ഒരു മതക്കാരെ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് വിരുദ്ധമെന്ന് ജ.ഗുപ്ത; ഹിജാബ് മാറ്റാന്‍ പറയുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ജ.ധൂലിയ

ഒരു മതക്കാരെ മതചിഹ്നം ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് വിരുദ്ധമെന്ന് ജ.ഗുപ്ത; ഹിജാബ് മാറ്റാന്‍ പറയുന്നത്  മൗലിക അവകാശങ്ങളുടെ ലംഘനമെന്ന് ജ.ധൂലിയ

ഹിജാബ് വിഷയത്തിലെ ഭിന്ന വിധികളുടെ വിശദാംശങ്ങള്‍:

ന്യൂഡല്‍ഹി: മതേതരത്വം രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഒരു പോലെ ബാധകമാണെന്നും ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രം മത ചിഹ്നങ്ങള്‍ ധരിക്കാന്‍ അനുവദിക്കുന്നത് മതേതരത്വത്തിന് എതിരാണെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഹേമന്ത് ഗുപ്ത.

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവച്ച് കൊണ്ടുള്ള ഉത്തരവിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ക്ലാസ് മുറികളില്‍ മതാചാരങ്ങള്‍ നടപ്പാക്കാനുള്ള അവകാശം കുട്ടികള്‍ക്ക് ഇല്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വ്യക്തമാക്കി.

മതേതര പ്രവര്‍ത്തനങ്ങളില്‍ മതത്തിന്റെ ഇടപെടല്‍ അനുവദനീയമല്ലെന്നും വിധിയില്‍ പറയുന്നു. മതം പൗരന്റെ സ്വകാര്യമായ കാര്യമാണ്. സര്‍ക്കാറിന്റെ മതേതര സ്‌കൂളുകളില്‍ സ്ഥാനം ഇല്ല. ക്ലാസ് മുറികളില്‍ ഒഴികെ ഇഷ്ടമുള്ള മതത്തിലെ ആചാരങ്ങള്‍ നടപ്പാക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്കുണ്ട്.

എന്നാല്‍ ക്ലാസ് മുറികളില്‍ അതിന് സ്വാതന്ത്ര്യമില്ല. അതിനാല്‍ തന്നെ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കിയ കര്‍ണാടക സര്‍ക്കാര്‍ ഉത്തരവില്‍ തെറ്റില്ല.

ഭാവി ഉദ്യമങ്ങള്‍ക്ക് പൗരനെ പരിശീലിപ്പിക്കുന്ന നേഴ്സറികളാണ് സ്‌കൂളുകള്‍. അവിടെ നിഷ്‌കര്‍ഷിക്കുന്ന യൂണിഫോം ധരിക്കാതിരിക്കുന്നതിന് അനുമതി നല്‍കിയാല്‍ പിന്നെ എന്ത് അച്ചടക്കമാണ് വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുക.

സാമ്പത്തികം, മതം, ജാതി എന്നിവ മൂലമുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ച് അറിയാതിരിക്കാന്‍ ആണ് യൂണിഫോം നിര്‍ബന്ധമാ ക്കിയിരിക്കുന്നത്. യൂണിഫോം മതേതര കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വേണ്ടി കൂടി ഉള്ളതാണ്. സ്‌കൂളിന് പുറത്ത് വിദ്യാര്‍ഥികള്‍ക്ക് ഹിജാബ് ധരിക്കുന്നതില്‍ വിലക്കില്ലെന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചൂണ്ടിക്കാട്ടി.

ഹിജാബിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിക്കും സ്‌കൂളുകളില്‍ സര്‍ക്കാര്‍ പ്രവേശനം നിഷേധിക്കുന്നില്ല. യൂണിഫോം ധരിക്കുന്നതുകൊണ്ട് സ്‌കൂളില്‍ വിദ്യാര്‍ഥി എത്തുന്നില്ലെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനം ആണ്.

അത് വിദ്യാഭ്യാസം നിഷേധിക്കലായി കണക്കാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 19(1) (എ) അനുച്ഛേദ പ്രകാരമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ ഹിജാബ് ധരിക്കല്‍ വരില്ലെന്നും ജസ്റ്റിസ് ഗുപ്ത വ്യക്തമാക്കി.

ഹിജാബ് ധരിക്കുന്നത് ഇസ്ലാം മതത്തിന്റെ അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തല്‍ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മത സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലുകളെല്ലാം തള്ളി കൊണ്ടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി പ്രസ്താവം.

എന്നാല്‍ ഹിജാബ് മാറ്റാന്‍ പറയുന്നത് അന്തസിന് നേരെയുള്ള ആക്രമണവും മൗലിക അവകാശങ്ങളുടെ ലംഘനവുമാണെന്ന് ജസ്റ്റിസ്  സുധാന്‍ഷു ധൂലിയ വിധിയില്‍ വ്യക്തമാക്കി. ഹിജാബ് പല പെണ്‍കുട്ടികള്‍ക്കും പഠിക്കാനുള്ള ടിക്കറ്റാണ്.

യഥാസ്ഥിതിക കുടുംബങ്ങള്‍ ഹിജാബ് ഇല്ലെങ്കില്‍ സ്‌കൂളില്‍ വിടില്ല. സ്വകാര്യതയ്ക്കുള്ള അവകാശം സ്‌കൂളിനകത്തും ഉണ്ടെന്ന് ധൂലിയ വിധിയില്‍ പറയുന്നു.

ഹിജാബ് അനിവാര്യമായ മതാചാരമാണോ എന്നത് ഈ കേസില്‍ പ്രസക്തമല്ല. കര്‍ണാടക ഹൈക്കോടതി ഈ ചോദ്യത്തിലേക്ക് കടക്കേണ്ടതില്ലായിരുന്നു. ഒരു കാര്യം തെരഞ്ഞെടുക്കുന്നതിനും മത സ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശം എല്ലാവര്‍ക്കുമുണ്ട്.

പെണ്‍കുട്ടികളുടെ പഠനം ഉറപ്പാക്കലാണ് പ്രധാനം. വീട്ട് ജോലി ചെയ്ത ശേഷം പഠിക്കാന്‍ പോകുന്ന നിരവധി പെണ്‍കുട്ടികളുണ്ട്. അവരെയൊക്കെ മനസില്‍ കണ്ടാണ് തന്റെ വിധിയെന്നും ജസ്റ്റിസ് ധൂലിയ അറിയിച്ചു.

ഭിന്ന വിധി വന്ന സാഹചര്യത്തില്‍ ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന് വിടണോ എന്ന് ചീഫ് ജസ്റ്റിസിന് തീരുമാനിക്കും. മതാചാരം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉയര്‍ന്നതിനാല്‍ ഭരണഘടന ബെഞ്ച് വേണോ എന്ന കാര്യത്തിലും ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.

ഹിജാബ് വിലക്കിന് ഇന്നും കോടതി സ്റ്റേ നല്‍കിയിട്ടില്ല. അതായത് സുപ്രീം കോടതിയുടെ അന്തിമ തീരുമാനം നീളുമെങ്കിലും അതുവരെ കര്‍ണാടകയിലെ ഹിജാബ് നിരോധനം തുടരും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.