തിരുവനന്തപുരം: യൂറോപ്പ് യാത്ര ലക്ഷ്യമിട്ടതിനെക്കാള്‍ ഗുണം കേരളത്തിനുണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. പുതിയ പലകാര്യങ്ങളും പഠിക്കാനും വിദേശത്ത് നിന്നും സംസ്ഥാനത്തേക്ക് വലിയ നിക്ഷേപങ്ങള്‍ ഉറപ്പാക്കാനുമായി.
സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ നിന്നും മറ്റുമായി കൂടുതല്‍ പേര്‍ക്ക് യൂറോപ്പില്‍ തൊഴിലവസരം ഒരുക്കാനും പ്രവാസി ക്ഷേമത്തിനും യൂറോപ്യന്‍ യാത്രയിലൂടെ സാധിച്ചു. ഇക്കാര്യങ്ങളില്‍ പ്രതീക്ഷിച്ചതിലും കവിഞ്ഞ നേട്ടമുണ്ടാക്കാനായതായി മുഖ്യമന്ത്രി പറഞ്ഞു.
നോര്‍വെ, യു.കെ, ഫിന്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. ലോക കേരളസഭയുടെ യൂറോപ്യന്‍-യുകെ മേഖലാ സമ്മേളനത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് പങ്കെടുത്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായി. ആരോഗ്യ മേഖലയില്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക് സാധ്യമാക്കാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനുണ്ട്. 3,000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികള്‍ക്ക് അവസരമൊരുക്കും. കേരളത്തെ വിദ്യാഭ്യാസ ഹബ്ബായി മാറ്റുന്നതിനും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പ്രവാസി സമൂഹത്തിന്റെ സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് യു.കെയില്‍ 42,000 നഴ്സുമാരുടെ ഒഴിവ് വരും.
നഴ്സിംഗ് പ്രൊഫഷണലുകള്‍ കൂടാതെ മറ്റ് മേഖലയിലെ പ്രൊഫഷണലുകള്‍ക്കും യു.കെയില്‍ കുടിയേറ്റം സാധ്യമാക്കും. വിസാ തട്ടിപ്പ്, മനുഷ്യത്തട്ടിപ്പ് ഇവ തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്താരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയിലെ ഗിഫ്റ്റ് സിറ്റിയില്‍ വെയില്‍സിലെ നിക്ഷേപക വാഗ്ദാനം ലഭിച്ചു. പ്രകൃതി ദുരന്തം തടയാനും മത്സ്യബന്ധന മേഖലയ്ക്കും നോര്‍വെ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.