അഗ്‌നിച്ചിറകുകള്‍ വിടരുന്ന ആകാശങ്ങള്‍

അഗ്‌നിച്ചിറകുകള്‍ വിടരുന്ന ആകാശങ്ങള്‍

ഇന്ത്യന്‍ യുവതയുടെ ചേതനകളില്‍ മഹാസ്വപ്നങ്ങളുടെ വിത്തുപാകി, ഭാവിയുടെ ആകാശങ്ങളില്‍ ആര്‍ത്തുപറക്കാന്‍ യുവമനസുകളില്‍ അഗ്‌നിച്ചിറകുകള്‍ തുന്നിച്ചേര്‍ത്ത, ആധുനിക ഇന്ത്യയുടെ മിസൈല്‍ മനുഷ്യന്‍ ഡോ.അവുള്‍ പകീര്‍ ജയ്നുലാബ്ദീന്‍ അബ്ദുള്‍ കലാം. അദ്ദേഹത്തിന്റെ ജന്മദിനമാണ് ഒക്ടോബര്‍ 15.

1931 ഒക്ടോബര്‍ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ദരിദ്രരായ മാതാപിതാക്കളുടെ മകനായി ജനിച്ച്, ഒരു മഹാനദീപ്രവാഹം പോലെ സദാ ഉള്ളുണര്‍ന്നൊഴുകിയ അതിജീവനത്തിന്റെ ആത്മവീര്യവുമായി, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറിങില്‍ വൈദഗ്ധ്യം നേടി ലോക പ്രശസ്ത ശാസ്ത്രജ്ഞനായി വളര്‍ന്ന മഹാനാണ് ഡോ.എ.പി.ജെ. 1981 ല്‍ പത്മഭൂഷണും 1990 ല്‍ പത്മവിഭൂഷണും 1997 ല്‍ ഒരു ഇന്ത്യന്‍ പൗരനു ലഭിക്കുന്ന ഏറ്റവും വലിയ സിവിലിയന്‍ അവാര്‍ഡായ ഭാരത് രത്‌നയും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 2002 ജൂലൈ 25ന് സ്വതന്ത്രഭാരതത്തിന്റെ 11-ാം രാഷ്ദ്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വിശ്വപ്രമുഖരുടെ ഇടയില്‍ ഇടംനേടി.

2007 ല്‍ പ്രസിഡന്റ് പദമൊഴിഞ്ഞ അദ്ദേഹം താന്‍ ഏറ്റവും വിലമതിച്ച അധ്യാപന സപര്യയുമായി, ഏറ്റവും സ്നേഹിച്ച ഇന്ത്യന്‍ യുവതയെ തേടി നടത്തിയ എട്ടുവര്‍ഷത്തെ നിരന്തര യാത്രയില്‍ 2.15 കോടി വിദ്യാര്‍ഥികളുമായാണ്, പ്രചോദനാത്മക സംവാദങ്ങളും പ്രതീക്ഷാത്മക സംഭാഷണങ്ങളും നടത്തിയത്. 2015 ജൂലൈ 15 ന് അദ്ദേഹം അന്തരിക്കുമ്പോള്‍, മരിക്കരുതേ എന്ന് ഒരു രാജ്യം കൊതിക്കുന്ന മഹാപ്രതിഭയായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു.

ഓരോ ഇന്ത്യന്‍ യുവത്വവും സ്വയം അഗ്‌നിച്ചിറകുകള്‍ വിരിച്ച് ജലിക്കുന്ന മനസോടെ ഉന്നത സ്വപ്നങ്ങളുടെ വിശാലാകാശത്തില്‍ പറക്കേണ്ടതെങ്ങനെ എന്നാണു ഡോ. എ.പി.ജെ അബ്ദുള്‍ കലാം പഠിപ്പിച്ചത്. സ്വയം അസാധ്യതകളുടെ കാരണം കണ്ടെത്തി, അപകര്‍ഷതാബോധശത്തിന്റെ കുഴിയിലിഴയേണ്ടവരല്ല ഇന്ത്യന്‍ യുവത്വം. പകരം, ഓരോ വ്യക്തിയും അപാരമായ മഹത്വത്തിന്റെയും ആശയങ്ങളുടെയും നന്മകളുടെയും ആത്മവിശ്വാസത്തിന്റെയും ഖനികളായാണു ജനിച്ചിട്ടുള്ളതെന്നും, അതിജീവനത്തിന്റെ ആകാശത്തില്‍ അപാര വീര്യത്തോടെ അഗ്‌നിച്ചിറകുകള്‍ വിടര്‍ത്തി പറക്കേണ്ടവരാണെന്നും അദ്ദേഹം പഠിപ്പിച്ചു. അതിനായി ഒരു വിദ്യാര്‍ഥി മൂന്നു ഗുണങ്ങള്‍ - ക്രിയാത്മകതയും നീതിബോധവും ധീരതയും - സ്വന്തമാക്കി വളരണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ''നിനക്ക് ഒരു സ്വപ്നമുണ്ടെങ്കില്‍, ആ സ്വപ്നത്തെ നിന്നിലേക്കാകര്‍ഷിക്കാനുള്ള ശേഷി നിന്റെയുള്ളിലുണ്ട്'' എന്ന വിഖ്യാത സൂക്തം 'ജ്വലിക്കുന്ന മനസുകള്‍' എന്ന ഗ്രന്ഥത്തിലൂടെ വളരുന്ന തലമുറയോടോതിയ ഗുരുശ്രേഷ്ഠനാണ് എ.പി.ജെ.

പ്രിയ കലാംജി, ഇന്ത്യ അങ്ങേയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍ നേരുമ്പോള്‍ അങ്ങ് തുടങ്ങിയിടത്തല്ല, ഇന്നത്തെ ഭാരതയുവത. അങ്ങു ജ്വലിപ്പിച്ച അഗ്‌നി കെടാതെ കാക്കുന്ന ഏറെപ്പേര്‍ ഇവിടെ വളരുന്നുണ്ട്. എങ്കിലും, ഇന്നത്തെ ഇന്ത്യയുടെ അധികാര നേതൃത്വം ഇന്ത്യന്‍ യുവതയെ ഉജ്ജലിപ്പിക്കുകയാണോ ഉപയോഗിക്കുകയാണോ എന്ന സന്ദേഹമാണ് എവിടെയും ഉയരുന്നത്.

രാഷ്രീയ മുതലാളിത്തത്തിന്റെ ശക്തിപ്രകടനത്തിനുള്ള ആള്‍ക്കൂട്ട നാടകങ്ങളില്‍ വെറും കൊടി കെട്ടുതൊഴിലാളികളായും, അണ്ഡകടാഹം പൊട്ടുന്ന വ്യര്‍ഥ മുദ്രാവാക്യങ്ങള്‍ ഏറ്റുവിളിക്കുന്ന വെറും കണ്ഠ നാളങ്ങളായും രൂപ മാറ്റം വരുന്നുണ്ട്, അങ്ങ് സ്നേഹിച്ച ഇന്നത്തെ ഭാരത യുവത്വത്തിന്.

ജാതിതിരിവുകളുടെ തെരുവുകളില്‍ മനുഷ്യത്വമഹിമയെ മൃഗീയതയുടെ കുളമ്പുകളില്‍ കെട്ടിയിടുന്ന ചരടുകളായും, ആത്മീയതയെ അധികാരരാഷ്രീയ വിജയത്തിന്റെ തുറുപ്പു ചീട്ടാക്കാന്‍ വേണ്ടി കൃത്രിമമായി വളര്‍ത്തുന്ന മതവൈരത്തിന്റെ അടുപ്പുകളില്‍ എരിയുന്ന വെറും വിറകുകൊള്ളിയായും മാറുന്ന ഒരു യുവത നാളത്തെ ഇന്ത്യക്കായി നിര്‍മിക്കുന്നതു കലാപങ്ങളുടെ കാലുഷ്യവും വിലാപങ്ങളുടെ വിഹ്വലതകളുമല്ലേ എന്ന ഉത്കണ്ഠ, അങ്ങയുടെ പിറന്നാളോര്‍മയില്‍, ഈ നാടിന്റെ നെടുവിര്‍പ്പായി ഉയരുന്നുണ്ട്.

എങ്കിലും ഞങ്ങള്‍ വലിയ സ്വപ്നങ്ങള്‍, പുത്തന്‍ പ്രതീക്ഷയുടെ സ്വപ്നങ്ങള്‍, സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്ത അഖണ്‍ഡ പൗരബോധം ഉണരുന്ന മഹാസ്വപ്നങ്ങള്‍, കണ്ടുകൊള്ളാം. കുഞ്ഞു സ്വപ്നങ്ങള്‍ കാണുന്നത് കുറ്റമാണ് എന്നു ഞങ്ങളെ പഠിപ്പിച്ച അങ്ങേയ്ക്ക്, ആ മഹാഗുരുത്വത്തി ന്, ഇന്ത്യയിലെ കോടിക്കണക്കിനു വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഹൃദയ വന്ദനം!

ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും.

ഫാ. റോയി കണ്ണൻചിറയുടെ കൂടുതൽ കൃതികൾ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.