'ജയിലില്‍ കിടക്കാനുള്ള ആരോഗ്യമില്ല, ഉടന്‍ ജാമ്യം നല്‍കണം'; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍

'ജയിലില്‍ കിടക്കാനുള്ള ആരോഗ്യമില്ല, ഉടന്‍ ജാമ്യം നല്‍കണം'; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരായ എന്‍ഐഎ കേസില്‍ ജാമ്യം ആവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് ഇ അബൂബക്കര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഇ അബൂബക്കര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഹര്‍ജി കോടതി ഇന്ന് പരിഗണിച്ചേക്കും.

എന്‍ഐഎ ഉദ്യോഗസ്ഥര്‍ തന്നെ രണ്ട് തവണ വിശദമായി ചോദ്യം ചെയ്തുവെന്നും അതിന് ശേഷമാണ് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതെന്നും അബൂബക്കര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യകാരണങ്ങളാല്‍ തനിക്ക് ജയിലില്‍ കഴിയാന്‍ ബുദ്ധിമുട്ടുണ്ടെന്നും അതിനാല്‍ ഉടന്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ കേരളത്തില്‍ നിന്നാണ് ഇ അബൂബക്കറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ അബൂബക്കറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിനെയും എട്ട് അനുബന്ധ സംഘടനകളെയും നിരോധിച്ച് സെപ്റ്റംബര്‍ 28നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. നിരോധന നടപടി ഹൈക്കോടതി സിറ്റിങ് ജഡ്ജി അധ്യക്ഷനായ ട്രൈബ്യൂണല്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കണമെന്ന ചട്ടപ്രകാരമാണ് കേന്ദ്രം തുടര്‍ നടപടി പ്രഖ്യാപിച്ചത്.

സെപ്റ്റംബര്‍ 22 ന് എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ 106 പേര്‍ അറസ്റ്റിലായിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 19 നേതാക്കളാണ് അറസ്റ്റിലായത്. രണ്ടാം ഘട്ട പരിശോധനയില്‍ ആകെ 247 പേര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അറസ്റ്റിലായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.