സഭയിലെ രോഗത്തിന് കാരണവും പ്രതിവിധിയും പഠിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

സഭയിലെ രോഗത്തിന് കാരണവും പ്രതിവിധിയും പഠിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ

ഈ ഞായറാഴ്ചയിലെ ത്രികാലപ്രാർത്ഥനാ മധ്യേ വിശുദ്ധ ബൈബിളിലെ മുന്തിരിതോട്ടത്തിലെ ജോലിക്കാരുടെ ഉപമ വ്യാഖ്യാനിച്ചു നൽകുന്നതിനിടയിലാണ് തിന്മയുടെ ഫലമായി സഭ രോഗിണി ആകുന്നതിനെയും അതിൽനിന്ന് രക്ഷനേടാനുള്ള പ്രതിവിധിയും ഫ്രാൻസിസ് മാർപാപ്പ പങ്കുവെച്ചത്. പാപ്പായുടെ സന്ദേശത്തിന്റെ സംഗ്രഹം:

മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഉപമയിൽ 'ക്ഷണിക്കുക', 'പ്രതിഫലം നൽകുക' എന്നീ രണ്ട് മനോഭാവങ്ങൾ സ്വന്തമായുള്ള ഉടമസ്ഥനെ അവതരിപ്പിച്ചുകൊണ്ട് ദൈവം തന്റെ വിസ്മയാവഹമായ പ്രവൃത്തിയുടെ മഹത്വം വർണ്ണിക്കുന്നു. 

ഒന്നാമതായി ദൈവം നൽകുന്ന ക്ഷണമാണ്. അഞ്ചു തവണയാണ് മുന്തിരിത്തോട്ടത്തിലെ ഉടമസ്ഥൻ പുറത്തേക്കിറങ്ങി ജോലിക്കാരെ വിളിക്കുന്നത്. ഇത്രയേറെ തവണ പുറത്തേക്കിറങ്ങി ജോലിക്കാരെ താൽപര്യത്തോടെ ക്ഷണിക്കുന്ന ഉടമസ്ഥൻ എല്ലാവരെയും എപ്പോഴും ഏതുസമയത്തും തന്റെ അരികിലേക്ക് ക്ഷണിക്കുന്ന ദൈവത്തിന്റെ ഔദാര്യമുള്ള മനോഭാവത്തെയാണ് വർണ്ണിക്കുന്നത്. ഇതേ പ്രവർത്തി ദൈവം ഇന്നും തുടരുന്നു. തന്റെ രാജ്യത്തിൽ ജോലിചെയ്യാൻ നമ്മെ ദൈവം ഇടമുറിയാതെ ക്ഷണിച്ചുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ ഈ പ്രകൃതി അനുകരണീയമാണ്. അവിടുന്ന് തന്റെ രാജ്യത്തിൽമാത്രം ഒതുങ്ങി ഇരിക്കാതെ ആരും നഷ്ടപ്പെടരുത് എന്ന ആഗ്രഹത്തിൽ എപ്പോഴും പുറത്തേക്കിറങ്ങി തന്റെ അന്വേഷണം തുടരുന്നു. ഇപ്രകാരം നാമും നമ്മുടെ അതിർവരമ്പുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ മിശിഹാ പ്രദാനം ചെയ്യുന്ന രക്ഷയുടെ സദ്‌വാർത്ത പ്രഘോഷിച്ചു കൊണ്ട് എല്ലാവരിലേക്കും ഇറങ്ങി ചെല്ലണം. ജീവിതത്തിന്റെ അതിർവരമ്പുകളിലേക്ക് ഇറങ്ങി ചെന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരെയും മിശിഹായെ അനുഭവിക്കാത്തവരെയും അവനിൽ നിന്ന് അകന്നുപോയവരെയും ദൈവത്തിലേക്ക് അടുപ്പിക്കാൻ നമുക്ക് സാധിക്കണം. സഭയും ചെയ്യേണ്ടത് ഇതുതന്നെയാണ്. ഇപ്രകാരം ചെയ്യാതെയിരിക്കുമ്പോഴാണ് പലവിധ തിൻമകളാൽ സഭ രോഗിണി ആകുന്നത്. പുറത്തേക്കിറങ്ങുമ്പോൾ അപകടങ്ങൾ സംഭവിക്കാം എന്നത് ഒരു സാധ്യത ആണെങ്കിലും പുറത്തേക്കിറങ്ങിച്ചെല്ലാതെ രോഗിണിയായിത്തീരുന്നതിലും നല്ലത് വചനം പ്രഘോഷിച്ച് ഇപ്രകാരമുള്ള അപകടങ്ങളും ബുദ്ധിമുട്ടുകളും ഏറ്റെടുക്കുന്നതാണെന്ന് പരിശുദ്ധ പിതാവ് ഓർമിപ്പിക്കുന്നു. 

 മുന്തിരിത്തോട്ടത്തിലെ ഈ ഉപമയിൽ കാണുന്ന ദൈവംതന്നെയായ ഉടമസ്ഥന്റെ രണ്ടാമത്തെ മനോഭാവം തന്റെ ജോലിക്കാർക്ക് പ്രതിഫലം നൽകുക എന്നതാണ്. ആദ്യം ക്ഷണിച്ചവർക്ക് ഓരോ ദനാറയാണ് ഉടമസ്ഥൻ വാഗ്ദാനം ചെയ്യുന്നത്. പിന്നീട് ക്ഷണിച്ചവരോട് ന്യായമായ വേതനം തരാം എന്നും അദ്ദേഹം പറയുന്നു. ദിവസത്തിന്റെ അവസാനം എല്ലാ ജോലിക്കാർക്കും തുല്യമായ രീതിയിൽ ഓരോ ദനാറ ഉടമസ്ഥൻ നൽകുന്നു. ആദ്യം വന്നവർ പിറുപിറുത്തു എങ്കിലും എല്ലാവർക്കും പരമാവധി വേദനം നൽകുന്നതിനാണ് ഉടമസ്ഥന് താല്പര്യം. "Maximum pay to everyone". ദൈവം എപ്പോഴും എല്ലാവർക്കും പരമാവധി പ്രതിഫലം നല്കുന്നവനാണ്. ചുരുക്കത്തിൽ, മുന്തിരിത്തോട്ടത്തിലെ ജോലിക്കാരുടെ ഈ ഉപമ വെറും ജോലിയെയും വേതന ത്തെയും പറ്റിയുള്ളതല്ല. മറിച്ച്, ഇത് ദൈവരാജ്യത്തെപ്പറ്റിയും എപ്പോഴും എല്ലാവരെയും ക്ഷണിച്ചുകൊണ്ടിരിക്കുന്ന, എല്ലാവർക്കും പരമാവധി പ്രതിഫലം നൽകുന്ന, സ്വർഗീയ പിതാവിന്റെ നന്മയുടെ വർണ്ണനയാണ്. ദൈവം എപ്പോഴും നോക്കുന്നത് സമയത്തിലേക്കോ നമ്മൾ ചെയ്ത ജോലിയുടെ പരിണിതഫലത്തിലേക്കോ അല്ല. പിന്നെയോ അവിടുത്തെ ക്ഷണത്തോടുള്ള നമ്മുടെ തുറവിയിലേക്കും ലഭ്യതയിലേക്കും ഉദാരതയിലേക്കുമാണ്. ദൈവത്തിന്റെ പ്രവർത്തികൾ നീതിയെ അതിലംഘിക്കുന്നതും കൃപയിൽ വെളിപ്പെടുന്നതുമാണ്. നമ്മുടെ രക്ഷയും നമ്മുടെ വിശുദ്ധിയും ഈ കൃപയിൽ ആണ്. നമ്മുടെ യോഗ്യതയല്ല മറിച്ച് ദൈവത്തിന്റെ കൃപയാണ് എല്ലാറ്റിനും അടിസ്ഥാനം. മാനുഷിക യുക്തിയിൽ, അതായത്, മനുഷ്യന്റെ യോഗ്യതയുടെ യുക്തിയിൽ ചിന്തിച്ച് നാം ഒന്നാം സ്ഥാനം കൊടുക്കുന്നവൻ അതുകൊണ്ടാണ് അവസാനത്തവൻ ആകുന്നത്. സഭയിൽ ആദ്യമായി നാമകരണം ചെയ്യപ്പെട്ട വിശുദ്ധൻ ആരെന്ന് ചിന്തിക്കുന്നത് നല്ലതാണ്. അത് നല്ലകള്ളനാണ്. അയാൾ അയാളുടെ ജീവിതത്തിലെ അവസാന നിമിഷത്തിലാണ് പറുദീസ മോഷ്ടിച്ചു സ്വന്തമാക്കിയത്. മനുഷ്യന്റെ യോഗ്യതകൊണ്ട് അളക്കുന്നവൻ പരാജയപ്പെടുന്നു. എന്നാൽ ദൈവത്തിന്റെ കരുണയിൽ എളിമയോടെ സ്വയം സമർപ്പിക്കുന്നവൻ പ്രഥമസ്ഥാനീയനാകുന്നു എന്ന് മറക്കാതിരിക്കാം.

- Bro. Sebastian Thengumpallil


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.