മാധ്യമങ്ങള്‍ സത്യത്തെ പിന്തുടര്‍ന്ന് സമാധാനത്തിനായി നിലകൊള്ളണം; 1962-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

മാധ്യമങ്ങള്‍ സത്യത്തെ പിന്തുടര്‍ന്ന് സമാധാനത്തിനായി നിലകൊള്ളണം; 1962-ല്‍ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

വത്തിക്കാന്‍ റേഡിയോയിലൂടെ ലോകത്തെ അഭിസംബോധന ചെയ്യുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ (ഫയല്‍ ചിത്രം)

വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ മുഖച്ഛായതന്നെ മാറ്റിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, അന്ന് തന്നെ കാണാനെത്തിയ ലോകമെമ്പാടുനിന്നുമുള്ള മാധ്യമപ്രവര്‍ത്തകരോട് വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പറഞ്ഞ വാക്കുകളുടെ കാലിക പ്രസക്തി വീണ്ടും ചര്‍ച്ചയാവുകയാണ്. മാധ്യമങ്ങള്‍ സത്യത്തെ സേവിക്കണമെന്നും ലോക സമാധാനത്തിനു വേണ്ടി സംഭാവന ചെയ്യണമെന്നും ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു അന്നത്തെ മാര്‍പാപ്പയുടെ വാക്കുകള്‍.

1962 ഒക്ടോബര്‍ 13-ന്, രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ മൂന്നാം ദിവസമാണ് ലോകമെമ്പാടും നിന്നും ക്ഷണിക്കപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ റോമിലെത്തി പരിശുദ്ധ പിതാവിനെ സന്ദര്‍ശിച്ചത്. സിസ്‌റ്റൈന്‍ ചാപ്പലില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച.

ലോകത്തെ സ്വാധീനിക്കാനുള്ള മാധ്യമങ്ങളുടെ പങ്കിനെയും ശക്തിയെയും കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പത്രപ്രതിനിധികളോടുള്ള തന്റെ ആദരവും വ്യക്തമാക്കി. നിങ്ങളുടെ ദൗത്യം എത്രത്തോളം പ്രധാന്യം അര്‍ഹിക്കുന്നതാണെന്നു തിരിച്ചറിയുന്നുവെന്നും അത് പൂര്‍ണമായി നിറവേറ്റാന്‍ സഹായിക്കുമെന്നും പരിശുദ്ധ പിതാവ് വാഗ്ദാനം ചെയ്തിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ എല്ലായ്പ്പോഴും സത്യത്തിന്റെ സേവന പാതയില്‍ ആയിരിക്കണമെന്ന് ഓര്‍മ്മിപ്പിച്ച മാര്‍പാപ്പ സത്യത്തെ വളച്ചൊടിക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. അത്തരം പ്രവൃത്തികള്‍ നികത്താനാകാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.

ഒരു സന്ദേശം വിവിധ മാധ്യമങ്ങള്‍ എങ്ങനെയാണു പങ്കുവയ്ക്കുന്നത് എന്നതിനെക്കുറിച്ചും അത് വലിയൊരു വിഭാഗം മനുഷ്യരാശിയുടെ ചിന്തകളെയും വികാരങ്ങളെയും സ്വാധീനിക്കുന്നതിനെക്കുറിച്ചും കരുതലുണ്ടാകണമെന്ന് മാര്‍പാപ്പ പറഞ്ഞു.

'കൃത്യതയെക്കാള്‍ കൂടുതല്‍ വേഗതയില്‍ ശ്രദ്ധാലുവായിരിക്കാനുള്ള പ്രലോഭനമാണ് മാധ്യമപ്രവര്‍ത്തകരെ നയിക്കുന്നത്. വസ്തുനിഷ്ഠം എന്നതിനേക്കാള്‍ സെന്‍സേഷണല്‍ എന്നതിലാണ് കൂടുതല്‍ താല്‍പ്പര്യം. വ്യക്തിപരമായ അഭിപ്രായങ്ങളും വിശ്വാസങ്ങളും കൊണ്ട് സത്യത്തെ മൂടിവയ്ക്കാന്‍ അനുവദിക്കരുതെന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ പത്രപ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ടിവി ചാനലുകള്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ തമ്മിലുള്ള മത്സരം ശക്തമാകുന്നതിനു മുന്‍പുള്ള കാലഘട്ടത്തിലാണ് ദീര്‍ഘവീക്ഷണത്തോടെയുള്ള അന്നത്തെ മാര്‍പാപ്പയുടെ വാക്കുകള്‍.

ജനങ്ങളില്‍ ജിജ്ഞാസ പരിപോഷിപ്പിക്കാനും നല്ല ബന്ധങ്ങള്‍ വളര്‍ത്താനും സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ ഗുണകരമായ സ്വാധീനം ചെലുത്താനും ഈ സുന്നഹദോസിന് കഴിയും. ഈ വസ്തുത വെളിച്ചത്തുകൊണ്ടുവരാന്‍ പത്രപ്രതിനിധികള്‍ സഹായിക്കണമെന്നും പരിശുദ്ധ പിതാവ് അഭ്യര്‍ത്ഥിച്ചിരുന്നു.

വസ്തുനിഷ്ഠമായ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയാത്തപ്പോള്‍ തഴച്ചുവളരുന്ന മുന്‍വിധികള്‍ക്കെതിരെയും ജോണ്‍ ഇരുപത്തിമൂന്നാമന്‍ മാര്‍പാപ്പ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്‍വിധികള്‍ പലപ്പോഴും കൃത്യതയില്ലാത്തതോ അപൂര്‍ണമായതോ ആയ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. തിരുസഭയുടെ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുന്ന യഥാര്‍ത്ഥ ഉദ്ദേശ്യങ്ങള്‍ മനസിലാക്കാനും പങ്കുവയ്ക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്നും പരിശുദ്ധ പിതാവ് പ്രതീക്ഷ പങ്കുവച്ചു.

സഭയ്ക്ക് മറയ്ക്കാന്‍ ഒന്നുമില്ല. അവള്‍ നേരായ പാത പിന്തുടരുന്നു. എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മനുഷ്യരുടെ സന്തോഷമല്ലാതെ മറ്റൊന്നും സഭ ആഗ്രഹിക്കുന്നില്ല. അതിന് മാധ്യമപ്രവര്‍ത്തകര്‍ക്ക് സാക്ഷ്യം വഹിക്കാന്‍ കഴിയും. പല ഭയങ്ങളും ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കു കഴിയുമെന്നും സത്യത്തെ സേവിക്കുന്നതിലൂടെ ഭൂമിയില്‍ യഥാര്‍ത്ഥ സമാധാനം സ്ഥാപിക്കാന്‍ മാധ്യമങ്ങള്‍ക്കു സംഭാവന ചെയ്യാനാകുമെന്നും പറഞ്ഞാണ് അന്ന് പാപ്പ സന്ദേശം ഉപസംഹരിച്ചത്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലില്‍ നടന്ന സംവാദങ്ങളുടെ സംഗ്രഹം വിവിധ ഭാഷകളില്‍ തയാറാക്കി ദൈവശാസ്ത്ര വിദഗ്ധരുടെ വിശദീകരണത്തോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയത് അക്കാലത്ത് ഏറെ ശ്രദ്ധേയമായി. ഈ സംഗ്രഹങ്ങള്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള ആധികാരിക ദൈവശാസ്ത്ര പഠനമായി രൂപാന്തരപ്പെടുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26