാക്കി. 2024-2025 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇതിനായി റെയിൽപ്പാത ശക്തിപ്പെടുത്തുകയും സിഗ്നൽസംവിധാനം നവീകരിക്കുകയും ചെയ്യാനാണ് നീക്കം. ഇതോടൊപ്പം ആരക്കോണം-ജോലാർപ്പേട്ട്, എഗ്‌മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും 130 കിലോമീറ്റർ വേഗത്തിൽ തീവണ്ടികൾ ഓടിക്കാനായി നവീകരിക്കും.
134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിലൂടെ വേഗ പരീക്ഷണം നടത്തിയതു സംബന്ധിച്ച പത്രക്കുറിപ്പിലാണ് റെയില്‍വേ അധികൃതര്‍ ഇക്കാര്യങ്ങൾ അറിയിച്ചത്. വ്യാഴാഴ്‍ച നടത്തിയ പരീക്ഷണയാത്രയിൽ 143 കിലോമീറ്റർവേഗത്തിൽവരെ ട്രെയിൻ ഓടിച്ചു. 84 മിനിറ്റുകൊണ്ടാണ് 134 കിലോമീറ്റർ പിന്നിട്ടത്.
അതേസമയം കേരളത്തിലെ റെയിൽ പാതകളിലെ വേഗം കൂട്ടുന്നതിനു മുന്നോടിയായി രണ്ട് പാതകൾ റെയിൽവേ ബോർഡ് ഡി ഗ്രൂപ്പിൽ നിന്നു ബി ഗ്രൂപ്പിലേക്ക് ഉയർത്തിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തിരുവനന്തപുരം–എറണാകുളം (ആലപ്പുഴ വഴി), ഷൊർണൂർ–മംഗളൂരു പാതകളാണു ഗ്രൂപ്പ് ബിയിൽ ഉൾപ്പെടുത്തിയത്. ഗ്രൂപ്പ് ബിയുടെ ഭാഗമായ റൂട്ടുകളെയാണ് മണിക്കൂറിൽ 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ വികസിപ്പിക്കുക.
തിരുവനന്തപുരം–മംഗളൂരു പാതയിൽ വേഗം കൂട്ടാനായി അന്തിമ ലൊക്കേഷൻ സർവേ നടത്താൻ ഓഗസ്റ്റിൽ 12.88 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് പാതകളുടെ ഗ്രൂപ്പ് മാറ്റം. വേഗതയുടെയും പ്രാധാന്യത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ബ്രോഡ്ഗേജ് പാതകളെ അഞ്ചായിട്ടാണു തരംതിരിച്ചിട്ടുള്ളത്. എ ഗ്രൂപ്പിൽ വരുന്ന പാതകളിൽ 160 കിമീ വേഗവും ബിയിൽ 130 കിമീ വേഗവും വേണമെന്നാണു നിബന്ധന. കേരളത്തിലെ മിക്ക റെയില്‍പ്പാതകളും പരമാവധി വേഗം 100 വരുന്ന ഡി ഗ്രൂപ്പിലായിരുന്നു ഇതുവരെ.
ട്രെയിനുകളുടെ വേഗത കൂട്ടുമ്പോള്‍ ഒട്ടേറെ സ്ഥലങ്ങളിൽ വളവുകൾ കുറയ്ക്കാനായി കൂടുതൽ ഭൂമി ഏറ്റെടുക്കേണ്ടി വരും. വിശദമായ പഠനം നടത്തിയാലേ എവിടെയൊക്കെ ബൈപ്പാസ് ലൈനുകളും വേണ്ടി വരുന്ന ഭൂമിയുടെ കണക്കുകളും വ്യക്തമാകു എന്ന് അധികൃതർ പറയുന്നു. കൊല്ലം, കുറ്റിപ്പുറം സ്റ്റേഷനുകളിൽ വളവുകൾ നിവർത്താനായി ബൈപ്പാസ് ലൈനുകൾ നിർമിക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.