ഇലന്തൂരിലെ ഇരട്ട നരബലി: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇലന്തൂരിലെ ഇരട്ട നരബലി: പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലിക്കേസില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി അടക്കം മൂന്നു പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാംപ്രതി ഭഗവല്‍ സിംഗ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിലും തെളിവെടുപ്പിനുമായി 12 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസിന്റെ ആവശ്യം.

രണ്ട് ജില്ലകളിലായി നടന്ന കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവ് ശേഖരിക്കേണ്ടതുണ്ട്. പ്രതികള്‍ സമാനമായ ആസൂത്രണത്തിലൂടെ മറ്റാരെയെങ്കിലും കെണിയില്‍ പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധന വേണമെന്ന് കസ്റ്റഡി അപേക്ഷയില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികളെ രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ മജിസ്‌ട്രേറ്റ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കസ്റ്റഡിയില്‍ ലഭിച്ചാന്‍ ഇന്ന് തെളിവെടുപ്പ് നടത്തും. കൊച്ചിയിലും പരിസരത്തുമാകും ആദ്യ തെളിവെടുപ്പ് നടക്കുക. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരങ്ങള്‍ പണയപ്പെടുത്തിയെന്നു വ്യക്തമായിട്ടുണ്ട്. ഇവ കണ്ടെടുക്കുന്നത് അടക്കമുള്ള നടപടികള്‍ ഇന്നുണ്ടായേക്കും. കാലടി, കടവന്ത്ര, കുറ്റകൃത്യം നടന്ന ഇലന്തൂര്‍ എന്നിവിടങ്ങളിലടക്കം പ്രതികളെയെത്തിച്ച് തുടര്‍തെളിവെടുപ്പ് നടത്തേണ്ടതുണ്ട്.

നരബലി അല്ലാതെ മറ്റെന്തെങ്കിലും ഉദ്ദേശ്യങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പോലീസിന് സംശയമുണ്ട്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെങ്കില്‍ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ലൈല എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടിവരും. ഈ മൂന്നു പ്രതികളെ കൂടാതെ കുറ്റകൃത്യത്യത്തില്‍ മറ്റാര്‍ക്കെങ്കിലും നേരിട്ടോ പരോക്ഷമായോ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ട്.

കേസുമായി ബന്ധപ്പെട്ട് കടവന്ത്ര, കാലടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഉത്തരവായി. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്.ശശിധരന്‍ ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍. പെരുമ്പാവൂര്‍ എഎസ്പി അനൂജ് പാലിവാള്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയിരിക്കും.

എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സി.ജയകുമാര്‍, കടവന്ത്ര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബൈജു ജോസ്, കാലടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്‍.എ. അനൂപ് എന്നിവര്‍ അന്വേഷണ ഉദ്യോഗസ്ഥരും എളമക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ എയിന്‍ ബാബു, കാലടി പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ബിപിന്‍.ടി.ബി എന്നിവര്‍ അംഗങ്ങളുമാണ്. ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുളള മേല്‍നോട്ടത്തിലായിരിക്കും അന്വേഷണസംഘം പ്രവര്‍ത്തിക്കുക.

കുറ്റകൃത്യം ആസൂത്രണം ചെയ്തതിന് പിന്നില്‍ സാമ്പത്തിക കാരണങ്ങളും ഉണ്ടെന്നതിന്റെ വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇലന്തൂര്‍ സഹകരണ ബാങ്കില്‍ നിന്ന് മാത്രം 8,50,000 രൂപയുടെ വായ്പ കുടിശിക ഭഗവല്‍ സിങിനും കുടുബത്തിനും ഉണ്ട്. 2015 ല്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് എടുത്തതാണ്. ഇലന്തൂരിലെ വീടും പുരയിടവും ഈട് നല്‍കിയാണ് വായ്പ എടുത്തത്.

2022 മാര്‍ച്ചില്‍ വായ്പ പുതുക്കി എടുത്തു. കൃത്യമായി പലിശ അടക്കുന്നുണ്ടായിരുന്നെങ്കിലും കുടുംബത്തിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന് ഭഗവല്‍ സിങുമായി അടുപ്പമുള്ളവര്‍ പറയുന്നു. ഇതിനു പുറമെ മറ്റു ബാങ്കുകളിലും കുടിശിക ഉണ്ടായിരുന്നതായി സൂചന ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.