ജനനായകന് ജന്മദിനാശംസകള്‍... വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍

ജനനായകന് ജന്മദിനാശംസകള്‍... വി.എസ് അച്യുതാനന്ദന് ഇന്ന് നൂറാം പിറന്നാള്‍

കൊച്ചി: ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഊടും പാവും നെയ്യുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച രാജ്യത്തെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റിന് ഇന്ന് നൂറാം പിറന്നാള്‍. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി.എസ് അച്യുതാനന്ദന്റെ ജീവിതം ഒരു നൂറ്റാണ്ടിലേക്ക് അടയാളപ്പെടുത്തുമ്പോള്‍ സംഭവ ബഹുലമാണ് കടന്നു പോയ സംവത്സരങ്ങള്‍.

കേരളത്തിലെ നിരവധി കര്‍ഷക തൊഴിലാളി സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ആലപ്പുഴ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ല്‍ ഒക്ടോബര്‍ 20 നാണ് അച്യുതാനന്ദന്റെ ജനനം. നാല് വയസുളളപ്പോള്‍ അമ്മ മരിച്ചു. തുടര്‍ന്ന് അച്ഛന്റെ സഹോദരിയാണ് വി.എസിനെ വളര്‍ത്തിയത്. പതിനൊന്നാം വയസില്‍ അച്ഛനും നഷ്ടപ്പെട്ടതോടെ ഏഴാം ക്ലാസില്‍ പഠനം നിര്‍ത്തി ജോലിക്കിറങ്ങി.

ജ്യേഷ്ഠന്റെ സഹായിയായി തുണിക്കടയില്‍ കുറേക്കാലം ജോലി ചെയ്തു. പിന്നീട് കയര്‍ ഫാക്ടറിയിലേക്ക്. ഇവിടെ നിന്നാണ് വി.എസിലെ രാഷ്ട്രീയ പോരാളി ജനിക്കുന്നത്. നിവര്‍ത്തന പ്രക്ഷോഭം കൊടുംപിരിക്കൊണ്ടിരുന്ന കാലത്ത് 1938 ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. രണ്ട് വര്‍ഷത്തിന് ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത വി.എസ് പൂര്‍ണമായും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ വ്യാപൃതനായി.

ചരിത്ര താളുകളില്‍ ഇടംപിടിച്ച 1946 ലെ പുന്നപ്ര-വയലാര്‍ സമര നായകന്മാരില്‍ പ്രമുഖനായിരുന്നു വിഎസ്. പുന്നപ്ര വെടിവയ്പിന് ശേഷം പൂഞ്ഞാറില്‍ ഒളിവില്‍ കഴിയവേ പൊലീസ് പിടിയിലായി. ക്രൂരമായ മര്‍ദ്ദനമാണ് ജയിലില്‍ വി.എസിന് നേനിടേണ്ടി വന്നത്. ജയിലഴിക്കുളളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് തല്ലി ചതച്ചു.

ബോധമറ്റു വീണ വി.എസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ഓര്‍മ്മപ്പാടുകളായുണ്ട്. തുടര്‍ന്ന് പനി പിടിച്ച് പൂര്‍ണമായും ബോധം നശിച്ച വി.എസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു. അന്ന് തന്റെ ജീവന്‍ രക്ഷിച്ചത് പൊലീസ് പിടിയിലായ ഒരു കളളനാണെന്ന് പല തവണ അദ്ദേഹം ഓര്‍മ്മിച്ചിട്ടുണ്ട്.

പിന്നീട് നടന്ന സമര പോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അജയ്യനായി വളര്‍ന്ന വി.എസ് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി, എല്‍ഡിഎഫ് കണ്‍വീനര്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചു. 1996 ല്‍ എല്‍ഡിഎഫ് കണ്‍വീനറായതിനു ശേഷമാണ് അദ്ദേഹം ഏറെ ജനകീയനായി മാറിയത്.

ഇ.കെ.നായനാര്‍ക്ക് ശേഷം ഏറ്റവും ജനകീയനായ കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ്. അഴിമതിയോടുള്ള സന്ധിയില്ലാ സമരവും എടുക്കുന്ന നിലപാടുകളില്‍ അടിയുറച്ചു നില്‍ക്കുന്ന കാര്‍ക്കശ്യവും സത്യസന്ധതയുമാണ് വി.എസ് അച്യുതാനന്ദന്‍ എന്ന കറകളഞ്ഞ കമ്മൂണിസ്റ്റിനെ ഏവര്‍ക്കും പ്രീയങ്കരനാക്കി മാറ്റിയത്. അധികാരമില്ലാത്തപ്പോഴും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ വി.എസിന്റെ നിലപാടിനായി കേരളം കാതോര്‍ക്കുന്നതും അദ്ദേഹത്തിന്റെ ജനകീയതയുടെ തെളിവാണ്.

മകന്‍ ഡോ. വി.എ അരുണ്‍കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പരിപൂര്‍ണ വിശ്രമത്തിലാണ് വിപ്ലവ നായകന്‍ ഇപ്പോള്‍. നൂറാം ജന്മദിനത്തിലും വലിയ ആഘോഷങ്ങളില്ല. ഉച്ചയ്ക്ക് ചെറിയ സദ്യയും പായസവും മാത്രം. എന്നാല്‍ ജന്മനാടായ പുന്നപ്രയില്‍ ഗംഭീര ആഘോഷങ്ങളാണ് നാട്ടുകാര്‍ ഒരുക്കിയിട്ടുള്ളത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.