വാഷിങ്ടണ്‍: ഉക്രെയ്‌നില്‍ അധിനിവേശം നടത്തുന്ന റഷ്യ അപകടകാരിയായി തുടരുമ്പോഴും ആഗോള ക്രമത്തിന് ഏറ്റവും വലിയ ഭീഷണിയായി നിലനില്‍ക്കുന്നത് ചൈനയാണെന്ന മുന്നറിയിപ്പുമായി അമേരിക്ക. ചൈനയ്ക്ക് മേല്‍ മുന്‍തൂക്കം നേടുകയാണ് അമേരിക്കയുടെ ആത്യന്തിക ലക്ഷ്യമെന്നും ജോ ബൈഡന്‍ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവന്‍ പറഞ്ഞു.
ജോര്‍ജ്ടൗണ്‍ സര്‍വകലാശാലയില്‍ ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാന നയരേഖ പുറത്തിറക്കിയ വേളയിലാണ് ജെയ്ക് സള്ളിവന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. ശീതയുദ്ധാനന്തര കാലം അവസാനിച്ചു. അടുത്തത് ഇനി എന്താണോ വരാനിരിക്കുന്നത് അതിനെ നേരിടാന്‍ ലോകശക്തികള്‍ക്കിടയില്‍ മത്സരം നടക്കുന്നു.
2020-മുതലുള്ള ദശകം അമേരിക്കയ്ക്കും ലോകത്തിനും ഏറെ നിര്‍ണായകമാണെന്ന് നയരേഖയില്‍ പറയുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിനും സ്വേച്ഛാധിപത്യത്തിന്മേല്‍ ജനാധിപത്യം പ്രോത്സാഹിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനമെന്ന ഭീഷണിയെ അഭിമുഖീകരിക്കുന്നതിനും ഈ ദശകം നിര്‍ണായകമാണ്.
റഷ്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ ചൈനയുമായി ശാശ്വതമായ മത്സരക്ഷമത നിലനിര്‍ത്തുന്നതിന് തങ്ങള്‍ മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്രമായ അന്താരാഷ്ട്ര സംവിധാനത്തിന് നിലവില്‍ ഭീഷണി ഉയര്‍ത്തുകയാണ് പുടിന്റെ റഷ്യ ചെയ്യുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് റഷ്യ മുന്നോട്ടുനീങ്ങുന്നത്. ഉക്രെയ്നിനെതിരായ ക്രൂരമായ ആക്രമണം അതിന്റെ ഉദാഹരണമാണ്.
അതേസമയം, അന്താരാഷ്ട്ര ക്രമം പുനര്‍രൂപകല്‍പ്പന ചെയ്യാനും ആ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരേയൊരു ശാശ്വതമായ ഭീഷണി ചൈനയാണ്. ലോക രാജ്യങ്ങള്‍ തമ്മില്‍ സാമ്പത്തിക, നയതന്ത്ര, സൈനിക, സാങ്കേതിക സഹകരണം വര്‍ദ്ധിപ്പിക്കാനും തടസം ചൈനയാണ്.
ഉക്രെയ്ന്‍ യുദ്ധം കാരണം നയരേഖ പുറത്തിറക്കാന്‍ വൈകിയെന്ന് ജെയ്ക് സള്ളിവന്‍ പറഞ്ഞു. അമേരിക്കന്‍ ഭരണകൂടം ഈ വര്‍ഷത്തിന്റെ ഭൂരിഭാഗവും റഷ്യയ്ക്കെതിരെ സഖ്യകക്ഷികളെ അണിനിരത്താനും ഉക്രെയ്‌നിലേക്കു കോടിക്കണക്കിന് ഡോളര്‍ ആയുധങ്ങള്‍ കൈമാറാനുമാണ് ചെലവഴിച്ചതെന്ന് നയരേഖയില്‍ പറയുന്നു.
ഇന്തോ-പസഫിക്കില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ലോകത്തെ മുന്‍നിര ശക്തിയാകാനും ചൈന ആഗ്രഹിക്കുന്നു. എന്നാല്‍ ചൈനയുമായി സമാധാനപരമായി സഹവര്‍ത്തിത്വത്തിനാണ് അമേരിക്ക ശ്രമിക്കുന്നത്. തങ്ങള്‍ ഒരു ഏറ്റുമുട്ടലിലേക്കോ ഒരു പുതിയ ശീതയുദ്ധത്തിലേക്കോ ഈ മത്സരത്തെ നയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സള്ളിവന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.