ജനുവരിയില്‍ കേരളത്തില്‍ നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

ജനുവരിയില്‍ കേരളത്തില്‍ നോര്‍വീജിയന്‍ കമ്പനികളുടെ നിക്ഷേപക സംഗമം നടത്തുമെന്ന് മുഖ്യമന്ത്രി

ഓസ്ലോ: സംസ്ഥാനത്ത് നിക്ഷേപ താല്‍പര്യങ്ങളുള്ള നോര്‍വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി. കേരളത്തിലെ നിക്ഷേപ സാധ്യതകളെ സംബന്ധിച്ച് ഓസ്ലോയില്‍ സംഘടിപ്പിച്ച ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇന്നോവേഷന്‍ നോര്‍വേ, നോര്‍വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വീജിയന്‍ എംബസിയും സംയുക്തമായാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

ഹൈഡ്രജന്‍ പ്രോയുടെ സിഇഒ എറിക് ബോള്‍സ്റ്റാഡ്, മാലിന്യം വെന്‍ഡിംഗ് മെഷീനുകളിലൂടെ സംഭരിച്ച് സംസ്‌കരിക്കുന്ന പ്രശസ്ത കമ്പനിയായ ടോംറയുടെ വൈസ് പ്രസിഡന്റ് ജേക്കബ് റോഹന്‍ ഹോഗ്, മാലിന്യ സംസ്‌കരണത്തിലെ ആഗോള സ്ഥാപനമായ കാമ്പിയുടെ സിഇഒ എറിക് ഫാഡ്‌സ്, എംടിആര്‍ കമ്പനിയുടെ സിഇഒ സഞ്ജയ് ശര്‍മ്മ എന്നിവര്‍ പ്രസന്റേഷനുകള്‍ അവതരിപ്പിച്ചു.

നോര്‍വേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയോട് കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍ അറിയിച്ചു. അതിനുള്ള എല്ലാ സഹായവും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. സര്‍ക്കാര്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും നോര്‍വേ സന്ദര്‍ശനത്തിന്റെ നേട്ടങ്ങളും മുഖ്യമന്ത്രി മലയാളി അസോസിയേഷന് മുന്നില്‍ വിശദീകരിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.