ഓസ്‌ട്രേലിയയിലെ തൊഴിൽ മേഖലയിൽ ഇന്ത്യൻ മുന്നേറ്റം; നഴ്‌സുമാരിൽ പത്തിൽ നാല് പേരും, കമ്പ്യൂട്ടർ വിദഗ്‌ദ്ധരിൽ മൂന്നിൽ രണ്ട് പേരും കുടിയേറ്റക്കാർ; പുതിയ സെൻസസ് റിപ്പോർട്ട്

ഓസ്‌ട്രേലിയയിലെ തൊഴിൽ മേഖലയിൽ ഇന്ത്യൻ മുന്നേറ്റം; നഴ്‌സുമാരിൽ പത്തിൽ നാല് പേരും, കമ്പ്യൂട്ടർ വിദഗ്‌ദ്ധരിൽ മൂന്നിൽ രണ്ട് പേരും കുടിയേറ്റക്കാർ; പുതിയ സെൻസസ് റിപ്പോർട്ട്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ തൊഴിലാളികളുടെ പ്രധാന ഉറവിട കേന്ദ്രം ഇന്ത്യയാണെന്ന് സൂചിപ്പിക്കുന്ന സെൻസസ് റിപ്പോർട്ട് പുറത്ത്. ജൂണിൽ പുറത്തുവിട്ട ഓസ്‌ട്രേലിയൻ സെൻസസ് കണക്കുകൾ പ്രകാരം ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റക്കാരുടെ രണ്ടാമത്തെ വലിയ ഉറവിടമായി ഇന്ത്യ മാറിയെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഐടി, ആരോഗ്യ മേഖലകളിലാണ് ഓസ്‌ട്രേലിയ അമിതമായി വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത്.

ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന ഏഴിൽ ഒരാൾ ആരോഗ്യമേഖലയിൽ നിന്നാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്ത് ജോലി ചെയ്യുന്ന പത്തിൽ നാല് നഴ്‌സുമാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരുമാണ്. കമ്പ്യൂട്ടർ പ്രോഗ്രാമർമാരിൽ ആകട്ടെ മൂന്നിൽ രണ്ട് ഭാഗവും വിദേശത്ത് നിന്നും ഉള്ളവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കംപ്യൂട്ടർ പ്രോഗ്രാമർമാരുടെയും ബിസിനസ്സ് ആൻഡ് സിസ്റ്റംസ് അനലിസ്റ്റുകളുടെയും മേഖലയിൽ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ വിദഗ്ദ്ധരായ കുടിയേറ്റ ജീവനക്കാരെ ആശ്രയിച്ചിരുന്നതായി ഓസ്‌ട്രേലിയൻ സ്റ്റാറ്റിസ്റ്റിഷ്യൻ ഡേവിഡ് ഗ്രുൻ അഭിപ്രായപ്പെട്ടു.

ഏകദേശം ആറ് ലക്ഷം ജീവനക്കാരാണ് ആരോഗ്യ, കമ്മ്യൂണിറ്റി സേവന വിഭാഗത്തിൽ അധികമായി തൊഴിൽ ചെയ്യുന്നത്. പ്രായമായ ആളുകൾക്ക് പരിചരണം നൽകുന്നതും ഒപ്പം തന്നെ ദേശീയ വൈകല്യ ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ടതുമായ ജോലി സാധ്യതകളാണ് രാജ്യത്ത് ഏറ്റവും വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്നത്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രായമായവരെയും വികലാംഗരെയും പരിചരിക്കുന്ന ജീവനക്കാരിൽ 110 ശതമാനം വർദ്ധനവുണ്ടായി. കൂടാതെ ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളുടെ എണ്ണത്തിലും 110 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഓഡിയോളജിസ്റ്റുകളുടെയും സ്പീച്ച് പാത്തോളജിസ്റ്റുകളുടെയും എണ്ണത്തിൽ 100 ശതമാനം വർദ്ധനവാണ് കണ്ടെത്താൻ കഴിഞ്ഞത്.

ഓസ്‌ട്രേലിയയിൽ കൃഷിക്കാരുടെ എണ്ണം കുറയുന്നു

ഓസ്‌ട്രേലിയയിൽ വലിയ മാറ്റമാണ് കൃഷിയിൽ സംഭവിച്ചിരിക്കുന്നത്. ഒരു തലമുറയ്ക്ക് മുമ്പ് 1991-ൽ 2,12,000 ജീവനക്കാർ കൃഷി സംബന്ധമായ തൊഴിലുകൾ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അത് 1,40,000 ആയി കുറഞ്ഞിരിക്കുകയാണ്. ഏത് വ്യവസായത്തിലെയും ഏറ്റവും പഴയ ജീവനക്കാരാണ് ഇപ്പോൾ കൃഷിക്കുള്ളതെന്നും സെൻസസ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

അമിത യന്ത്രവല്‍ക്കരണം ക്രമേണയാണെങ്കിലും തൊഴിലാളികളുടെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ടൈപ്പിസ്റ്റുകൾ അതിന് ഒരു ഉദാഹരണമാണ്. 30 വർഷം മുമ്പ് ഓസ്‌ട്രേലിയൻ തൊഴിലാളികളുടെ ഏറ്റവും വലിയ തൊഴിൽ മേഖലയായിരുന്നു അത്. 1991 ൽ 2,28,000 പേർ ഈ മേഖലയിൽ ജോലി ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം 2021 ൽ 41,000 കീബോർഡ് ഓപ്പറേറ്റർമാർ മാത്രമാണ് അവശേഷിച്ചത്.

സെക്യൂരിറ്റി സയൻസിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും ഓസ്‌ട്രേലിയയിൽ വലിയ വളർച്ച

ഭൂരിഭാഗം മുതിർന്ന ഓസ്‌ട്രേലിയൻ പൗരന്മാരും അവരുടെ സ്‌കൂൾ കാലഘട്ടത്തിന് ശേഷം കൂടുതൽ വിദ്യാഭ്യാസ യോഗ്യത നേടിയവരാണെന്നും സെൻസസ് റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 വയസും അതിൽ കൂടുതലും പ്രായമുള്ളവരിൽ 51.7 ശതമാനം പേർ ഔദ്യോഗികമായി ഡിപ്ലോമയോ ബിരുദമോ പൂർത്തിയാക്കിയവരാണ്.

ഒരു തലമുറയ്ക്ക് മുമ്പ് നാലിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരുന്നത്. വാസ്‌തവത്തിൽ 30 വർഷം മുമ്പ് ഒരു ബാച്ചിലേഴ്‌സ് ബിരുദം ഉണ്ടായിരുന്നതുപോലെ ഒരു ബിരുദാനന്തര ബിരുദം ഇപ്പോൾ സാധാരണമാണ്. സെക്യൂരിറ്റി സയൻസും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ആണ് ഏറ്റവും വേഗത്തിൽ വളരുന്ന പഠന മേഖലകളെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എബിഎസ്) പറഞ്ഞു.

മറ്റ് ഓസ്‌ട്രേലിയക്കാരെ അപേക്ഷിച്ച് കുടിയേറ്റക്കാർക്ക് പോസ്റ്റ്-സ്‌കൂൾ യോഗ്യത ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഗ്രുൻ അഭിപ്രായപ്പെട്ടു. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വന്നവർ. ഇവരിൽ 82 ശതമാനം പേർക്കും പോസ്റ്റ്-സ്‌കൂൾ യോഗ്യത ഉണ്ട്.

കൂടാതെ പകർച്ചവ്യാധി ഫലപ്രദമായി ചില വ്യവസായങ്ങളെ തകർക്കുകയും മറ്റ് ചിലതിനെ വളർത്തുകയും ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2016ലെ മുൻ സെൻസസിനെ അപേക്ഷിച്ച് ടൂറിസം, ട്രാവൽ അഡ്വൈസർമാരായി ജോലി ചെയ്യുന്ന ഓസ്‌ട്രേലിയക്കാരുടെ എണ്ണം പകുതിയിലേറെയായി കുറഞ്ഞു.

അതേസമയം, ഡെലിവറി ഡ്രൈവർമാരുടെ എണ്ണം 70 ശതമാനത്തിലധികം വർദ്ധിച്ചതായും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്. 2011-2021 കാലയളവിൽ ഓസ്‌ട്രേലിയയുടെ ടെക് വർക്ക് ഫോഴ്‌സ് അതിവേഗത്തിൽ വികസിച്ചു. ഈ മേഖലയിൽ 164 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കംപ്യൂട്ടർ പ്രോഗ്രാമർമാർ 91 ശതമാനം അധികമായി രാജ്യത്തിന് ആവശ്യമായി വന്നു. ബിസിനസ്സ് ആൻഡ് സിസ്റ്റംസ് അനലിസ്റ്റുകൾ 69 ശതമാനം വർധിക്കുകയും ചെയ്തു.

അതേസമയം ഓസ്‌ട്രേലിയക്കാർ കൂടുതൽ വിദ്യാഭ്യാസം നേടുകയും സാങ്കേതികവിദ്യയുടെ പുരോഗമനവും പ്രായമായവർക്ക് മികച്ച പരിചരണം ആവശ്യമായി വരികയും ചെയ്തതോടെ ഓസ്‌ട്രേലിയയുടെ തൊഴിൽ സാഹചര്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നാണ് സെൻസസ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ ദിവസം ഭാഗികമായി പുറത്തുവിട്ട 2021 ഓഗസ്റ്റ് വരെയുള്ള സെൻസസ് പ്രകാരം പത്ത് വർഷത്തിനിടയിൽ ആരോഗ്യ, കമ്മ്യൂണിറ്റി സേവന തൊഴിലാളികളുടെ എണ്ണം 50 ശതമാനം വർദ്ധിച്ചതായി വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ ഡാറ്റ, വിശദമായി നിരീക്ഷിക്കുമ്പോൾ പകർച്ചവ്യാധി സമയത്ത് ഓസ്‌ട്രേലിയക്കാരുടെ പ്രവർത്തന ജീവിതത്തെക്കുറിച്ചുള്ള "ആകർഷകമായ ഉൾക്കാഴ്ചകൾ" കണ്ടെത്താൻ കഴിയുമെന്നും ഡോ ഗ്രുൻ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.