പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍

പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ ഗവര്‍ണര്‍ക്കെതിരെ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: കേരള സർവകലാശാലയുടെ 15 സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ നടപടി കൂടുതൽ നിയമ യുദ്ധത്തിലേക്ക്. രാജ്ഭവൻ ഇന്നലെ ഗസറ്റ് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ പിൻവലിക്കപ്പെട്ട 15 പേരും ഗവർണർക്കെതിരെ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. അതേസമയം, വിശദീകരണം ചോദിക്കാതെയുള്ള ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അംഗങ്ങളെ പിൻവലിക്കണമെന്ന ഉത്തരവ് വിസി തള്ളിയിരുന്നു.

സെനറ്റ് അംഗങ്ങളെ പിൻവലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവർണർ കേരള വിസിക്ക് അന്ത്യശാസനം നൽകിയിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവൻ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവൻ, ഇക്കാര്യം വൈസ് ചാൻസലറെ അറിയിച്ചു.

ചാൻസലറെന്ന അധികാരം പ്രയോഗിച്ചാണ് താൻ നോമിനേറ്റ് ചെയ്ത അംഗങ്ങളെ അസാധാരണ നടപടിയിലൂടെ ഗവർണർ നേരത്തെ പിൻവലിച്ചത്. വിസി നിർണയ സമിതിയിലേക്കുള്ള കേരള സർവകലാശാല പ്രതിനിധിയെ നിർദ്ദേശിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ നിന്നും വിട്ടു നിന്ന അംഗങ്ങളെയാണ് ചാൻസലർ അയോഗ്യരാക്കിയത്. നാല് വകുപ്പ് മേധാവിമാരെയും രണ്ട് സിന്റിക്കേറ്റ് അംഗങ്ങളെയും ഉൾപ്പെടെയാണ് പിൻവലിച്ചത്. പിന്നീട് ഇക്കാര്യത്തിൽ ഉത്തരവിറക്കാൻ കേരള സർവകലാശാല വിസിയോട് ഗവർണ‍ർ നിർദേശിച്ചിരുന്നു. 

എന്നാൽ നിയമപരമായ നടപടിയല്ല ഉണ്ടായതെന്ന് വ്യക്തമാക്കി വിസി ഈ നിർദേശം തള്ളി. പിന്നാലെ ഗവർണർ അന്ത്യശാസനം നൽകിയെങ്കിലും സെനറ്റ് അംഗങ്ങളെ പിൻവലിച്ച ഗവർണറുടെ നടപടി ചട്ട വിരുദ്ധമാണെന്നും അംഗങ്ങളെ പിൻവലിക്കാൻ കഴിയില്ലെന്നും വൈസ് ചാൻസലർ മറുപടി നൽകുകയായിരുന്നു. 

ഗവർണറുടെ നടപടിക്കെതിരെ നേരത്തെ മന്ത്രിമാർ രംഗത്തെത്തിയിരുന്നു. ഇനി വിമർശിച്ചാൽ മന്ത്രിമാരെ പിൻവലിക്കുമെന്ന ഭീഷണിയായിരുന്നു ഗവർണറുടെ മറുപടി. 

ഇല്ലാത്ത അധികാരം ഉണ്ടെന്ന് ഭാവിച്ച് ജനമധ്യത്തിൽ അപഹാസ്യനാകരുതെന്ന് വ്യക്തമാക്കി മുഖ്യമന്ത്രിയും രംഗത്തെത്തി. സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.