രൂപ മാറ്റം: എല്ലാ വാഹനങ്ങള്‍ക്കും 10,000 രൂപ പിഴ

രൂപ മാറ്റം: എല്ലാ വാഹനങ്ങള്‍ക്കും 10,000 രൂപ പിഴ

തിരുവനന്തപുരം: വാഹനങ്ങളിലെ രൂപമാറ്റത്തിനുള്ള പിഴ 5000ല്‍ നിന്ന് 10,000 ആക്കിയത് ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രമല്ല എല്ലാ വാഹനങ്ങള്‍ക്കും ബാധകമാണെന്ന് മോട്ടോര്‍ വാഹനവകുപ്പ്. വാഹനങ്ങളില്‍ വരുത്തുന്ന ഓരോ മാറ്റവും വ്യത്യസ്ഥ കേസുകളായി പരിഗണിച്ച് 10,000 രൂപ വീതം പിഴ ഈടാക്കും.

വടക്കഞ്ചേരിയില്‍ അതിവേഗത്തില്‍ പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ഒമ്പതുപേര്‍ മരിച്ചതിനെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ തടയാനാണ് പിഴ ഉയര്‍ത്തിയത്. 2019ലെ കേന്ദ്ര മോട്ടോര്‍ വാഹനനിയമ ഭേദഗതിയിലാണ് രൂപമാറ്റത്തിനുള്ള പിഴ 10,000 രൂപയായി ഉയര്‍ത്തിയത്. 

എന്നാല്‍ പിഴ കൂടുതലാണെന്ന അഭിപ്രായമുയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ തുക പകുതിയാക്കിയിരുന്നു. രൂപമാറ്റത്തിന് 5000 രൂപയേ ഈടാക്കിയിരുന്നുള്ളൂ. നിയമലംഘനങ്ങളും രൂപമാറ്റവും നിയന്ത്രണാതീതമായതോടെ കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 10,000 രൂപ പിഴ ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ഇതുസംബന്ധിച്ച ചട്ടഭേദഗതി അന്തിമഘട്ടത്തിലാണ്.

കടുത്തപിഴ ഈ മാറ്റങ്ങള്‍ക്ക്: അതിതീവ്ര പ്രകാശമുള്ള ഹെഡ് ലൈറ്റുകളുടെ ഉപയോഗം, വേഗംകൂട്ടാനുള്ള കൃത്രിമ സംവിധാനങ്ങള്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ ടയറുകളും ഡിസ്‌കുകളും ഉപയോഗിക്കുക, ശബ്ദംകൂട്ടാന്‍ സൈലന്‍സറുകളില്‍ മാറ്റംവരുത്തുക, സസ്‌പെന്‍ഷനില്‍ മാറ്റംവരുത്തുക, വാഹനത്തിന്റെ ഘടന മാറ്റുക തുടങ്ങിയ കുറ്റങ്ങള്‍ക്കായിരിക്കും പരമാവധി പിഴചുമത്തുക.

ടൂറിസ്റ്റ് ബസുകളിലെ ക്രമക്കേടുകള്‍ തടയാന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ ഫോക്കസ് പരിശോധന ഞായറാഴ്ച സമാപിച്ചെങ്കിലും പരിശോധന തുടരും. രൂപമാറ്റം വരുത്തിയ കാറുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയ്‌ക്കെതിരേ തുടര്‍ന്നും നടപടിയുണ്ടാകും. ഇരുചക്രവാഹനങ്ങളില്‍ ഹാന്‍ഡില്‍, ടയര്‍, സൈലന്‍സര്‍ എന്നിവയില്‍ മാറ്റംവരുത്തുന്നതും പിഴയ്ക്ക് കാരണമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.