സാവോപോളോ: ബ്രസീലില്‍ കത്തോലിക്ക പള്ളി ആക്രമിച്ച് ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ത്ത് അജ്ഞാത സംഘം. തെക്കന്‍ ബ്രസീലില്‍ പരാന സംസ്ഥാനത്തിലെ സാവോ മതേവൂസ് ഡെ സുള്‍ നഗരത്തിലാണ് സംഭവം. കഴിഞ്ഞ പത്തിന് ഉച്ചയോടെയാണ് നഗരത്തിലെ സാവോ മതേവൂസ് ദേവാലയത്തില്‍ അതിക്രമിച്ച് കയറിയ അജ്ഞാത സംഘം ദേവാലയം നശിപ്പിക്കുകയും ഇരുപത്തിയെട്ടോളം വിശുദ്ധരുടെ രൂപങ്ങള്‍ തകര്‍ക്കുകയും ചെയ്തത്. രൂപങ്ങള്‍ തകര്‍ത്തെങ്കിലും തങ്ങളുടെ വിശ്വാസം ഉറച്ചതാണെന്ന് ഇടവക വികാരിയായ ഫാ. ജോസ് കാര്‍ലോസ് എമാനോയല്‍ ഡോസ് സാന്റോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അക്രമത്തെത്തുടര്‍ന്ന് വിവിധ കോണുകളില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
യേശുവിന്റെ തിരുഹൃദയം, സ്വര്‍ഗാരോപിത മാതാവ് തുടങ്ങിയ രൂപങ്ങള്‍ തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. ദേവാലയത്തില്‍ നടന്ന അക്രമത്തെ അപലപിച്ച് ഇവാഞ്ചലിക്കല്‍ സമൂഹാംഗങ്ങളും രംഗത്തു വന്നിട്ടുണ്ട്. അക്രമികള്‍ ഒരു വാതില്‍ ഒഴികെ മറ്റുള്ള വാതിലുകളെല്ലാം അടച്ച ശേഷമാണ് ദേവാലയത്തില്‍ അതിക്രമം നടത്തിയതെന്നും ആക്രമണത്തിന് ശേഷം തുറന്നിട്ട വാതിലൂടെ രക്ഷപ്പെടുകയായിരുന്നെന്നും ഫാ. ഡിയഗോ റൊണാള്‍ഡോ നാകാല്‍സ്‌കി വെളിപ്പെടുത്തി. അക്രമത്തിന് ശേഷം ദേവാലയത്തിന്റെ ഉള്‍ഭാഗം യുദ്ധക്കളം പോലെയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ വിഭജിക്കുന്ന ഇത്തരം വിദ്വേഷപരമായ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കാണാറുണ്ടെന്നും, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും യുനിയാവോ ഡ വിക്‌റ്റോറിയ രൂപതാധ്യക്ഷന്‍ ബിഷപ്പ് വാള്‍ട്ടര്‍ ജോര്‍ജ് പിന്റോ ഫേസ്ബുക്കില്‍ കുറിച്ചു.
യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍മാരുടേതല്ലാത്ത വികാര വിക്ഷോഭങ്ങള്‍ മനസുകളെ കീഴടക്കാന്‍ അനുവദിക്കരുതെന്നാണ് മെത്രാനെന്ന നിലയില്‍ തനിക്ക് പറയുവാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേദനാജനകമായ ഈ നിമിഷത്തില്‍ വിശ്വാസികളെ ദൈവം അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞ മെത്രാന്‍ അധികം താമസിയാതെ തന്നെ ഈ പ്രവര്‍ത്തി ചെയ്തവര്‍ക്കൊപ്പം പരിഹാര പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും പങ്കുവയ്ക്കുന്നു.
അക്രമം നടന്നതിന്റെ തൊട്ടടുത്ത ദിവസമായ ഒക്ടോബര്‍ 11-ന് ഫാ. പിന്റോയുടെ കാര്‍മ്മികത്വത്തില്‍ സാവോ മതേവൂസ് ദേവാലയത്തില്‍ പരിഹാരബലി അര്‍പ്പിച്ചിരിന്നു. തകര്‍ക്കപ്പെട്ട വിശുദ്ധ രൂപങ്ങളിരുന്ന അള്‍ത്താരകള്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ പ്രത്യേകമായി വെഞ്ചരിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.