ന്യൂഡല്‍ഹി: ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് കഫ് സിറപ്പ് നിര്‍മാണം നിര്‍ത്താന്‍ ഹരിയാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിലെ പരിശോധനകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
പരിശോധനയില്‍ പന്ത്രണ്ടോളം ക്രമക്കേടുകള്‍ കണ്ടെത്തിയതായി ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് വ്യക്തമാക്കി. സെന്‍ട്രല്‍ ഡ്രഗ് ലാബിലേക്ക് അയച്ച സാമ്പിളുകളുടെ പരിശോധനാ ഫലം ഇതുവരെ കിട്ടിയിട്ടില്ല. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയുണ്ടാകുമെന്നും അനില്‍ വിജ് പറഞ്ഞു.
കമ്പനിയുടെ നാല് കഫ് സിറപ്പുകളാണ് കുട്ടികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ ആരോപണം വന്നതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഹരിയാനയിലെ സോനേപഥിലുള്ള മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ് പീഡിയാട്രിക് വിഭാഗത്തിനായി നിര്‍മിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്‌ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍, എഥിലിന്‍ ഗ്ലൈകോള്‍ എന്നിവ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയിരുന്നു. സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പരിശോധനയില്‍ വ്യക്തമായത്. മരുന്നുകള്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലുള്ള രാജ്യമായ ഗാംബിയയിലേക്ക് മാത്രമേ കയറ്റിവിട്ടിട്ടുള്ളു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
ഗാംബിയയില്‍ 66 കുട്ടികളുടെ മരണത്തിന് ഇടയാക്കിയ കഫ് സിറപ്പും പനിക്കുള്ള മരുന്നും നിര്‍മിച്ച മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പല മരുന്നുകളും ഗുണനിലവാരമില്ലാത്തതാണെന്ന് നേരത്തേയും തെളിഞ്ഞിരുന്നു. ഇക്കാര്യം കേരളം നേരത്തെ കേന്ദ്രത്തെ ധരിപ്പിച്ചിരുന്നതുമാണ്. എന്നാല്‍ അന്ന് തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. മാത്രവുമല്ല കേന്ദ്ര സര്‍ക്കാരിന്റെ ചില പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഈ കമ്പനിയുടെ പല മരുന്നുകളും രോഗികളിലേക്ക് എത്തിയിരുന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.