തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി.  ഈ മാസം 20 ന് വിധി പറയും. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. 
എംഎല്‍എ പരാതിക്കാരിയായ യുവതിയെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎല്‍എ ഒളിവില്‍ പോയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ കുന്നപ്പിള്ളിയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.
എംഎല്‍എക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു. വാദത്തിന് ബലം നല്‍കാന്‍ പരാതിക്കാരിയുടെ മൊഴിയും നിലവില്‍ ശേഖരിച്ച തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. ബലാത്സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് അവര്‍. 
ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരി. എംഎല്‍എ കോവളത്ത് വച്ച് ആക്രമിച്ചു എന്നു പറയുന്ന 14 ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിരുവെങ്കിലും ഈ സമയത്ത് ഒരു പരാതിയും ഉന്നയിച്ചില്ല. കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗം ചെയ്തുവെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും കുന്നപ്പിള്ളിയുടെ അഭിഭാഷകന്‍ വാദിച്ചു. 
കോവളത്ത് വച്ച് എംഎല്‍എ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ വാദം. കോവളം സൂയിസൈഡ് പോയിന്റിലെത്തിച്ച് തന്റെ പിന്നാലെ എംഎല്‍എ വന്നു. അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് തോന്നിയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം 14 നായിരുന്നു ഈ സംഭവമെന്നും പരാതിക്കാരി പറഞ്ഞു. 
ഓടി രക്ഷപ്പെട്ടു ഒരു വീടിന് പിന്നില്‍ ഒളിച്ചപ്പോള്‍, എംഎല്‍എയും സുഹൃത്തും അനുനയിപ്പിച്ച് റോഡില്‍ എത്തിച്ചു. തുടര്‍ന്ന് എംഎല്‍എ മര്‍ദ്ദിച്ചപ്പോള്‍ താന്‍ ബഹളമുണ്ടാക്കുകയും നാട്ടുകാര്‍ ഓടിക്കൂടുകയും പൊലീസ് എത്തുകയും ചെയ്തു. അവരുടെ മുന്നില്‍ ഭാര്യയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.