പ്രാര്‍ത്ഥന ആത്മാവിന് നവവീര്യം പകരുന്ന മരുന്ന്: ഫ്രാന്‍സിസ് പാപ്പ

പ്രാര്‍ത്ഥന ആത്മാവിന് നവവീര്യം പകരുന്ന മരുന്ന്: ഫ്രാന്‍സിസ് പാപ്പ

വത്തിക്കാന്‍ സിറ്റി: ക്ഷീണിതമായ ആത്മാവിന് നവവീര്യം പകരുന്ന മരുന്നാണ് പ്രാര്‍ത്ഥനയെന്ന് ഫ്രാന്‍സിസ് പാപ്പ. ശരീരത്തിന്റെ ആരോഗ്യത്തിന് പതിവായി മരുന്നു കഴിക്കുന്നതു പോലെ പ്രാര്‍ത്ഥനയെന്ന മരുന്നില്‍ സ്ഥിരത പ്രധാനപ്പെട്ടതാണെന്നും പരിശുദ്ധ പിതാവ് ഓര്‍മ്മപ്പെടുത്തി. ഞായറാഴ്ച ത്രികാല പ്രാര്‍ഥനയോടനുബന്ധിച്ച്, വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍, വിവിധ രാജ്യങ്ങളില്‍നിന്ന് വന്നുചേര്‍ന്ന വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

ദിവ്യബലി മദ്ധ്യേ വായിച്ച ലൂക്കായുടെ സുവിശേഷം പതിനെട്ടാം അദ്ധ്യായം എട്ടാം വാക്യമാണ് പാപ്പ വിശദീകരിച്ചത്. 'മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?' യേശു ചോദിച്ച ഈ ചോദ്യം നമുക്കു സ്വയം ചോദിക്കാം.

കര്‍ത്താവ് ഇന്ന് ഭൂമിയിലേക്കു വരുന്നുവെന്ന് സങ്കല്‍പ്പിക്കാം. അവിടുന്ന് അനേകം യുദ്ധങ്ങളും ദാരിദ്ര്യവും അസമത്വവും മാത്രമല്ല, എപ്പോഴും തിരക്കിട്ട് ഓടി നടക്കുന്നവരെയും അവിശ്വസനീയമായ സാങ്കേതിക മുന്നേറ്റങ്ങളും കണ്ടെത്തുമെന്ന് മാര്‍പ്പാപ്പ പറഞ്ഞു. എന്നാല്‍ അതിലും പ്രധാനമായി, ദൈവത്തെ തങ്ങളുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന ആളുകളെ കര്‍ത്താവ് കണ്ടെത്തുമോ എന്ന് പാപ്പ ചോദിച്ചു.

നമ്മുടെ സ്വന്തം ജീവിതത്തിലും ഹൃദയത്തിലും നാം നല്‍കുന്ന മുന്‍ഗണനകള്‍ എന്തിനൊക്കെയാകണമെന്ന്‌ ചിന്തിക്കുന്നത് നല്ലതായിരിക്കുമെന്ന് മാര്‍പാപ്പ പറഞ്ഞു. 

നാം പലപ്പോഴും അടിയന്തര ആവശ്യങ്ങളില്‍ മാത്രം ദൈവത്തിന്റെ പക്കല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഏറ്റവും പ്രധാനമായത് നാം അവഗണിക്കുകയും ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം തണുത്തുപോവുകയും ചെയ്യുന്നു. ഇന്ന്, ശോഷിച്ച വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രതിവിധി യേശു നമുക്ക് വാഗ്ദാനം ചെയ്യുന്നു. പ്രാര്‍ത്ഥനയാണ് ആ പ്രതിവിധി. പ്രാര്‍ത്ഥന വിശ്വാസത്തിനുള്ള മരുന്നാണ്. അത് ആത്മാവിന്റെ പുനഃസ്ഥാപനമാണ്. ശരിയായ സമയത്ത് പതിവായി കഴിക്കുമ്പോള്‍ മരുന്ന് ശരീരത്തെ സുഖപ്പെടുത്തുന്നതു പോലെ സ്ഥിരമായ ദൈനംദിന പ്രാര്‍ത്ഥനക്ക് ആത്മാവിനെ സുഖപ്പെടുത്താന്‍ കഴിയും'' പാപ്പാ പറഞ്ഞു.

നമുക്ക് ദൈവത്തിനായി സമര്‍പ്പിക്കപ്പെട്ട സമയം ആവശ്യമാണ്. അങ്ങനെ അവന് നമ്മുടെ സമയത്തിലേക്ക്, നമ്മുടെ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ കഴിയും. സ്ഥിരമായ ഈ പ്രാര്‍ത്ഥനാ നിമിഷങ്ങളിലാണ് നാം അവനോട് നമ്മുടെ ഹൃദയം തുറക്കുന്നത് എന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.