ഉക്രെയ്നിനെതിരെ റഷ്യ ബെലാറസ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നു; കടുത്ത പ്രതിരോധത്തിൽ ഉക്രെയ്ൻ

ഉക്രെയ്നിനെതിരെ റഷ്യ ബെലാറസ് അതിർത്തിയിൽ സൈന്യത്തെ വിന്യസിക്കുന്നു; കടുത്ത പ്രതിരോധത്തിൽ ഉക്രെയ്ൻ

മിൻസ്ക്: റഷ്യ വീണ്ടും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഉക്രെയ്‌ന് ഭീഷണിയുമായി ബെലാറസും രംഗത്ത്. റഷ്യൻ സേനയുമായി ബെലാറസ് പുതിയ സൈനിക ബന്ധം പ്രഖ്യാപിച്ചതോടെ യുദ്ധത്തിൽ ഉക്രെയ്‌ന് ഒരു പുതിയ മുന്നണിയെ കൂടി നേരിടേണ്ടി വന്നേക്കാമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ബെലാറസിൽ റഷ്യൻ സൈനികർക്കൊപ്പം തന്റെ രാജ്യത്തെ 60,000 അംഗ സൈന്യത്തെ വിന്യസിക്കുമെന്ന് ബെലാറൂഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോ പറഞ്ഞിരുന്നു. ഒരു പ്രകോപനവും കൂടാതെ നൽകാതെ ബെലാറസിനെ ആക്രമിക്കാൻ ഉക്രെയ്ൻ തയ്യാറെടുക്കുകയാണെന്ന് വ്ലാഡിമിർ പുടിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാൾ കൂടിയായ ലുകാഷെങ്കോ അവകാശപ്പെട്ടു.


ഇത്തരം ഒരു യുദ്ധതന്ത്രം മെനയേണ്ട ആവശ്യം ഉക്രെയ്നിനില്ലെന്നും അവർ എന്തിനാണ് ബെലാറസിന്റെ തെക്കൻ അതിർത്തികളിൽ, അവരുടെ വടക്കൻ അതിർത്തികളിൽ രണ്ടാം മുന്നണി തുറക്കുന്നതെന്നും ലുകാഷെങ്കോ ചോദിച്ചു. സൈനിക വീക്ഷണത്തിൽ ഇത് ഉക്രെയ്നിന്റെ ഭ്രാന്താണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം തുടങ്ങിയതിന് ശേഷം ഉക്രെയ്നിനെതിരെ റഷ്യ നടത്തിയ ഏറ്റവും വലിയ വ്യോമാക്രമണം ആരംഭിച്ച് മണിക്കൂറുകൾക്കകമാണ് റഷ്യയോടൊപ്പം സൈന്യത്തെ വിന്യസിക്കുമെന്ന ബെലാറസിന്റെ പ്രഖ്യാപനം.

ക്രിമിയ പാലത്തിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്നാണ് സംയുക്ത സൈനിക സംഘത്തെ വിന്യസിക്കാനുള്ള ബെലാറസിന്റെ തീരുമാനം. അതേസമയം ബെലാറസ് പ്രതിരോധ മന്ത്രി വിക്ടർ ക്രെനിൻ ഉക്രെയ്നിലെ യുദ്ധത്തിൽ സജീവ പങ്കാളിത്തം നിരസിച്ചു. ഞങ്ങൾ ലിത്വാനിയക്കാരുമായോ പോൾസുകാരുമായോ ഉക്രെനിയക്കാരുമായോ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.


ബെലാറസിന്റെ തെക്ക് ഭാഗത്ത് ഉക്രെയ്നുമായി 1,000 കിലോമീറ്റർ നീളമുള്ള അതിർത്തി പങ്കിടുന്നുണ്ട്. അവിടെ സേനയെ വിന്യസിച്ചാൽ റഷ്യയ്ക്ക് ഉക്രെയ്നിന്റെ ലെവിവ് നഗരം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാം.

ഫെബ്രുവരി 24 ന് ഉക്രെയ്നിലേക്കുള്ള അധിനിവേശത്തിന് റഷ്യൻ സൈന്യം ബെലാറസിനെ ഉപയോഗിച്ചിരുന്നു. അങ്ങനെ ഉക്രെയ്നിന്റെ വടക്കൻ അതിർത്തിയിലൂടെ തെക്കോട്ട് സഞ്ചരിച്ച് കീവ് വളയാൻ റഷ്യ ശ്രമിച്ചു. ഉക്രെയ്നിനെതിരായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്കുള്ള വിക്ഷേപണ പാതയായി ബെലാറസ് ഉപയോഗിച്ചതായും കരുതപ്പെടുന്നു.

10,000 മുതൽ 15,000 വരെയുള്ള റഷ്യൻ സൈനികർക്ക് ആതിഥേയത്വം വഹിക്കാൻ ബെലാറസിന് കഴിയുമെന്ന് സ്വതന്ത്ര ബെലാറഷ്യൻ മിലിട്ടറി അനലിസ്റ്റായ അലക്സാണ്ടർ അലസിൻ പറയുന്നു. അങ്ങനെ സ്വന്തം സൈന്യവുമായി ചേർന്ന് 60,000 വരെ സംയുക്ത സേന രൂപീകരിക്കുക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.


അതിനിടെ വിഷയത്തിൽ ബെലാറസിന് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നല്കി. റഷ്യയെ സഹായിക്കുന്നത് അവസാനിപ്പിക്കണമെന്ന് യൂറോപ്യൻ യൂണിയൻ ബെലാറസിനോട് വ്യക്തമാക്കി. ബഹുഭൂരിപക്ഷം ബെലാറഷ്യൻ ജനതയുടെ ഇച്ഛാശക്തിക്ക് വിരുദ്ധമായി യുദ്ധത്തിൽ ഏർപ്പെട്ടാൽ രാജ്യം ശക്തമായ നിയന്ത്രണ നടപടികൾ നേരിടേണ്ടിവരുമെന്നും കമ്മീഷൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു.

അതേസമയം ക്രിമിയയെയും റഷ്യയെയും ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിൽ ഉക്രെയ്നിനെ കുറ്റപ്പെടുത്തിയ റഷ്യ വൻ തിരിച്ചടിയാണ് ആരംഭിച്ചിരിക്കുന്നത്. ഉക്രെയ്നിൽ റഷ്യ കഴിഞ്ഞ ദിവസം മാത്രം വർഷിച്ചത് 84 ക്രൂയിസ് മിസൈലുകളാണ്. ആക്രമണങ്ങളിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉക്രെയ്നിയൻ ഉദ്യോഗസ്ഥർ പറഞ്ഞു. തലസ്ഥാനമായ കൈവിലെ തിരക്കേറിയ നഗരങ്ങളിലും പാർക്കുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിസൈലുകൾ പതിച്ചു.


ഭീകരമായ ആക്രമണം എന്നാണ് സംഭവത്തെ അമേരിക്ക വിശേഷിപ്പിച്ചത്. പടിഞ്ഞാറൻ ഉക്രെയ്നിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ ഉക്രെയ്നിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് ഉക്രെയ്നിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു.

അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു സെലൻസ്കിയുടെ പ്രതികരണം. തൊടുത്തുവിട്ട മിസൈലുകളിൽ 43 എണ്ണം തകർത്തതായി ഉക്രെയ്നിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം തങ്ങൾ ഉദ്ദേശിച്ച ലക്ഷ്യങ്ങളെല്ലാം തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.


മൂന്ന് മാസത്തിന് ശേഷം ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യന്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഉക്രെയ്ൻ തലസ്ഥാനമായ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ മിസൈലുകൾ വർഷിച്ചതിന് പിന്നാലെ, ഉക്രെയ്ന് വിപുലമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തു. ബൈഡൻ, സെലെൻസ്‌കിയുമായി സംസാരിച്ചെന്നും നൂതന വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ സ്വയം പ്രതിരോധിക്കാൻ ആവശ്യമായ പിന്തുണ ഉക്രെയ്ന് നൽകുന്നത് തുടരുമെന്ന് ഉറപ്പു നൽകിയതായും വൈറ്റ് ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.