കോട്ടയം: കേരള കോണ്‍ഗ്രസ് എം. ചെയര്‍മാനായി ജോസ് കെ. മാണി എം.പിയെ വീണ്ടും തിരഞ്ഞെടുത്തു. ഇന്നലെ കോട്ടയത്തു നടന്ന സംസ്ഥാന സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയും ഉണ്ടായിരുന്നു. പാരമ്പര്യ ശൈലിയൊക്കെ ഉപേക്ഷിച്ച് കേഡര്‍ സ്വഭാവത്തിലായിരുന്നു.
കേരള കോൺഗ്രസ്സ് തി രഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇത്തരം ഒരു ശൈലി സ്വീകരിച്ചിട്ടില്ല. താഴെത്തട്ടു മുതല്‍ തിരഞ്ഞെടുപ്പ് നടത്തി സംസ്ഥാന സമ്മേളനത്തില്‍ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത്.
കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി മന്ത്രി റോഷി അഗസ്റ്റിനേയും വൈസ് ചെയര്‍മാനായി തോമസ് ചാഴിക്കാടന്‍ എം.പി, ചീഫ് വിപ്പ് ഡോ. എ.എന്‍ ജയരാജ്, പി.കെ രാജീവ് എന്നിവരെയും എന്‍.എം രാജുവിനെ ട്രഷററായും തിരഞ്ഞെടുത്തു.
രാഷ്ട്രീയകാര്യ സമിതിയിലേക്ക് ഏഴു പേരെ തിരഞ്ഞെടുത്തു. 15 ജനറല്‍ സെക്രട്ടറിമാര്‍, 23 ഉന്നതാധികാര സമിതി അംഗങ്ങള്‍, 91 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍, 131 സെക്രട്ടേറിയറ്റ് അംഗങ്ങള്‍, 536 സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്.
കെ.എം. മാണിയുടെ വേര്‍പാടിനുശേഷം തന്നെയും പാര്‍ട്ടിയെയും രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ തീവ്രശ്രമം നടന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ ജോസ് കെ.മാണി വ്യക്തമാക്കി. ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് തുടര്‍ച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കവെ ആയിരുന്നു ജോസ് കെ മാണിയുടെ വെളിപ്പെടുത്തല്‍.
അന്ന് നിലകൊണ്ടിരുന്ന മുന്നണിക്കുള്ളില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അത്തരം ശ്രമങ്ങളുണ്ടായെന്നും നീണ്ടകാലം പ്രയാസങ്ങളെ നേരിടേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനായി നിയമപോരാട്ടങ്ങളും നടത്തി. എല്ലാം താന്‍ ഒറ്റയ്ക്ക് നേരിട്ടു. കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ നേതാവിനെ തകര്‍ക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും ജോസ് കെ. മാണി പറഞ്ഞു. അപ്പോഴും ആശ്വാസമായത് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്താനും അദ്ദേഹം മറന്നില്ല.
ഇടതുമുന്നണിക്ക് തുടര്‍ഭരണം എന്നത് കേരള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ കൂടി ഫലമാണ്. അത് ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും പലര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.