മോസ്‌കോ: ഉക്രെയ്‌നില്‍ നിന്ന് 2014-ല്‍ പിടിച്ചെടുത്ത ക്രിമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കടല്‍പാലത്തില്‍ വന്‍ തീപിടിത്തം. കടല്‍പാലത്തിലുടെ പോവുകയായിരുന്ന ഓയില്‍ ടാങ്കറിനു തീപിടിച്ചതിനു പിന്നാലെ പാലം കത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. പാലം കത്തുന്നതും ഭാഗികമായി തകര്‍ന്നുവീഴുന്നതുമായ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിനിടെ പാലത്തിനു തീപിടിച്ചതിനു കാരണം വ്യക്തമല്ലെങ്കിലും മിസൈല്‍ ആക്രമണമാണെന്ന ഊഹാപോഹം ശക്തമാണ്.
യുദ്ധത്തില്‍ ഉക്രെയ്ന്‍ തിരിച്ചടിക്കുമെന്ന് ഏതാനും ദിവസം മുമ്പ് അമേരിക്ക പറഞ്ഞതുമായി ഇതിനെ ചിലര്‍ ബന്ധിപ്പിക്കുന്നുണ്ട്.
ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ആറു മണിയോടെയാണ് പ്രദേശവാസികള്‍ വലിയ സ്ഫോടന ശബ്ദം കേട്ടത്. പാലത്തിനു മുകളിലൂടെ പോവുന്ന ഓയില്‍ ടാങ്കറിനു തീപിടിക്കുന്നതായാണ് ചില ദൃശ്യങ്ങളില്‍ ഉള്ളത്. ചിലതില്‍ റോഡ് തകര്‍ന്നുവീഴുന്നുണ്ട്. ക്രിമിയയിലേക്ക് റെയില്‍ മാര്‍ഗം കൊണ്ടുപോകുകയായിരുന്നു ഏഴ് എണ്ണ ടാങ്കറുകള്‍ക്ക് തീപിടിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ 70-ാം ജന്മദിനത്തില്‍ തന്നെ തിരിച്ചടി നല്‍കിയെന്ന മട്ടില്‍ ചില ഉക്രെയ്ന്‍ അക്കൗണ്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ കമന്റ് ഇട്ടിട്ടുണ്ട്.
യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലം ക്രിമിയയെ റഷ്യയുടെ ഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നു. പുടിന്റെ ഉത്തരവനുസരിച്ച് നിര്‍മിച്ചതും 2018 ല്‍ ഉദ്ഘാടനം ചെയ്തതുമായ പാലം, യുദ്ധം ചെയ്യുന്ന റഷ്യന്‍ സൈനികര്‍ക്ക് സൈനിക ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും അവിടെ സൈനികരെ കടത്തിവിടുന്നതിനുമുള്ള പ്രധാന ഗതാഗത മാര്‍ഗമായിരുന്നു. ഉക്രെയ്‌നിലെ യുദ്ധത്തിനിടയിലും പാലം സുരക്ഷിതമാക്കാന്‍ റഷ്യ ശ്രദ്ധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.