ദുരിതം വീണ്ടും പെയ്തിറങ്ങുന്നു; വിക്ടോറിയ, ടാസ്മാനിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ഏറ്റവും പ്രതികൂല കാലാവസ്ഥ

ദുരിതം വീണ്ടും പെയ്തിറങ്ങുന്നു; വിക്ടോറിയ, ടാസ്മാനിയ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്കം; 50 വര്‍ഷത്തിനിടെ ഏറ്റവും പ്രതികൂല കാലാവസ്ഥ

സിഡ്‌നി: കനത്ത മഴയെ തുടര്‍ന്ന് നദികളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, ടാസ്മാനിയ എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് ആളുകളോട് വീടുകള്‍ ഒഴിഞ്ഞ് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ നിര്‍ദേശം നല്‍കി.

വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണിന്റെ പടിഞ്ഞാറന്‍ മേഖല വെള്ളപ്പൊക്കത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ വീടുകളും റോഡുകളും വെള്ളത്തിനടിയിലായി. മാരിബിര്‍നോങ്, വെറിബി നദികള്‍ക്ക് സമീപമുള്ള പ്രദേശങ്ങളിലെ ജനങ്ങളെ ഒഴിപ്പിച്ചതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഓപ്പറേഷന്‍സ് ഓഫീസര്‍ ടിം വൈബുഷ് പറഞ്ഞു. സംസ്ഥാനത്തുടനീളം 4,700 വീടുകളിലേക്കുള്ള വൈദ്യുതി വിതരണം മുടങ്ങി. പലയിടത്തും മരണങ്ങള്‍ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു.

മാരിബിര്‍നോങ് ടൗണ്‍ഷിപ്പ്, അസ്‌കോട്ട് വെയ്ല്‍, കെയ്ലോര്‍ എന്നീ താഴ്ന്ന പ്രദേശങ്ങളിലെ നൂറോളം വീടുകള്‍ വെള്ളത്തിനടിയിലായതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് ഓപ്പറേഷന്‍സ് ഓഫീസര്‍ ടിം വൈബുഷ് പറഞ്ഞു. വെറിബി നദിക്കു സമീപവും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ എഴുപതോളം വീടുകള്‍ ഭീഷണിയിലാണ്. വിന്‍ഹാം സിവിക് സെന്ററില്‍ ദുരിതാശ്വാസ കേന്ദ്രം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

യാറ നദിക്കു സമീപവും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. അഞ്ച് പതിറ്റാണ്ടിനിടയിലെ ഏറ്റവും പ്രതികൂലമായ കാലാവസ്ഥയാണ് വിക്ടോറിയ സംസ്ഥാനത്തിന്റെ പ്രാദേശിക മേഖലകള്‍ നേരിടുന്നത്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ സംസ്ഥാനത്തിന്റെ വടക്ക്, മധ്യ മേഖലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മാസത്തെ മഴയാണു ലഭിച്ചത്.

താമസം, ഭക്ഷണം, മെഡിക്കല്‍ ചെലവുകള്‍ എന്നിവയ്ക്കുള്ള അടിയന്തര സര്‍ക്കാര്‍ സഹായത്തിനായി 1500-ലധികം വിക്ടോറിയക്കാര്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ടാസ്മാനിയയില്‍ ബുധനാഴ്ച രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയ്ക്ക് വെള്ളിയാഴ്ച നേരിയ ശമനമുണ്ട്. 400 മില്ലിമീറ്ററിലധികം മഴയാണ് സംസ്ഥാനത്തു പെയ്തത്.

മെര്‍സി നദിക്കും മീന്‍ഡര്‍ നദിക്കും സമീപമുള്ള 20 പട്ടണങ്ങള്‍, ഇസണ്ടുല തടാകത്തിന്റെ താഴ്വാരം എന്നിവിടങ്ങളിലെ ജനങ്ങളോട് ഇതിനകം ഒഴിയാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വെള്ളപ്പൊക്കം കുറയാന്‍ ദിവസങ്ങളെടുക്കുമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസ് ആക്ടിംഗ് ഡയറക്ടര്‍ ലിയോണ്‍ സ്മിത്ത് പറഞ്ഞു.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ വീട്ടില്‍നിന്ന് ആറംഗ കുടുംബത്തെ എമര്‍ജന്‍സി സര്‍വീസ് രക്ഷപ്പെടുത്തി. വാഹനത്തില്‍ കുടുങ്ങിയ പുരുഷനെയും സ്ത്രീയെയും രക്ഷാപ്രവര്‍ത്തകര്‍ ഹെലികോപ്ടറിെലത്തിയാണ് രക്ഷിച്ചത്. ഇതുകൂടാതെ വെള്ളപ്പൊക്കത്തിലൂടെ വാഹനമോടിക്കാന്‍ ശ്രമിച്ച നിരവധി ആളുകളെ സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസ് രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.