റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റ്; ജെയ് ഷാ സെക്രട്ടറിയായി തുടരും

 റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റ്; ജെയ് ഷാ സെക്രട്ടറിയായി തുടരും

മുംബൈ: ബിസിസിഐ പ്രസിഡന്റായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ സെക്രട്ടറിയായി തുടരും.

അറുപത്തേഴുകാരനായ ബിന്നി ബിസിസിഐയുടെ മുപ്പത്താറാമത് പ്രസിഡന്റാണ്. 1983 ലെ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ നേടിയ കപിലിന്റെ ടീമില്‍ അംഗമായിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് റോജര്‍ ബിന്നി.

വാര്‍ഷിക ജനറല്‍ ബോഡി യോഗം ഏകകണ്ഠമായാണ് റോജര്‍ ബിന്നിയെ തെരഞ്ഞെടുത്തത്. നിലവില്‍ കര്‍ണാടക സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റാണ്. സന്ദീപ് പാട്ടീലിന് കീഴിലുള്ള സീനിയര്‍ ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

സൗരവ് ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവിയില്‍ രണ്ടാം ടേം നല്‍കാതിരുന്നത് രാഷ്ട്രീയ വിവാദമായി മാറിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിന് അനഭിമതനായതാണ് ഗാംഗുലിക്ക് തിരിച്ചടിയായത്. ഗാംഗുലിയെ തഴഞ്ഞതിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

ട്രഷറര്‍ ആയി ആശിഷ് ഷേലാര്‍, വൈസ് പ്രസിഡന്റായി രാജീവ് ശുക്ല, ജോയിന്റ് സെക്രട്ടറിയായി ദേവജിത് സൈക്കിയ എന്നിവരെയും തെരഞ്ഞെടുത്തു. ഭാരവാഹി തെരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നെന്നും ഐസിസി ചെയര്‍മാന്‍ഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.