പി.ഡബ്ള്യു.ഡി റോഡ് മേയര്‍ സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

പി.ഡബ്ള്യു.ഡി റോഡ് മേയര്‍ സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് നല്‍കിയ സംഭവം: മന്ത്രി മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: എം.ജി റോഡില്‍ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങിനായി സ്ഥലം വാടകയ്ക്ക് നല്‍കിയ സംഭവത്തില്‍ ഇടപെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയറോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തേടി.

പാര്‍ക്കിങിന് സ്ഥലം അനുവദിച്ച കോര്‍പറേഷന്റെ നടപടി ഏറെ വിവാദമായിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ റോഡാണ് പ്രതിമാസം 5,000 രൂപ വാടക ഈടാക്കി സ്വകാര്യ ഹോട്ടലിന് നല്‍കിയത്. മേയര്‍ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ട്രാഫിക് ഉപദേശക സമിതിയാണ് എം.ജി റോഡില്‍ ആയുര്‍വേദ കോളജിന് എതിര്‍വശത്ത് ദേവസ്വം ബോര്‍ഡ് കെട്ടിടത്തില്‍ പുതുതായി തുടങ്ങിയ സ്വകാര്യ ഹോട്ടലിന് റോഡ് വാടകയ്ക്കു നല്‍കാന്‍ തീരുമാനം എടുത്തത്.

കോര്‍പ്പറേഷന്‍ സെക്രട്ടറിയും ഹോട്ടലുടമയും ചേര്‍ന്ന് ഇതിനായി 100 രൂപയുടെ പത്രത്തില്‍ കരാറുണ്ടാക്കി ഒപ്പു വയ്ക്കുകയും ചെയ്തു. റോഡ് സുരക്ഷാ നിയമപ്രകാരം പാര്‍ക്കിങിന് റോഡ് അനുവദിക്കാന്‍ സര്‍ക്കാരിനു പോലും അനുവാദമില്ലെന്നിരിക്കെയാണ് പൊതുമരാമത്ത് വകുപ്പ് റോഡ് മേയര്‍ സ്വന്തം ഭൂമിയെന്ന പോലെ സ്വകാര്യ ഹോട്ടലിന് പാര്‍ക്കിങിനായി വാടകയ്ക്ക് നല്‍കിയത്.

കരാര്‍ ഉണ്ടായതോടെ ഈ സ്ഥലത്ത് മറ്റു വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഹോട്ടലുകാര്‍ തടഞ്ഞു തുടങ്ങി. ഇത് പലതവണ വാക്കു തര്‍ക്കത്തിന് ഇടയാക്കിയിട്ടുണ്ട്. തര്‍ക്കമുണ്ടാകുമ്പോള്‍ കോര്‍പ്പറേഷനുമായുണ്ടാക്കിയ കരാര്‍ ഹോട്ടലുകാര്‍ പാര്‍ക്കു ചെയ്യാനെത്തുന്നവരെ കാണിക്കുന്നതും പതിവായിരുന്നു.

സ്വകാര്യ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കാണ് പാര്‍ക്കിങ് ഒരുക്കേണ്ടത്. പാര്‍ക്കിങിന് ആവശ്യമായ സ്ഥലം ഉണ്ടെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തുകയും വേണം. അങ്ങനെയിരിക്കെയാണ് കോര്‍പ്പറേഷന് ഒരു അവകാശവുമില്ലാത്ത സര്‍ക്കാര്‍ റോഡ് സ്വകാര്യ വ്യക്തിക്ക് വാടകയ്ക്ക് കൊടുത്തത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.