സുപ്രീം കോടതി ജഡ്ജി നിയമനം: മലയാളി അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് പേരുടെ പട്ടിക പരിഗണിച്ചില്ല

 സുപ്രീം കോടതി ജഡ്ജി നിയമനം: മലയാളി അഭിഭാഷകന്‍ ഉള്‍പ്പെടെ നാല് പേരുടെ പട്ടിക പരിഗണിച്ചില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന മലയാളി അഭിഭാഷകനടക്കം നാല് പേരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ചീഫ് ജസ്റ്റിസ് യു.യു ലളിത് നല്‍കിയ ശുപാര്‍ശയിലെ തുടര്‍ നടപടികള്‍ സുപ്രീം കോടതി കൊളീജിയം അവസാനിപ്പിച്ചു. നിയമന നടപടിക്രമങ്ങളില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ജസ്റ്റിസ് അബ്ദുള്‍ നസീറും വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.

അതേസമയം ചീഫ് ജസ്റ്റിസ് ശുപാര്‍ശ ചെയ്ത പേരുകള്‍ ഇരുവരും എതിര്‍ത്തില്ല. സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.വി വിശ്വനാഥന്‍, പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവി ശങ്കര്‍ ത്സാ, പാട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പൂര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.പി സഞ്ജയ് കുമാര്‍ എന്നിവരുടെ പേരുകളാണ് ശുപാര്‍ശ ചെയ്തത്.

സെപ്റ്റംബര്‍ 26 ന് യോഗം ചേര്‍ന്ന കൊളീജിയം വിവിധ ഹൈക്കോടതികളിലെ 11 പേരെ പരിഗണിച്ചു. ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദിപാങ്കര്‍ ദത്തയെ സുപ്രീം കോടതി ജഡ്ജിയാക്കുന്നതിനോട് കൊളീജിയം അംഗങ്ങള്‍ യോജിക്കുകയും ഇത് സംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു. മറ്റ് ജഡ്ജിമാരുടെ കൂടുതല്‍ വിധി പ്രസ്താവങ്ങള്‍ പരിശോധിക്കണമെന്ന് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ സെപ്റ്റംബര്‍ 30 ന് വീണ്ടും യോഗം ചേരാന്‍ തീരുമാനിക്കുകയായിരുന്നു.

യോഗത്തിന് തൊട്ട് മുമ്പ് സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള നാല് പേരുടെ ചുരുക്കപ്പട്ടിക കൊളീജിയം അംഗങ്ങള്‍ക്ക് ചീഫ് ജസ്റ്റിസ് യു.യു ലളിത് കൈമാറി. എന്നാല്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പങ്കെടുക്കാത്തതിനാല്‍ അന്ന് കൊളീജിയം യോഗം നടന്നില്ല. ആ ദിവസം ജസ്റ്റിസ് ചന്ദ്രചൂഡ് അടങ്ങിയ ബെഞ്ച് രാത്രി 9.15 വരെ കേസുകളില്‍ വാദം കേട്ടിരുന്നു.

അടുത്ത ദിവസം കോടതി പൂജ അവധിക്ക് അടച്ചതിനാല്‍, ശുപാര്‍ശയ്ക്ക് അംഗീകാരം തേടി ചീഫ് ജസ്റ്റിസ് കൊളീജിയം അംഗങ്ങള്‍ക്ക് കത്തയച്ചു. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഒക്ടോബര്‍. ഒന്നിനും ജസ്റ്റിസ് കെ.എം ജോസഫ് ഏഴിനും ശുപാര്‍ശ അംഗീകരിക്കുന്നതായി ചീഫ് ജസ്റ്റിസിനെ അറിയിച്ചു. എന്നാല്‍ നേരിട്ട് യോഗം ചേരാതെ കത്തിലൂടെ ശുപാര്‍ശ അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരുടെ നിലപാട്.

ബദല്‍ നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച് ഒക്ടോബര്‍ രണ്ടിന് ചീഫ് ജസ്റ്റിസ് അയച്ച കത്തിന് രണ്ട് ജഡ്ജിമാരും മറുപടി നല്‍കിയില്ല. ഇതിനിടെ, അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് നാമനിര്‍ദ്ദേശം ചെയ്യാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് യു.യു ലളിതിന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു ഒക്ടോബര്‍ 7 ന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തില്‍ ചീഫ് ജസ്റ്റിസ് ലളിത് തയ്യാറാക്കിയ ചുരുക്കപ്പട്ടികയില്‍ തുടര്‍ നടപടി വേണ്ടെന്ന് കൊളീജിയം തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.